Site iconSite icon Janayugom Online

ഇത്തരം ദാരുണസംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഹൗസ്‌സർജൻ ദാരുണമായി കൊലചെയ്യപ്പെട്ട സംഭവം കേരളത്തെ ഞെട്ടിപ്പിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ആരോഗ്യസംരക്ഷണപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള സമൂഹത്തെ രോഷാകുലരാക്കുകയും ചെയ്തു. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ കയ്യേറ്റങ്ങളും അക്രമങ്ങളും അപലപനീയമായ പെരുമാറ്റങ്ങളും സംസ്ഥാനത്ത് അടുത്തകാലത്തായി വർധിച്ചുവരുന്നത് ആശങ്കാജനകവും ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാനാകാത്തതുമാണ്. അതിനെതിരെ സംരക്ഷണവും കുറ്റവാളികൾക്ക് മതിയായ ശിക്ഷയും ഉറപ്പുവരുത്തണമെന്ന ആവശ്യം ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സംഘടനകളുടെ മാത്രമല്ല സാമൂഹികപ്രതിബദ്ധതയുള്ള മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ്. വിഷയത്തിൽ ഇടപെട്ട സർക്കാർ ഫലപ്രദമായ നിയമനിർമ്മാണത്തിന് സന്നദ്ധത അറിയിക്കുകയും കാലവിളംബം ഒഴിവാക്കാൻ ഓർഡിനൻസ് പ്രഖ്യാപനത്തിനു തയ്യാറാവുകയും ചെയ്തിരുന്നു. അത് സമയബന്ധിതമായി നടന്നില്ലെന്നത് ഖേദകരവും ഇപ്പോഴത്തെ സംഭവത്തിന് നിദാനമായി ചൂണ്ടിക്കാണിക്കാൻ ഇടയാവുകയുംചെയ്തു. കൊട്ടാരക്കരയിലുണ്ടായ സംഭവം അപലപനീയവും ദുഃഖകരവുമാണ്. എന്നാല്‍ അത് സംസ്ഥാനത്ത് പൊതുവിൽ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരെ നടക്കുന്ന അക്രമസംഭവങ്ങളുമായി താരതമ്യപ്പെടുത്താൻ ആവില്ലെന്നുവേണം ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താൻ. പൊലീസ് സഹായത്തോടെ ചികിത്സതേടി ആശുപത്രിയിൽ എത്തിയ മനസിന്റെ സമനിലതെറ്റിയ ഒരാളുടെ പ്രവൃത്തിയായി മാത്രമേ അതിനെ, മറിച്ചു തെളിയിക്കപ്പെടുംവരെ, കാണാനാവു. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയായി ചികിത്സതേടി പുറത്തുവന്ന ആളാണെന്നും റിപ്പോർട്ടുകളുണ്ട്. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും എതിരായ അനഭിലഷണീയ പ്രവണതകൾ പലപ്പോഴും ചികിത്സാപ്പിഴവ്, മതിയായ പരിചണവും സൗകര്യങ്ങളും ലഭിച്ചില്ല തുടങ്ങിയ പരാതിയിൽനിന്നും ഉടലെടുക്കുന്നവയാണ്. അത് പലപ്പോഴും കൂട്ടിരിപ്പുകാരുടെയും ബന്ധുക്കളുടെയും ഭാഗത്തുനിന്നും ഉയർന്നുവരുന്നവയാണ്.


