Site iconSite icon Janayugom Online

ന്യൂനപക്ഷ‑സാംസ്കാരിക പ്രോജക്ടുകളില്‍ നിന്ന് മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കി

ന്യൂനപക്ഷ‑സാംസ്കാരിക പ്രോജക്ടുകളില്‍ നിന്ന് മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍. അടുത്തിടെയാണ് പൈതൃക വികസന പദ്ധതിയായ വിരാസത് സേ വികാസ് പദ്ധതിക്കു കീഴില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ മതന്യൂനപക്ഷ വിഭാഗ പ്രോജക്ടുകള്‍ക്കും സാംസ്കാരിക പഠനങ്ങള്‍ക്കും ന്യൂനപക്ഷകാര്യ മന്ത്രാലയം അംഗീകാരം നല്‍കിയത്. ഗുരുമുഖി, ബുദ്ധമതം, ജെെന താളിയോല രേഖകള്‍, ഹിമാലയൻ സാസ്കാരിക പഠനം എന്നിവയ്ക്കായി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് അംഗീകാരം നല്‍കിയത്. മുസ്ലിം, ക്രിസ്ത്യൻ സാംസ്കാരിക പഠനത്തെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഡല്‍ഹി സര്‍വകലാശാലയിലെ ഖാലസാ കോളജില്‍ ഗുരുമുഖി കേന്ദ്ര നിര്‍മ്മാണത്തിനായി 25 കോടിം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ അവസരങ്ങള്‍ മെച്ചപ്പെടുത്താൻ, പ്രത്യേകിച്ച് ഗുരുമുഖിയില്‍ യുജി, പിജി, പിഎച്ച്ഡി, ഗവേഷണത്തിന് സഹായമൊരുക്കാൻ ലക്ഷ്യമിട്ടാണ് കേന്ദ്രം സ്ഥാപിക്കുന്നത്. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രമിന് കീഴില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ അഡ്വാൻസ്ഡ് ബുദ്ധിസ്റ്റ് സെന്റര്‍ സ്ഥാപിക്കുന്നതിന് 35 കോടിയും അനുവദിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനായി 40 കോടിയും കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍വകലാശാലയില്‍ ജെെന കയ്യെഴുത്തുപ്രതികളെക്കുറിച്ചുള്ള പഠനത്തിന് 40 കോടി അനുവദിച്ചു. ജെെന മതത്തിന്റെ അഭഭ്രംശ, പ്രാകൃത ഭാഷകളുടെ വികസനം കൂടി ലക്ഷ്യമിട്ടാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ദേവി അഹല്യ വിശ്വവിദ്യാലയയുടെ ഇൻ‍ഡോറിലെ കാമ്പസില്‍ ജെെന പഠന കേന്ദ്രത്തിനായി 25 കോടി നീക്കിവച്ചു. 

രാജ്യത്തെ ഏറ്റവും വലിയ മത ന്യൂനപക്ഷങ്ങളായ മുസ്ലിം വിഭാഗത്തെയും ക്രിസ്ത്യൻ വിഭാഗത്തെയും ഒഴിവാക്കി നടത്തുന്ന ഇത്തരം പദ്ധതികള്‍ അത്ഭുതം ഉണ്ടാക്കുന്നില്ലെന്നും പഠനത്തില്‍ തങ്ങളുടെ വിഭജന അജണ്ട നടപ്പാക്കാൻ ഭരണകൂടം ശ്രമം നടത്തുമ്പോള്‍ ഇത് സ്വാഭാവികമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. നേരത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ ഘട്ടംഘട്ടമായി ഇല്ലാതാക്കിയിരുന്നു. കൂടാതെ രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് ഗവേഷണത്തിനും പഠനത്തിനും ഫെലോഷിപ്പുകൾ നൽകിയിരുന്ന മൗലാന അബുൾ കലാം ആസാദ് എജ്യുക്കേഷണൽ ഫൗണ്ടേഷന്റെ പ്രവർത്തനം കേന്ദ്ര സർക്കാർ അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 

Eng­lish Sum­ma­ry: Mus­lim and Chris­t­ian groups were exclud­ed from minor­i­ty-cul­tur­al projects
You may also like this video

Exit mobile version