മഹാരാഷ്ട്രയിലെ ബദ്‌ലാപൂർ സ്കൂൾ ലൈംഗികാതിക്രമ കേസിൽ പ്രതിയായ തുഷാർ ആപ്തെയെ കുൽഗാവ്-ബദ്ലാപൂർ മുനിസിപ്പൽ കൗൺസിലിൽ ‘കോ-ഓപ്റ്റഡ്’ കൗൺസിലറായി നിയമിച്ച് ബിജെപി. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പ് നടപടികൾക്ക് ശേഷം കൗൺസിൽ അധ്യക്ഷ രുചിത ഘോർപഡെയാണ് നിയമനം സ്ഥിരീകരിച്ചത്. അഞ്ച് കോ-ഓപ്റ്റഡ് കൗൺസിലർമാരെ തെരഞ്ഞെടുത്തതിൽ രണ്ട് പേർ ബിജെപിയിൽ നിന്നും രണ്ട് പേർ ശിവസേനയിൽ നിന്നും ഒരാൾ എൻസിപിയിൽ നിന്നുമാണ്.
രണ്ട് പെൺകുട്ടികൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ സ്കൂളിലെ അന്നത്തെ സെക്രട്ടറിയായിരുന്നു തുഷാർ ആപ്തെ. കുറ്റകൃത്യം നടന്നിട്ടും അത് അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. പോക്സോ നിയമത്തിലെ സെക്ഷൻ 21(2) പ്രകാരം സ്കൂൾ മാനേജ്‌മെന്റിനെതിരെയും കേസെടുത്തിരുന്നു. സംഭവത്തിന് 44 ദിവസങ്ങൾക്ക് ശേഷം അറസ്റ്റിലായ ആപ്തെയ്ക്ക് 48 മണിക്കൂറിനുള്ളിൽ ജാമ്യം ലഭിച്ചിരുന്നു. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്.
അതേസമയം, ബിജെപിയുടെ ഈ തീരുമാനത്തെ പാർട്ടി കൗൺസിലർ രാജൻ ഘോർപഡെ ന്യായീകരിച്ചു. ആപ്തെ ഒരു സാമൂഹിക പ്രവർത്തകനാണെന്നും അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നുമാണ് പാർട്ടിയുടെ വാദം. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിനായി അദ്ദേഹം കഠിനാധ്വാനം ചെയ്തതിനാലാണ് ഈ പദവി നൽകിയതെന്നും ബിജെപി വിശദീകരിച്ചു.

