Site iconSite icon Janayugom Online

അധികാരക്കൊതിയന്മാരുടെയും പണക്കിഴി മോഹികളുടെയും കൂറ്റന്‍ കൂടാരമായി ബിജെപി

അധികാരക്കൊതിയന്മാരുടെയും പണക്കിഴി മോഹികളുടെയും കൂറ്റന്‍ കൂടാരമാണ് ബിജെപി. ഇതെന്തിനുള്ള പടക്കോപ്പാണെന്ന് വിവേകമുള്ളവര്‍ക്ക് ബോധ്യമാകും. ഹിന്ദുരാജ്യം സ്ഥാപിച്ച് ഏകാധിപത്യ രീതിയില്‍ ഭരണം തുടരാനുള്ള സംഘ്പരിവാര്‍ തന്ത്രങ്ങളുടെ ഭാഗമാണ്, ഇതര കക്ഷികളില്‍ നിന്ന് കാശും കസേരയും കാണിച്ച് ആളുകളെ കൂടെക്കൂട്ടുന്നത്. മതേതര ജനാധിപത്യ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും പണമെറിഞ്ഞ് അധികാരം പിടിച്ചെടുക്കുക എന്നതാണ് ലക്ഷ്യം. ഇതോടെ ജനാധിപത്യ ഭരണത്തെ തന്നെ ഇല്ലാതാക്കി ഏകാധിപത്യരാഷ്ട്രമാക്കി ഇന്ത്യയെ വേഗത്തില്‍ മാറ്റാനാകും.

ഓരോ സംസ്ഥാനവും ഉന്നമിടുമ്പോഴും ശത്രുവിന്റെ വലുപ്പമാണ് സംഘ്പരിവാര്‍ ആദ്യം നോക്കുന്നത്. മഹാ വികാസ് അഘാഡി(എംവിഎ)യെ തകര്‍ക്കുക എന്ന ലക്ഷ്യത്തിന് പിന്നില്‍ കേവലം മഹാരാഷ്ട്രയിലെ ഭരണം പിടിച്ചെടുക്കുക എന്നതുമാത്രമല്ല. ആസന്നമായിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുകൂടിയുണ്ട്. ദേശീയ പ്രതിപക്ഷ മുന്നേറ്റത്തില്‍ കേരളത്തിലെ ഇടതുമുന്നണിയെപ്പോലെ മഹാരാഷ്ട്രയിലെ ഭരണമുന്നണിയായ എംവിഎയുടെ പങ്ക് ചെറുതൊന്നുമല്ല.

കേരളം എളുപ്പമല്ലെങ്കിലും വടക്കന്‍ സംസ്ഥാനങ്ങളിലെ രാഷ്ട്രീയത്തില്‍ പണക്കിഴിയില്‍ വീഴുന്നവരേറെയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ തന്നെ മുഖ്യമന്ത്രിക്കസേര ഉന്നമിട്ട ശിവസേന നേതാവായിരുന്നു, ഏക്‌നാഥ് ഷിന്‍ഡെ. ബിജെപിയുടെ വലയില്‍ ഉദ്ദവ് താക്കറെ മന്ത്രിസഭയിലെ അംഗമായ ഏക്‌നാഥ് മാത്രമല്ല, കൂടെ 21 എംഎല്‍എമാരും വിമത നീക്കത്തിലുണ്ട്. ഇവരെ ബിജെപി തങ്ങളുടെ താവളമായ ഗുജറാത്തിലേക്ക് കൊണ്ടുപോയി റിസോര്‍ട്ടില്‍ താമസമൊരുക്കിക്കൊടുത്തിരിക്കുകയാണ്. അവിടെ വച്ചാണ് കച്ചവടമുറപ്പിക്കുന്നത്. ഏക്‌നാഥ് ബിജെപിയുടെ പണം വാങ്ങിയെന്നതിന്റെ സൂചനകള്‍ പുറത്തുവന്നു തുടങ്ങിയിട്ടുണ്ട്.

