Site icon Janayugom Online

മുസഫർ നഗർ സംഭവം ഫാസിസം സഹാനുഭൂതിയുടെ അവസാന കണികയും വറ്റിച്ചുകളയുമെന്ന് ഓർപ്പെടുത്തുന്നത്: മുഖ്യമന്ത്രി

വർഗീയതയും ഫാസിസവും മനുഷ്യനിൽ നിന്നും സഹാനുഭൂതിയുടെയും സ്നേഹത്തിൻ്റേയും അവസാന കണികയും വറ്റിച്ചു കളയുമെന്ന് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്ന വാർത്തയാണ് ഉത്തർ പ്രദേശിലെ മുസഫർ നഗറിൽ നിന്നും വന്നിരിക്കുന്നത്. ഏഴു വയസ്സുള്ള ഒരു കുഞ്ഞിനെ അവൻ്റെ മതം മുൻനിർത്തി ശിക്ഷിക്കാൻ മാത്രമല്ല, ആ ശിക്ഷ അന്യമതസ്ഥരായ സഹപാഠികളെകൊണ്ട് നടപ്പാക്കിക്കാനും ഒരു അദ്ധ്യാപികയ്ക്ക് സാധിക്കണമെങ്കിൽ വർഗീയവിഷം എത്രമാത്രം അവരെ ഗ്രസിച്ചിട്ടുണ്ടാകണം! കലാപങ്ങളിലൂടെ സംഘപരിവാർ ആഴത്തിൽ പരിക്കേൽപ്പിച്ച മുസഫർ നഗറിലുണ്ടായ ഈ സംഭവം ഒറ്റപ്പെട്ട ഒന്നല്ല. ജനാധിപത്യത്തിൻ്റെ മഹത്തായ മാതൃകയിൽ നിന്നും വിദ്വേഷത്തിന്റെ വിളനിലമായി ഇന്ത്യയെ മാറ്റാനാണ് ഹിന്ദുത്വ വർഗീയത ശ്രമിക്കുന്നത്. ഹരിയാനയിൽ നിന്നും മണിപ്പൂരിൽ നിന്നും യുപിയിൽ നിന്നുമെല്ലാം വരുന്ന വാർത്തകൾ അതിനെ സാധൂകരിക്കുന്നു. ന്യൂനപക്ഷങ്ങളേയും ദളിത് ജനവിഭാഗങ്ങളേയും അമാനവീകരിച്ച് മൃഗങ്ങളേക്കാൾ മോശമായ സാമൂഹ്യപദവിയിൽ ഒതുക്കുന്നതിനാണ് സംഘപരിവാർ ശ്രമിക്കുന്നത്.

അവരുടെ അപകടകരമായ വർഗീയ പ്രചരണത്തിനു ഒരു വ്യക്തിയെ എത്രത്തോളം പൈശാചികവൽക്കാരിക്കാൻ പറ്റുമെന്ന് ഈ പുതിയ വാർത്ത ഒന്നുകൂടി അടിവരയിടുന്നു. മനുഷ്യന് അധ:പ്പതിക്കാവുന്ന ഏറ്റവും മോശം മാനസികാവസ്ഥയാണ് വർഗീയതയെന്നു ഇത് നമ്മെ ബോധ്യപ്പെടുത്തുന്നു. സംഘപരിവാർ പ്രത്യയശാസ്ത്രത്തിനെതിരെ കൂടുതൽ കരുത്തുറ്റ പ്രതിരോധം ഉയർത്താൻ നമുക്ക് കഴിയേണ്ടതുണ്ട് എന്ന താക്കീതു കൂടിയായി ഈ സംഭവം മാറിയിരിക്കുന്നു. ആ ഉത്തരവാദിത്തം വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കാൻ ജനാധിപത്യ മതേതര വിശ്വാസികളെല്ലാം കൈകോർക്കണം. കരുത്തുറ്റ പ്രതിരോധം തീർക്കണം.

Eng­lish sum­ma­ry; Muzaf­far Nagar inci­dent: Chief Min­is­ter Pinarayi Vijayan’s Face­book post

you may also like this video;

Exit mobile version