Site icon Janayugom Online

മത ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കയ്യടക്കാന്‍ കേന്ദ്രം

രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവന്‍ കയ്യടക്കാന്‍ കേന്ദ്രസര്‍ക്കാർ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി നേരത്തേ ചുമതലപ്പെടുത്തിയതനുസരിച്ച് ദേശീയ ബാലാവകാശ കമ്മിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്തിറക്കി. ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഴുവന്‍ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും സര്‍വശിക്ഷ അഭിയാന്‍ ക്യാമ്പയിന്റെയും കീഴില്‍ കൊണ്ടുവരണമെന്ന് റിപ്പോര്‍ട്ട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കേണ്ടതില്ല എന്ന കാരണത്താലാണ് ന്യൂനപക്ഷ സ്ഥാപനങ്ങളായി രജിസ്റ്റര്‍ ചെയ്യുന്നതെന്നും ഇത്തരം ഒഴിവാക്കലുകള്‍ അവസാനിക്കപ്പെടേണ്ടതാണെന്നുമാണ് കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കനൂങ്കോയുടെ നേതൃത്വത്തിലുള്ള സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ന്യൂനപക്ഷ‑ന്യൂനപക്ഷ ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി രണ്ട് തരത്തിലുള്ള പരിഗണനകള്‍ നല്‍കുന്നതിലൂടെ രാജ്യത്തിനും മതന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്കുപോലും ദോഷകരമായ സ്ഥിതിയാണുണ്ടാകുന്നതെന്ന് കനുങ്കോ റിപ്പോര്‍ട്ട് ആരോപിക്കുന്നു. കൃത്യമായ മാര്‍ഗരേഖകളില്ലാത്തതിനാല്‍, ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാലയങ്ങള്‍ ഏകപക്ഷീയമായാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സ്കൂളുകള്‍ കുട്ടികളെ പ്രവേശിപ്പിക്കുന്നതിലും അധ്യാപകരെ നിയമിക്കുന്നതിലും പാഠ്യപദ്ധതി ഏര്‍പ്പെടുത്തുന്നതിലുമുള്‍പ്പെടെ അവരുടെ സ്വന്തം തീരുമാനങ്ങള്‍ നടപ്പിലാക്കുകയാണ്. മത ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെപ്പോലും പൂര്‍ണമായി ഉള്‍ക്കൊളളാതെ, വരേണ്യവര്‍ഗത്തിന് മാത്രം പ്രാധാന്യം നല്‍കുകയാണിവരെന്നും കമ്മിഷന്‍ കുറ്റപ്പെടുത്തുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ പിന്നോട്ട് തന്നെ തള്ളപ്പെടുന്ന അവസ്ഥയാണെന്നും ഭരണഘടനയുടെ 29, 30 വകുപ്പുകളിലെ അധികാരങ്ങളിന്മേല്‍ സ്ഥാപിതമായ ഇത്തരം സ്കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

രാജ്യത്തുടനീളമുള്ള 23,487 ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്കൂളുകളിലും ഇതിനുപുറമെ മദ്രസകളിലുമായാണ് ദേശീയ ബാലാവകാശ കമ്മിഷന്‍ പഠനം നടത്തിയത്. മത ന്യൂനപക്ഷങ്ങളില്‍ 11.54 ശതമാനം മാത്രമുള്ള ക്രിസ്ത്യന്‍ മതവിഭാഗത്തിന്റെ കീഴിലാണ് ന്യൂനപക്ഷ സ്കൂളുകളുടെ 71.96 ശതമാനവുമുള്ളതെന്നും 69.18 ശതമാനം ന്യൂനപക്ഷ വിഭാഗത്തിലുള്ളവരുള്‍ക്കൊള്ളുന്ന മുസ്‌ലിം വിഭാഗത്തിന്റെ കീഴില്‍ 22.75 ശതമാനം സ്കൂളുകളാണുള്ളതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി അനുവദിച്ച സ്കൂളുകളില്‍ കൂടുതലും പഠനം നടത്തുന്നത് ഇതര മതവിഭാഗങ്ങളിലെ കുട്ടികളാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി കമ്മിഷന്‍ പറയുന്നു. ന്യൂനപക്ഷ മതവിഭാഗങ്ങളിലെ ഉയര്‍ന്ന നിലയിലുള്ള കുടുംബങ്ങളിലുള്ളവര്‍ക്കാണ് കൂടുതലും പ്രവേശനം ലഭിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നിയമം ബാധകമല്ലാത്തതിനാല്‍ ഈ സ്കൂളുകളില്‍ ന്യൂനപക്ഷങ്ങളിലെ സാമ്പത്തിക പിന്നാക്ക ജനവിഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്ന് നിര്‍ബന്ധിക്കാനും കഴിയുന്നില്ല. ഇത്തരം സ്കൂളുകളില്‍ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ കുട്ടികള്‍ക്ക് പ്രവേശനത്തിന് സംവരണം നല്‍കണമെന്നും കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

മദ്രസകളെയും വിദ്യാഭ്യാസ അവകാശ നിയമത്തിനു കീഴിലും സര്‍വശിക്ഷാ അഭിയാനിലും ഉള്‍പ്പെടുത്തണമെന്നും കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്നു. ഉച്ചഭക്ഷണ പദ്ധതി, സൗജന്യ ടെക്‌സ്റ്റ് ബുക്കുകള്‍, യൂണിഫോം, പഠന സഹായികള്‍, ലൈബ്രറി, സ്മാര്‍ട്ട് ക്ലാസുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാകുന്നതിനായാണ് ഈ നിര്‍ദ്ദേശം നല്‍കുന്നതെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നുണ്ട്. മദ്രസകളില്‍ മതവിദ്യാഭ്യാസത്തിനുള്ള അതേ പ്രാധാന്യത്തില്‍തന്നെ സയന്‍സ് വിഷയങ്ങളുള്‍പ്പെടെയുള്ള അടിസ്ഥാന വിഷയങ്ങള്‍ പഠിപ്പിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് പോലുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നും ആരോഗ്യ‑കായിക മേഖലകളിലെ സൗകര്യങ്ങള്‍ ലഭ്യമാകുന്നില്ലെന്നും ഇത് പരിഹരിക്കുന്നതിനായി ഈ സ്ഥാപനങ്ങളെല്ലാം എസ്എസ്എയുടെയും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെയും കീഴില്‍ കൊണ്ടുവരണമെന്നുമാണ് കമ്മിഷന്‍ ആവശ്യപ്പെടുന്നത്.

You may also like this video;

Exit mobile version