Site iconSite icon Janayugom Online

മുര്‍മുവിനെ കൊണ്ടാടുന്നവര്‍ സ്റ്റാന്‍ സ്വാമിയെയുമോര്‍ക്കണം

ഇന്നേക്ക് 13ാം ദിവസം സ്റ്റാന്‍ സ്വാമിയെന്ന ജ്ഞാനവൃദ്ധന്റെ ഒന്നാം ചരമ വാര്‍ഷികമാണ്, അല്ല രക്തസാക്ഷിത്വ വാര്‍ഷികമാണ്. സര്‍ക്കാരിന്റെ രേഖകളില്‍ ജയില്‍പുള്ളിയായിരിക്കേ രോഗം വന്ന് മരിച്ചൊരു വൃദ്ധന്‍ മാത്രമാണ് സ്റ്റാന്‍ സ്വാമി. പക്ഷേ ഭരണകൂട ഭീകരത ജയിലിലടയ്ക്കുകയും വയോധികനായിട്ടും ചികിത്സ നിഷേധിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കൊല്ലപ്പെടുകയായിരുന്നു അദ്ദേഹം. ആദിവാസികളുടെ ശാക്തീകരണത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ബഗൈച്ച എന്ന സംഘടനയുണ്ടാക്കുകയും പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തതിന് നക്സലെന്ന് മുദ്രകുത്തി, ഭീമ കൊറേഗാവ് കേസില്‍ പ്രതിചേര്‍ത്താണ് കേന്ദ്ര സര്‍ക്കാരിന്റെ വേട്ടസംഘമായ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 2020 ഒക്ടോബറില്‍ സ്റ്റാന്‍ സ്വാമിയെ ജയിലിലടച്ചത്. അവിടെ കഴിയവേ രോഗബാധിതനായി ചികിത്സ കിട്ടാതിരുന്ന സ്വാമി, കോവിഡ് ബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അവിടെ വച്ച് 2021 ജൂലൈ അഞ്ചിന് മരിക്കുകയായിരുന്നു. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിനെ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനുശേഷം ആരംഭിച്ചിരിക്കുന്ന പ്രചരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്രയും കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടിവന്നത്. ശരിയാണ്, ആദിമ ഗോത്രവിഭാഗത്തില്‍ നിന്നുള്ള ഒരാളെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. പക്ഷേ അതുകൊണ്ട് ആ വിഭാഗമുള്‍പ്പെടെ അടിസ്ഥാന ജനസമൂഹമാകെ രക്ഷപ്പെടുന്നതിന്റെ കുത്തകാവകാശം തങ്ങള്‍ക്കാണെന്ന അവകാശവാദത്തെയാണ് ചോദ്യം ചെയ്യുന്നത്. അതിനാല്‍ തന്നെയാണ് മുര്‍മുവിനെയും സ്റ്റാന്‍ സ്വാമിയെയും താരതമ്യം ചെയ്യേണ്ടി വരുന്നതും.

 


ആ നാലുവര്‍ഷം ഝാര്‍ഖണ്ഡില്‍ ബിജെപിയുടെ പൊലീസിന്റെ ഒത്താശയോടെ,

കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരന്തര വേട്ടയാടലിന് ഇരയായും 

നക്സലുകളെന്ന കുറ്റപ്പേരു ചാര്‍ത്തപ്പെട്ടും നിരവധി ആദിവാസികളാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്


 

ദ്രൗപദി മുര്‍മു അഞ്ചുവര്‍ഷ കാലാവധി തികച്ച് ഗവര്‍ണറായ സംസ്ഥാനത്തിന്റെ പേര് ഝാര്‍ഖണ്ഡ് എന്നാണ്. അവിടെ ആദിവാസികളുടെയും ഗോത്ര വിഭാഗങ്ങളുടെയും അവകാശ സംരക്ഷണ — സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു സ്റ്റാന്‍ സ്വാമി. അദ്ദേഹം സ്ഥാപിച്ച ബഗൈച്ച എന്ന സംഘടനയുടെ പ്രവര്‍ത്തനംതന്നെ അതായിരുന്നു. മുര്‍മു ഗവര്‍ണറായിരിക്കേ 2020 ഒക്ടോബര്‍ എട്ടിനാണ് പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായ, 83 വയസുണ്ടായിരുന്ന സ്റ്റാന്‍ സ്വാമിയെ ബിജെപിയുടെ അന്വേഷണസംഘം അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കുന്നത്. ഒരുവര്‍ഷത്തോളം ജയിലില്‍ നരകയാതന അനുഭവിക്കുമ്പോഴും കാലില്‍ ധരിക്കാനൊരു ചെരുപ്പിനും വെള്ളംകുടിക്കുവാനൊരു സ്ട്രോയ്ക്കുവേണ്ടിയും കോടതിയുടെ കരുണ തേടിയപ്പോഴും രോഗബാധിതനായി ചികിത്സ കിട്ടാതിരുന്നപ്പോഴും മുര്‍മുവെന്ന ഗവര്‍ണരുടെ ഗോത്രസ്നേഹം പോകട്ടെ മനുഷ്യസ്നേഹം പോലും പ്രകടിതമായി നാം കണ്ടിട്ടില്ല. 2015ല്‍ ഗവര്‍ണറായി ദ്രൗപദി മുര്‍മു ഝാര്‍ഖണ്ഡിലെത്തുമ്പോഴും പിന്നീട് 2019വരെ നാലുവര്‍ഷവും ബിജെപിയായിരുന്നു അവിടെ ഭരണം നടത്തിയിരുന്നത്. ആ നാലുവര്‍ഷവും ബിജെപിയുടെ പൊലീസിന്റെ ഒത്താശയോടെ, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരന്തര വേട്ടയാടലിന് ഇരയായും നക്സലുകളെന്ന കുറ്റപ്പേരു ചാര്‍ത്തപ്പെട്ടും നിരവധി ആദിവാസികളാണ് ജയിലില്‍ അടയ്ക്കപ്പെട്ടത്. അപ്പോഴും തലസ്ഥാനമായ റാഞ്ചിയില്‍ രാജ്ഭവനിലെ സുഖശീതളിമയില്‍, ഗോത്രവിഭാഗത്തില്‍പ്പെടുന്ന ദ്രൗപദി മുര്‍മുവെന്ന ഗവര്‍ണറുണ്ടായിരുന്നു. ആദിവാസി — ദളിത് വിഭാഗങ്ങള്‍ക്കെതിരായ ഭരണകൂട വേട്ടയ്ക്ക് ഒരു കുറവുമുണ്ടായിട്ടില്ല.


