Site iconSite icon Janayugom Online

വനിതാ ഡോക്ടറുടെ കൊലപാതകം; പ്രതിയിലേക്ക് എത്തിച്ചത് ബ്ലൂടൂത്ത് ഹെഡ്സെറ്റ്

പശ്ചിമബംഗാളിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി സഞ്ജയ് റോയിയിലേക്ക് എത്തിച്ചത് ബ്ലൂടൂത്ത് ഹെഡ്സെറ്റ്. കൃത്യം നടത്തിയ സ്ഥലത്ത് നിന്നാണ് പ്രതിയുടെ ഹെഡ്സെറ്റ് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയാണ് പ്രതിയെ തിരിച്ചറിയാൻ പൊലീസിനെ സഹായിച്ചത്.
സംഭവം നടന്ന പുലർച്ചെ നാല് മണിക്കും ആറ് മണിക്കും ഇടയിൽ സഞ്ജയ് റോയ് കുറ്റകൃത്യം നടന്ന സെമിനാർ ഹാളിലേക്ക് വന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി. ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഘടിപ്പിച്ച് അവിടെ എത്തിയ സഞ്ജയ് മടങ്ങിപ്പോകുമ്പോൾ ചെവിയിൽ ഹെഡ്സെറ്റ് ഇല്ലായിരുന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ തെളിഞ്ഞു.

പൊലീസിന്റെ സിവിക് വോളണ്ടിയർ ആയതിനാൽ ആശുപത്രിയിലെ വിവിധ സ്ഥലങ്ങളിൽ പ്രവേശിക്കാനും ഇയാൾക്ക് കഴിയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന് പിന്നാലെ ഇയാളെയും ആ സമയം ആശുപത്രിയിൽ ഉണ്ടായിരുന്നവരെയും അന്വേഷണ സംഘം വിളിച്ച് വരുത്തി. എല്ലാവരുടെയും ഫോണിൽ ബ്ലൂടൂത്ത് ഓൺ ചെയ്തു പരിശോധിച്ചു. സഞ്ജയ് റോയിയുടെ ഫോൺ ക്രൂരകൃത്യം നടന്ന സ്ഥലത്തുനിന്നും ലഭിച്ച ബ്ലൂടൂത്ത് ഹെഡ്സെറ്റുമായി കണക്ടാവുകയായിരുന്നു.

മെഡിക്കൽ കോളജിലെ റെസ്‌പിറേറ്ററി മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ 31കാരിയെ വെള്ളിയാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നൈറ്റ് ഷിഫ്റ്റിനിടെ വിശ്രമിക്കാൻ വേണ്ടി നാലാം നിലയിലെ സെമിനാർ ഹാളിൽ എത്തിയപ്പോഴാണ് ഇവർ ബലത്സംഗത്തിന് ഇരയായി കൊലചെയ്യപ്പെട്ടത്. യുവതിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കണ്ണില്‍ നിന്നും വായില്‍ നിന്നും സ്വകാര്യഭാഗങ്ങളില്‍ നിന്നടക്കം രക്തം ഒഴുകുന്ന നിലയിലായിരുന്നു. ഇടത് കാല്‍, വയര്‍, കഴുത്ത്, വലതുകൈ, മോതിരവിരല്‍, ചുണ്ട് എന്നിവിടങ്ങളിലെല്ലാം മുറിവുകളുണ്ടായിരുന്നു.
സംഭവത്തില്‍ രാജ്യത്ത് വന്‍ പ്രതിഷേധം തുടരുകയാണ്. കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ആവശ്യപ്പെട്ട് ഇന്നലെയും ഡോക്ടര്‍മാര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. ബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Eng­lish Sum­ma­ry: Mur der of female doc­tor; A blue­tooth head­set was deliv­ered to the accused

You may also like this video

Exit mobile version