Site iconSite icon Janayugom Online

പുകച്ചുചാടിക്കാന്‍ പടയിറങ്ങി; കെ മുരളീധരന്റെ കണ്ണ് തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് പരാജയപ്പെട്ട ശശിതരൂരിനെ പാര്‍ട്ടിയില്‍ നിന്ന് പുകച്ചു പുറത്തുചാടിക്കാന്‍ നീക്കം തുടങ്ങി.
കെ മുരളീധരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നീ എംപിമാരുടെ നേതൃത്വത്തിലാണ് പുതിയ പടയണി. നീക്കത്തിന് കെപിസിസിയിലെ മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദവുമുണ്ടെന്നാണ് സൂചന. തരൂര്‍ വിരുദ്ധര്‍ തങ്ങളുടെ അഭിപ്രായം പാര്‍ട്ടിയില്‍ പറയാതെ പരസ്യമായ ആക്രമണത്തിലേക്ക് തന്നെ നീങ്ങിക്കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. ശശി തരൂരിനെതിരായ പടയോട്ടത്തിന്റെ അമരക്കാരനായ കെ മുരളീധരന്‍ ഇന്നലെ നടത്തിയ കടന്നാക്രമണം അച്ചടക്കത്തിന്റെ സര്‍വ സീമകളും ലംഘിക്കുന്നതായിരുന്നെന്ന അഭിപ്രായമാണ് പൊതുവേയുള്ളത്. രാഹുല്‍ഗാന്ധിക്കെതിരെ മത്സരിച്ചിരുന്നെങ്കില്‍ തരൂരിന് നൂറ് വോട്ടുപോലും കിട്ടില്ലായിരുന്നുവെന്നാണ് അദ്ദേഹം പരിഹസിച്ചത്. തെരഞ്ഞെടുപ്പില്‍ നെഹ്രു കുടുംബത്തെപ്പോലും തരൂര്‍ ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ച മുരളി, തരൂരിന്റെ ഭാവിപരിപാടികള്‍ക്കുള്ള വഴിപോലും വരച്ചുകാട്ടുന്നു. അധ്യക്ഷ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിത്വം പ്രവര്‍ത്തക സമിതിയിലേക്കുള്ള നോമിനേഷന്റെ മാനദണ്ഡമാകരുത്. ഖാര്‍ഗെ പൂര്‍ണ ആരോഗ്യവാനായതിനാല്‍ തരൂര്‍ എന്ന വര്‍ക്കിങ് പ്രസിഡന്റിന്റെ താങ്ങ് ആവശ്യവുമില്ല. നോമിനേഷൻ എന്ന വളഞ്ഞ വഴിയിലൂടെ പ്രവര്‍ത്തകസമിതിയിലെത്തുന്നതിനു പകരം മത്സരിച്ചു ജയിച്ചുവരട്ടെ എന്ന ഉപദേശവും മുരളിയുടെ വകയായുണ്ട്.
ആരോപണങ്ങളിലൂടെയും പരിഹാസങ്ങളിലൂടെയും തരൂരിനെ കൊച്ചാക്കിക്കാണിക്കുന്ന എതിര്‍പക്ഷം പുറത്തുചാടിക്കുന്നതിന്റെ മുന്നോടിയായി തരൂര്‍ തന്റെ പക്ഷക്കാരുടെ രഹസ്യ യോഗങ്ങള്‍ വിളിക്കുന്നുവെന്നു പോലും കുറ്റപ്പെടുത്തുന്നു. 

പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലാനുള്ള തന്ത്രമാണിതെന്ന് തരൂര്‍ ക്യാമ്പ് പറയുന്നു. ജയിച്ച ഖാര്‍ഗെയെ ആദ്യമായി വീട്ടിലെത്തി വിജയാശംസകള്‍ നേര്‍ന്നത് തരൂരായിരുന്നെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന് തരൂരിനെ വീട്ടില്‍ വിളിച്ചുവരുത്തി സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സോണിയാ ഗാന്ധിയും പ്രിയങ്കയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. എന്നിട്ടും തരൂരിനെതിരെ ഒരുസംഘം അപവാദം ചൊരിയുന്നത് അദ്ദേഹത്തെ പുകച്ചു പുറത്തുചാടിക്കാനുള്ള ഗൂഢാലോചനയാണെന്നും തരൂര്‍ പക്ഷം തിരിച്ചടിക്കുന്നു. ആന്ധ്രാപ്രദേശിലെ വോട്ടെടുപ്പില്‍ തിരിമറി നടന്നുവെന്ന തരൂരിന്റെ ആക്ഷേപത്തെ അവിടെ നിരീക്ഷകനായിരുന്ന രാജ്മോഹന്‍ ഉണ്ണിത്താന്‍ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. തെരഞ്ഞെടുപ്പിലെ സുതാര്യതയെ ചോദ്യം ചെയ്ത തരൂര്‍, കോണ്‍ഗ്രസിനെയാണ് അപമാനിച്ചിരിക്കുന്നതെന്നും ഉണ്ണിത്താന്‍ കുറ്റപ്പെടുത്തി. തരൂരിന്റെ ആരോപണങ്ങള്‍ മുന്‍കൂര്‍ ജാമ്യമെടുക്കലാണെന്ന് പറഞ്ഞ കൊടിക്കുന്നില്‍ സുരേഷാകട്ടെ തരൂര്‍ നേടിയ ആയിരത്തില്‍പരം വോട്ട് ഇമ്മിണി ബാല്യ വോട്ടല്ലെന്നും കളിയാക്കുന്നു. 

കെ മുരളീധരന്റെ തരൂര്‍ വിരുദ്ധ നിലപാടിനു പിന്നില്‍ ദുഷ്ടലാക്കാണുള്ളതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ തന്നെ പറയുന്നു. തരൂരിനെ പുകച്ചുചാടിച്ചശേഷം തിരുവനന്തപുരത്തു നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കാനാണ് മുരളിയുടെ മോഹം. ഈ സീറ്റില്‍ നോട്ടമിട്ടിട്ടുള്ള മുന്‍ എംപിയും മുന്‍ മന്ത്രിയും മുന്‍ എംഎല്‍എയുമായ വി എസ് ശിവകുമാറിന് വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം നിയമസഭാ മണ്ഡലങ്ങളാണ് വച്ചുനീട്ടുന്നത്. മാവേലിക്കര സംവരണ സീറ്റില്‍ അടുത്തതവണ പരാജയം ഉറപ്പായ കൊടിക്കുന്നില്‍ സുരേഷ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുരളി ജയിച്ച ജനറല്‍ സീറ്റായ വടകരയിലേക്ക് മാറുമെന്ന റിപ്പോര്‍ട്ടും ഇതിനിടെ പുറത്തുവന്നു. എന്തായാലും വരും ദിവസങ്ങളില്‍ മുരളി — കൊടിക്കുന്നില്‍ — ഉണ്ണിത്താന്‍ ത്രയം തരൂരിനെതിരായ പോരു കനപ്പിക്കുമെന്നുതന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

Eng­lish Summary:Muralidharan’s eyes on the Thiru­vanan­tha­pu­ram Lok Sab­ha seat
You may also like this video

Exit mobile version