ഇതുകൂടി വായിക്കാം:  ഇനിയുണ്ടാകരുത് ഇത്തരം വീഴ്ചകള്‍


 

എന്നുമാത്രമല്ല നമുക്കിപ്പോഴുള്ളത് ബിജെപി നിര്‍ദ്ദേശിച്ച് ജയിച്ച ദളിത് വിഭാഗത്തില്‍ നിന്നുള്ള രാംനാഥ് കോവിന്ദെന്ന രാഷ്ട്രപതിയാണെന്നതും മറന്നുകൂടാ. കഴിഞ്ഞ എട്ടുവര്‍ഷമായി ബിജെപി രാജ്യം ഭരിക്കുകയാണ്. ദളിത് വിഭാഗത്തില്‍ നിന്നുള്ള രാംനാഥ് അ‍ഞ്ചുവര്‍ഷമായി രാഷ്ട്രപതിയുമാണ്. ഇക്കാലയളവിനിടയിലെങ്കിലും ആദിവാസി — ഗോത്ര വിഭാഗങ്ങളുടെ ജീവിതാവസ്ഥയെന്തെന്ന് പരിശോധിച്ചാലറിയാം ബിജെപിയുടെയും എന്‍ഡിഎയുടെയും അവകാശവാദത്തിന്റെ പൊള്ളത്തരങ്ങള്‍. കഴിഞ്ഞ മാര്‍ച്ച് 21ന് പാര്‍ലമെന്റില്‍ മന്ത്രി രാംദാസ് അത്തേവാല നല്കിയ മറുപടിയനുസരിച്ച് 2018 മുതല്‍ 20വരെയുള്ള കാലയളവില്‍ ദളിത് വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ 1,38,825 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ മുന്നിലുള്ള സംസ്ഥാനങ്ങളുടെ പേരെടുക്കുക. ഒന്നാമത് ബിജെപി ഭരിക്കുന്ന യുപി (36,467 കേസുകള്‍), രണ്ടാമത് ബിജെപി സഖ്യകക്ഷിയായി ഭരിക്കുന്ന ബിഹാര്‍, (20,973), മൂന്നാമത് കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ (18,418), നാലാമത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശ് (16,952 കേസുകള്‍). ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2020ലെ കണക്കുകള്‍ പ്രകാരം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ദളിത് വിഭാഗത്തിനെതിരായ അതിക്രമങ്ങളില്‍ 9.4 ശതമാനത്തിന്റെയും ആദിവാസി വിഭാഗത്തിനെതിരെ 9.3 ശതമാനത്തിന്റെയും വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഗോത്രവിഭാഗങ്ങളുടെയും ആദിവാസികളുടെയും സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് വാചാലമാകുമ്പോള്‍ ഈ കണക്കുകളെയും ഗുജറാത്തിലെ ഉനയെയും യുപിയിലെ ഹാത്രാസിനെ, സഹാറംപുരിനെ, ഓരോ ദിവസവും ഉത്തരേന്ത്യന്‍ ഗ്രാമ നഗരങ്ങളില്‍ ലൈംഗിക പീഡനത്തിനും ബലാത്സംഗത്തിനുമിരയാകുന്ന ആദിവാസി — ദളിത് വിഭാഗങ്ങളിലെ പേരറിയാത്ത പെണ്‍കുട്ടികളെ, മറക്കാനാവില്ല. ഇപ്പോള്‍ ഗോത്രവിഭാഗത്തിന്റെയും ദളിത് സമൂഹത്തിന്റെയാകെയും ഉന്നമനത്തിന്റെ അട്ടിപ്പേറവകാശം സ്ഥാപിക്കുവാന്‍ മുര്‍മുവിനെ പ്രതീകമാക്കുന്നവര്‍ അതുകൊണ്ടുതന്നെ, ആ വിഭാഗത്തിനായി പോരാടിയെന്നതിനാല്‍ ഭരണകൂട ഭീകരതയില്‍ മരിച്ചുപോയ സ്റ്റാന്‍ സ്വാമിയെന്ന ജ്ഞാനവൃദ്ധനെയും ഒരുവേളയെങ്കിലും ഓര്‍മിക്കണം.

You may also like this video;

Exit mobile version