പോക്സോ കേസിൽ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവും മദ്രസ അധ്യാപകനുമായ തിരുനല്ലൂർ പുതുവീട്ടിൽ മുഹമ്മദ് ഷെരീഫ് (52) അറസ്റ്റില്‍. ഇയാളെ ചൈൽഡ് ലൈൻ പരാതി പ്രകാരമാണ് പാവറട്ടി എസ് എച്ച് ഒ എം. കെ. രമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
മദ്രസാ അധ്യാപകനായ ഇയാൾ കുറച്ചു നാളുകളായി ഈ കുട്ടിയെ മാർക്ക് കുറയ്ക്കുമെന്നും തോൽപ്പിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദവിക്കുകയായിരുന്നു. കുട്ടിയിലെ സ്വഭാവമാറ്റം കണ്ട് ക്ലാസ് അധ്യാപിക കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. തുടര്‍ന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. പ്രതിയെ വടക്കേക്കാട് നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ഷരീഫ് മുസ്ലീം ലീഗ് മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്, മണലൂർ നിയോജക മണ്ഡലം കൗൺസിലർ എന്നീ സ്ഥാനങ്ങളും വഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു.
ചാവക്കാട് ജെ എഫ് സി എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ് ഐ മാരായ ഡി വൈശാഖ്, എം ജെ ജോഷി ‚കെ വി ഗിരീഷ്, വനിത സീനിയർ സി പി ഒ കെ ജി ബിന്ദു എന്നിവരും ഉണ്ടായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം രാജിവെക്കണം: എഐവൈഎഫ്
മുല്ലശ്ശേരി: പോക്സോ കേസിൽ അറസ്റ്റിലായ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെറീഫ് ചിറക്കൽ സ്ഥാനം രാജിവെച്ച് നിയമ നടപടിക്ക് വിധേയമാകണമെന്ന് എഐവൈഎഫ് മുല്ലശ്ശേരി മേഖല കമ്മിറ്റി പ്രസിഡൻ്റ് രാജേഷ് അരീക്കര,സെക്രട്ടറി ഇ കെ ജിബിഷ് എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
English Summary: Muslim League block panchayat member arrested in POCSO case should resign: AIYF
You may also like this video