ഒറ്റവരികഥകളിലൂടെ ശ്രദ്ധേയനായ ചിത്രകാരൻ ഗോപിമംഗലത്തിന്റെ ഫേസ് ബുക്കിലെ ‘എന്റ വരകൾ’ ആയിരം ദിനങ്ങൾ പിന്നിട്ടു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പോത്സാഹനമാണ് ചിത്രം പോസ്റ്റ് ചെയ്യൽ തുടരാൻ സഹായകരമായതെന്ന് ചിത്രകാരൻ പറഞ്ഞു. തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്ടിൽ നിന്നും അപ്ലൈഡ് ആർട്ടിൽ ബിഎഫ്എ ഡിഗ്രി കഴിഞ്ഞ് കോയമ്പത്തൂർ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ പ്രമുഖ പരസ്യഏജൻസികളിൽ ആർട്ടിസ്‌റ്റായും, വിഷ്വലൈസറായും, ആർട്ട് ഡയറക്ടറായും,ക്രീയേറ്റീവ് ഡയറക്ടറായും ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം മലയാറ്റൂർ സ്വദേശിയാണ്.
എറണാകുളം കച്ചേരിപ്പടിയിൽ ഗോൾഡൻ ജോക്സ്ബുക്സ്, അഡ്വർടൈസിങ് എന്ന സ്ഥാപനം ആരംഭിച്ച് വരയും പെയിന്റിങ്ങും, ശില്പ നിർമാണവുമായി നീങ്ങിയപ്പോൾ കോവിഡ് രോഗബാധിതനായി. ഈ സന്ദർഭത്തിൽ വീട്ടിലേക്ക് പോകാൻ കഴിയാതെ വന്നപ്പോഴാണ് രാത്രിയും പകലുമിരുന്ന് തുടർച്ചയായി വരയ്ക്കാൻ തുടങ്ങിയത്. നല്ലതെന്നു തോന്നിയ ചിലത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. അറിയപ്പെടുന്ന ചിത്രകാരന്മാരിൽ പലരും ഇത് ലൈക് ചെയ്തു. ചിലർ ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. പിന്നെ തുടർച്ചയായി വരയ്ക്കാൻ തുടങ്ങി. വരയുടെ പൂർണതക്കായി മൗസ് ഉപയോഗിച്ച് കോറൽഡ്രോയിൽ വരയ്ക്കും. എന്നാലും കടലാസിൽ റഫ്സ്കെച്ച് സ്കാൻ ചെയ്തതതിനു മേലെയാണ് മൗസ് ഉപയോഗിച്ച് വരയ്ക്കാറുള്ളതെന്ന് ഗോപി പറഞ്ഞു. ആദ്യത്തെ ഫിലിംറോൾ ബുക്ക് ഡിസൈൻ ചെയ്‌തും സംഭാഷണം ഇല്ലാത്ത 35 എംഎം അബ്‌സ്ട്രാക്ട് സിനിമ എഴുതി സംവിധാനം ചെയ്‌തും ലിംകാ ബുക് ഓഫ് വേൾഡ് റെക്കോർഡ്‌സിൽ ഇടം നേടിയിട്ടുണ്ട്.കൂടാതെ ആദ്യത്തെ കോളാഷ് സ്റ്റോറിയുൾപ്പെടെ എഴുതി ബെസ്ററ് ഓഫ് ഇന്ത്യ റെക്കോർഡ്‌സിൽ മൂന്ന് റെക്കോർഡും നേടി. കൊച്ചി സ്മാർട്ട് സിറ്റി ലോഗോ അവാർഡ് ലഭിച്ചിട്ടുണ്ട് .പത്തിലധികം പുസ്‌തകങ്ങൾ രചിച്ചു .