Site iconSite icon Janayugom Online

ഇന്ത്യന്‍ രാഷ്ട്രീയ ഭൂപടത്തില്‍ മുസ്ലിം പ്രാതിനിധ്യം കുറയുന്നു

ഇന്ത്യയിലെ മുസ്ലിം സമുദായത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യത്തിൽ വലിയ ഇടിവ് സംഭവിക്കുന്നതായി റിപ്പോർട്ട്. 1952 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിക്കുമ്പോൾ, നിലവിലെ ലോക്‌സഭയിലെ മുസ്ലിം സാന്നിധ്യം ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പ്രമുഖ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
മുഹമ്മദ് അബ്ദുൾ മന്നൻ രചിച്ച ‘അറ്റ് ദി ബോട്ടം ഓഫ് ദി ലാഡർ: സ്റ്റേറ്റ് ഓഫ് ദി ഇന്ത്യൻ മുസ്ലിംസ്’ എന്ന പുതിയ പുസ്തകത്തിലാണ് രാജ്യത്തെ മുസ്ലിം രാഷ്ട്രീയ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. 1952 മുതൽ ഇതുവരെ നടന്ന 18 ലോക്‌സഭാ തെരഞ്ഞെടുപ്പ്കളിലായി ആകെ 541 മുസ്ലിം പ്രതിനിധികളാണ് സഭയിലെത്തിയത്. 1980‑ലാണ് ഏറ്റവും കൂടുതൽ മുസ്ലിം എംപിമാർ (49 പേർ) ലോക്‌സഭയിലെത്തിയത്. നിലവിൽ 18-ാം ലോക്‌സഭയിൽ 24 മുസ്ലിം അംഗങ്ങൾ മാത്രമാണുള്ളത്. ജനസംഖ്യയുടെ 15 ശതമാനത്തോളം വരുന്ന സമുദായത്തിന് സഭയിലുള്ളത് അഞ്ച് ശതമാനത്തിൽ താഴെ പ്രാതിനിധ്യമാണെന്ന് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ 10 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമാണ് കുറഞ്ഞത് ഒരു മുസ്ലിം എംപിയെങ്കിലും ഉള്ളത്. ഭരണകക്ഷിയായ ബിജെപിക്ക് നിലവിൽ മുസ്ലിം സമുദായത്തിൽ നിന്ന് ലോക്‌സഭയിൽ പ്രതിനിധികളില്ല. 2022 മുതൽ കേന്ദ്ര സർക്കാരിലും മുസ്ലിം സമുദായത്തിന് പ്രാതിനിധ്യമില്ല.
ദേശീയ തലത്തിലെന്ന പോലെ സംസ്ഥാന നിയമസഭകളിലും സ്ഥിതി സമാനമാണ്. രാജ്യത്തെ 4,123 എംഎൽഎമാരിൽ 450 പേർ മാത്രമാണ് മുസ്ലിം സമുദായത്തിൽ നിന്നുള്ളത്. 12 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 65 നിയമസഭാ സീറ്റുകളിൽ 25 ശതമാനത്തിലധികം മുസ്ലിം ജനസംഖ്യയുണ്ട്. 

തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും 100 ലധികം നിയമസഭാ മണ്ഡലങ്ങളിലെ ഫലം മുസ്ലിം വോട്ടുകൾ നിർണയിക്കുന്നു. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ 137 നിയമസഭാ സീറ്റുകളുള്ള 29 ജില്ലകളിൽ മുസ്ലിം ഭൂരിപക്ഷമുണ്ട്. മധ്യപ്രദേശിൽ കുറഞ്ഞത് 22 മണ്ഡലങ്ങളിലെങ്കിലും മുസ്ലിം വോട്ട് ഘടകം നിർണായകമാണ്. ഗുജറാത്തിൽ 17 നിയമസഭാ സീറ്റുകളിൽ ഗണ്യമായ മുസ്ലിം വോട്ടർമാരുണ്ട്.
അരുണാചൽ പ്രദേശ്, മിസോറാം, സിക്കിം, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ ചരിത്രത്തിൽ ഇതുവരെ ഒരു മുസ്ലിം എംഎൽഎ പോലും ഉണ്ടായിട്ടില്ല. കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ തുടങ്ങി 150-ഓളം പ്രധാന മേഖലകളിലെ മുസ്ലിം സാന്നിധ്യം അബ്ദുൾ മന്നൻ പഠനത്തിന് വിധേയമാക്കി. ജനാധിപത്യ പ്രക്രിയയിൽ ഒരു വലിയ വിഭാഗം ജനതയുടെ പങ്കാളിത്തം കുറയുന്നത് രാജ്യത്തിന്റെ ബഹുസ്വരതയ്ക്ക് വെല്ലുവിളിയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

Exit mobile version