ഇതുകൂടി വായിക്കൂ:  സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍


ക്രിമിനൽ പശ്ചാത്തലവും സംഘബലവും അതിനെ അക്രമത്തിലേക്ക് നയിക്കുന്നതായും കാണാം. ആശുപത്രികളിൽ സന്ദർശകത്തിരക്ക് നിയന്ത്രിക്കാൻ നിയോഗിക്കപ്പെടുന്ന മതിയായ പരിശീലനം സിദ്ധിക്കാത്ത സെക്യൂരിറ്റി ജീവനക്കാരുമായി ഉണ്ടാകുന്ന തർക്കങ്ങൾ കൈവിട്ടുപോകുന്ന അനുഭവങ്ങളും അപൂർവമല്ല. കസ്റ്റഡിയിലുള്ള ക്രിമിനൽ പശ്ചാത്തലമുള്ളവർ അക്രമങ്ങൾക്കു തുനിയുന്നത് തടയുക പൊലീസിന്റെ ഉത്തരവാദിത്തമാണ്. ലോക്കപ്പിലോ ജയിലിലോ പൊലീസ് കസ്റ്റഡിയിലോ മർദ്ദനമേറ്റുവെന്ന പരാതിയുമായി വരുന്നവർ പൊലീസ് സാന്നിധ്യത്തിൽ വസ്തുതകൾ വിശദീകരിക്കാൻ ഭയപ്പെടുകയോ മടികാണിക്കുകയോ ചെയ്യുന്നതായി ഡോക്ടർമാർതന്നെ പരാതിപ്പെട്ടതിനെ തുടർന്ന് സ്വതന്ത്രമായി പരാതി ഉന്നയിക്കാൻ അവസരം നല്കുന്നതിന് അനുകൂലമായി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിനെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തർക്കും എതിരായ അക്രമസംഭവങ്ങൾക്കു കാരണമായി ഇപ്പോൾ വ്യാഖ്യാനിക്കുന്നത് ദുരുപദിഷ്ടമാണ്. കേരളത്തിലെ തിരക്കേറിയ സർക്കാർ ആശുപത്രികളിൽ പലകാരണങ്ങളാലും ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ കണക്കിലെടുത്ത് പ്രധാനപ്പെട്ട ആശുപത്രികളിൽ മിക്കതിലും പൊലീസ് എയ്ഡ് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ കൊട്ടാരക്കരയിൽ ഉണ്ടായ അപ്രതീക്ഷിത സംഭവം പോലുള്ളവ നിയന്ത്രിക്കാൻ അത് അപര്യാപ്തമാണെന്ന് തെളിയുന്നു. എന്നാൽ ബഹുമാനപ്പെട്ട ഹൈക്കോടതി നിരീക്ഷിക്കുംവിധം തോക്കും മറ്റുമായി ആശുപത്രികളിൽ പൊലീസിനെ എങ്ങനെ നിയോഗിക്കും എന്നത് സർക്കാരും സമൂഹവും പരിശോധിക്കേണ്ട നയപരമായ വിഷയമാണ്. കേരളം യുപിയോ യുഎസോ അല്ലെന്നതും വിസ്മരിച്ചുകൂടാ.


ഇതുകൂടി വായിക്കൂ:  ആരോഗ്യ ജാഗ്രത അത്യാവശ്യം


ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നിർഭയം അവരുടെ ഉത്തരവാദിത്തം നിർവഹിക്കാൻ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു നൽകാൻ ജനങ്ങൾക്കും സർക്കാരിനും ഉത്തരവാദിത്തമുണ്ട്. അതിനാവശ്യമായ നിയമം നിർമ്മിച്ചു നടപ്പാക്കാനും പൊലീസ് സംവിധാനമടക്കം സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിനൽകാനും ഇനി കാലവിളംബം അരുത്. നിയമലംഘകരെ മാതൃകാപരമായി ശിക്ഷിക്കാനും നീതി യഥാസമയം നടപ്പാക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ടാവണം. പൗരബോധം വളർത്തുന്നതിൽ നിയമത്തിനും അത് ലംഘിക്കുന്നവർക്കുള്ള ശിക്ഷയ്ക്കും ഏറെ പ്രാധാന്യമുണ്ട്. ആരോഗ്യവും മതിയായ ചികിത്സാസംവിധാനങ്ങളും പൗരാവകാശവും ജനാധിപത്യസമൂഹത്തിൽ ഒഴിവാക്കാനാകാത്ത ഉത്തരവാദിത്തവുമാണ്. നിർഭയം പ്രവർത്തിക്കാനുള്ള ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും അവകാശവും പൗരാവകാശങ്ങളും നമ്മെ ഓർമ്മിപ്പിക്കാൻ ഇനി ഒരു ദാരുണ സംഭവവും കേരളത്തിൽ ഉണ്ടായിക്കൂടാ.

Exit mobile version