ബിജെപിക്ക് പിന്തുണ നല്‍കാന്‍ ഉദ്ദവിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ ഏക്‌നാഥ് ഷിന്‍ഡെ. അതിനര്‍ത്ഥം മഹാരാഷ്ട്രയില്‍ മഹാസംഖ്യത്തെ അട്ടിമറിച്ച് എന്‍ഡിഎയ്ക്ക് ഭരണമുറപ്പിക്കാന്‍ ഏക്‌നാഥ് അച്ചാരം വാങ്ങിയെന്നതുതന്നെയാണ്. ഏക്‌നാഥിനെ, മുഖ്യമന്ത്രി ഉദ്ദവ് ഫോണില്‍ സംസാരിച്ചെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. പക്ഷെ, ഏക്‌നാഥ് വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടില്ല. താക്കറെ മന്ത്രിസഭയിലെ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലവഹിക്കുന്ന അംഗമായ ഏക്‌നാഥാണ് നിയമസഭയിലെ കക്ഷി നേതാവ്. രാഷ്ട്രീയ ലക്ഷ്യംവച്ച് ഗുജറാത്തിലേക്ക് കടന്നതോടെ നിയമസഭാ കക്ഷി നേതൃസ്ഥാനത്തുനിന്ന് ഏക്‌നാഥിനെ നീക്കുകയും ചെയ്തു.

അതേസമയം, ബാലാസാഹിബിന്റെ ആശയങ്ങളില്‍ അടിയുറച്ചുവിശ്വസിക്കുന്ന ഹിന്ദുത്വരാണ് തങ്ങളെന്നും അധികാരത്തിനുവേണ്ടി ചതിക്കില്ലെന്നുമാണ് ഏക്‌നാഥ് ഷിന്‍ഡെ അട്ടിമറി ലക്ഷ്യമിട്ട് ബിജെപി പാളയത്തിലേക്ക് പറക്കുമ്പോള്‍ പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു, ഏക്‌നാഥിന്റെ പ്രതികരണം. ബാലാസാഹിബ് പഠിപ്പിച്ചത് ഹിന്ദുത്വമാണ്. ബാലാസാഹിബിന്റെ ചിന്തകളെയും ധര്‍മ്മവീര്‍ ആനന്ദ് ദിഘെ സാഹിബിന്റെ പാഠങ്ങളെയും അധികാരത്തിനുവേണ്ടി തങ്ങള്‍ ഒരിക്കിലും വഞ്ചിക്കുകയില്ല. ഏക്‌നാഥ് പറയുന്നു. ഉദ്ദവിനെയും ശിവസേനയെയും ചതിച്ചുകൊണ്ടുതന്നെ ഇത്രമാത്രം പറയാന്‍ ഷിന്‍ഡെ മുതിര്‍ന്നത് ബിജെപിയുടെ പണക്കൊഴുപ്പില്‍ തന്നെയാണെന്നതില്‍ തര്‍ക്കമില്ല.

നിലവില്‍ മഹാരാഷ്ട്രയിലെ മുന്നണി സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായ സ്ഥിതിയാണ്. സംസ്ഥാനത്തെ ബിജെപി ക്യാമ്പ് ആഘോഷത്തിലാണ്. കുതിരക്കച്ചവടം നടത്തി അധികാരത്തില്‍ തിരിച്ചെത്താനാവുമെന്ന പരീക്ഷണ വിജയത്തിന്റെ ആഹ്ലാദത്തില്‍. മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് അടിയന്തരമായി ഡല്‍ഹിക്ക് തിരിച്ചിരുന്നു. പാര്‍ട്ടിയുടെ കേന്ദ്രനേതാക്കള്‍ക്ക് മധുരം വിളമ്പാനായി പോയതാണ് പ്രതിപക്ഷ നേതാവായ ഫഡ്നവിസെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്. അപ്പോഴും മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുകയാണെന്നതാണ് വസ്തുത.

ജനാധിപത്യത്തെയാണ് ബിജെപി ഈവിധം കശാപ്പുചെയ്യുന്നത്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും കുതിരക്കച്ചവടതന്ത്രം മഹാരാഷ്ട്രയിലും അവര്‍ പയറ്റുന്നു. മഹാരാഷ്ട്ര എംഎല്‍സി തെരഞ്ഞെടുപ്പില്‍ ക്രോസ് വോട്ട് നടന്നെന്ന സംശയം ബലപ്പെട്ടിരിക്കെയാണ് പുതിയ സംഭവവിവാസങ്ങള്‍.

Exit mobile version