100 മില്യൺ (10 കോടി) ഡോളർ (ഏകദേശം 8997250000 രൂപ) വിലമതിക്കുന്ന 2,10,699 ടെസ്‌ല ഓഹരികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ലോകത്തെ ഏറ്റവും ധനികനായ ശതകോടീശ്വരൻ ഇലോൺ മസ്‌ക്. യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കണക്കുകൾ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തതാണ് ഇക്കാര്യം. 2025 ഡിസംബർ 30‑നാണ് വൻതുകയുടെ ഓഹരികൾ അദ്ദേഹം സംഭാവന ചെയ്തത്. വർഷാവസാന നികുതി ആസൂത്രണത്തിന്റെ ഭാഗമായാണ് നടപടി.ടെക് ശതകോടീശ്വരൻ ഇത്രയധികം തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകുന്നത് ആദ്യമായല്ല. 2024‑ൽ അദ്ദേഹം ഏകദേശം 112 മില്യൺ (11.2 കോടി) ഡോളർ വിലമതിക്കുന്ന ടെസ്‌ല ഷെയറുകൾ സമാനമായ രീതിയിൽ സംഭാവന ചെയ്തിരുന്നു. 2022 ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ 1.95 ബില്യൺ ഡോളർ വിലമതിക്കുന്ന ടെസ്‌ല ഓഹരികളും, 2021‑ൽ 5.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികളും അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തിരുന്നു.
വൻതുകയുടെ ഓഹരികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കൈമാറിയിട്ടും 619 ബില്യൺ (61900 കോടി) ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും വലിയ ധനികനായി മസ്‌ക് തുടരുകയാണ്. 269 ബില്യൺ ഡോളർ ആസ്തിയുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ്, 253 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരാണ് സമ്പത്തിന്റെ കാര്യത്തിൽ മസ്‌കിന് തൊട്ടുപിന്നിലുള്ളത്.
അടുത്ത അഞ്ച് വർഷക്കാലവും ടെസ്‌ല സിഇഒ ആയി തുടരുമെന്നാണ് മസ്‌ക് വ്യക്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒരു ട്രില്യൺ (1,000,000,000,000) ഡോളറിന്റെ അതിഭീമമായ ശമ്പള പാക്കേജിന് കമ്പനിയുടെ ഓഹരി ഉടമകൾ അംഗീകാരം നൽകിയത് പോയവർഷം വാർത്തകളിൽ നിറഞ്ഞിരുന്നു. സമ്പത്തിന്റെ കാര്യത്തിൽ ഒന്നാംസ്ഥാനത്ത് തുടരുമ്പോഴും 2026‑ൽ വൻ പദ്ധതികളാണ് മസ്‌കിന്റെ വിവിധ കമ്പനികൾ നടപ്പാക്കാനൊരുങ്ങുന്നത്.

