കാറുകളുില്‍ മുൻസീറ്റില്‍ കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യുന്നത് അപകടകരമാണെന്ന മുന്നറിയിപ്പുമായി മോട്ടോര്‍വാഹന വകുപ്പ്. മലപ്പുറത്ത് രണ്ടുവയസുകാരി എയര്‍ ബാഗ് മുഖത്തമര്‍ന്ന് മരിക്കാനിടയായ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പ്. കുട്ടികളെ മടിയിലിരുത്തി യാത്ര ചെയ്യുമ്പോള്‍ നമുക്കും സീറ്റ് ബെൽറ്റിനും ഇടയിൽ ഞെരുങ്ങി കുട്ടികൾ മരിക്കാനുള്ള സാധ്യത കൂടുതലാണെന്നും എംവിഡി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
സീറ്റുകളും സീറ്റുകളിലെ ഈ സുരക്ഷാ ക്രമീകരണങ്ങളും മുതിർന്നവർക്ക് അനുയോജ്യമായ വിധത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഇത്തരം സീറ്റുകളിൽ കുട്ടികൾക്കായി പ്രത്യേക ചൈല്‍ഡ് സേഫ്‍റ്റി സീറ്റുകള്‍ വാഹന നിർമ്മാതാക്കൾ ഓണേഴ്സ് മാനുവലില്‍ അനുശാസിക്കുന്ന വിധത്തിലേ ഉപയോഗിക്കാവൂ. യാത്രയ്ക്കിടെ വാഹനം ബ്രേക്ക് ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കില്‍ വാഹനത്തിനുള്ളിൽ നിൽക്കുന്നവരായാലും ഇരിക്കുന്നവരായാലും മുന്നോട്ട് തെറിച്ചുവീഴാം. ഇത്തരത്തിൽ നിരവധി അപകടങ്ങൾ ഉണ്ടാകാറുമുണ്ട്.
60 കിലോ ഭാരമുള്ള ഒരാൾ 60 കിലോമീറ്റര്‍ വേഗതയിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്ന് ബ്രേക്കിടുമ്പോഴോ അപകടത്തിൽ വാഹനം ഇടിച്ചു നിൽക്കുമ്പോഴോ അയാളുടെ ശരീരഭാരത്തിന്റെ 60 മടങ്ങ് ശക്തിയോടെയാകും മുമ്പിലെ ഗ്ലാസിലോ സീറ്റിലോ യാത്രക്കാരിലോ വാഹനത്തിന്റെ മറ്റു ഭാഗങ്ങളിലോ ഇടിക്കുക. ആ സമയത്ത് 60 കിലോ ഭാരം ഏകദേശം 800 കിലോ ഭാരമായിട്ടാകും അനുഭവപ്പെടുക. ഈ സാഹചര്യത്തിലാണ് സീറ്റ് ബെല്‍റ്റുകള്‍ ഏകരക്ഷകരാവുന്നത്. സീറ്റ് ബെൽറ്റുകളുടെ സുരക്ഷാപൂരക സംവിധാനങ്ങളാണ് എയർ ബാഗുകൾ. സീറ്റ് ബെൽറ്റുകൾ ശരീരത്തെ സീറ്റിനോട് ചേർത്ത് പിടിക്കുമ്പോൾ ഒരു ആഘാതത്തിൽ പിന്നിലേയ്ക്ക് നീങ്ങാവുന്ന സ്റ്റിയറിങ് മുതലായ വാഹനഭാഗങ്ങളാൽ സീറ്റിനോട് ചേർന്ന് നിൽക്കുന്ന ശരീരത്തിൽ ആഘാതം ഏൽക്കാതിരിക്കാൻ എയർ ബാഗുകളുടെ പ്രവർത്തനം സഹായിക്കും.