സമൂഹത്തില്‍ വിവിധ വിഭാഗങ്ങളിലായി നൂറുകണക്കിനു മതചിഹ്നങ്ങളുണ്ടെന്നും എന്തുകൊണ്ടാണ് ഹിജാബ് മാത്രം എടുത്ത് ശത്രുതാപരമായ വിവേചനമാക്കുന്നതെന്നും ഹൈക്കോടതിയില്‍ ചോദ്യമുയര്‍ത്തി മുസ്‌ലിം വിദ്യാര്‍ത്ഥിനികള്‍. മുസ്‌ലിം പെണ്‍കുട്ടികള്‍ക്കെതിരായ വിവേചനം മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. വിദ്യാര്‍ത്ഥിനികളുടെ ഭാഗം കേള്‍ക്കാതെ ശിക്ഷിക്കുകയായിരുന്നു. ഏത് അധികാരത്തിന്റെയും നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍നിന്ന് പുറത്താക്കിയതെന്ന ചോദ്യം ഉയരുന്നതായും ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാര്‍ ചൂണ്ടിക്കാട്ടി. ക്രൈസ്തവര്‍ക്ക് കുരിശോ സിഖുകാര്‍ക്ക് തലപ്പാവോ വിലക്കിയിട്ടില്ല. പൊട്ട് തൊട്ട പെണ്‍കുട്ടിയെയോ വളയിട്ട പെണ്‍കുട്ടിയെയോ പുറത്താക്കിയിട്ടില്ല. എന്തുകൊണ്ട് തട്ടമിട്ട ഈ പെണ്‍കുട്ടികളെ മാത്രം പുറത്താക്കി. ഇത് ആര്‍ട്ടിക്കള്‍ 15 ന്റെ ലംഘനമാണെന്നും അഭിഭാഷകന്‍ വാദിച്ചു.
തുടര്‍ച്ചയായി നാലാം ദിവസമാണ് ഹിജാബ് വിലക്ക് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം കേട്ടത്. സിംഗിള്‍ ബെഞ്ചിന് മുന്നിലെത്തിയ കേസ് നേരത്തെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന വിശാല ബെഞ്ചിന് വിടുകയായിരുന്നു. അന്തിമവിധി വരുംവരെ കോളജുകളിൽ മതപരമായ വേഷങ്ങൾ ധരിക്കരുതെന്ന് ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു. വാദം ഇന്നും തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ യൂണിഫോം മാറ്റാന്‍ ഉദ്ദേശിക്കുമ്പോള്‍ ഒരു വര്‍ഷം മുമ്പ് രക്ഷിതാക്കള്‍ക്ക് നോട്ടീസ് നല്‍കണമെന്നാണ് കര്‍ണാടക വിദ്യാഭ്യാസ ചട്ടത്തില്‍ പറയുന്നതെന്നും രവിവര്‍മ കുമാര്‍ ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനമുണ്ടെങ്കില്‍ അത് ഒരു വര്‍ഷം മുമ്പ് അറിയിക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌കൂള്‍ യൂണിഫോമിന് അനുയോജ്യമായ നിറങ്ങളില്‍ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ഹാജരായ ദേവദത്ത് കാമത്ത് കഴിഞ്ഞദിവസം കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഭരണഘടന സ്പഷ്ടമായി പ്രഖ്യാപിച്ച മതേതരത്വമാണ് പിന്തുടരുന്നതെന്നും എല്ലാവരുടെയും മതപരമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് നമ്മുടെ മതേതരത്വം ഉറപ്പാക്കുന്നുവെന്നും അദ്ദേഹം വാദിച്ചിരുന്നു.
English summary; Hijab; Muslim students continue to argue in court today
You may also like this video;
