Site iconSite icon Janayugom Online

കല്‍ക്കരി ഇറക്കുമതിയില്‍ ദൂരൂഹത

വൈദ്യുതി ഉല്പാദനത്തിനായി കല്‍ക്കരി ഇറക്കുമതി ചെയ്യുന്നതില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം. 2024 മാര്‍ച്ച് 31 വരെ ലേലത്തിലൂടെ കല്‍ക്കരി ഇറക്കുമതി ചെയ്ത് നാല് ശതമാനം കല്‍ക്കരിയുമായി സംയോജിപ്പിക്കണമെന്ന് ഊര്‍ജ മന്ത്രാലയം വൈദ്യുത ഉല്പാദന കമ്പനികള്‍ക്ക് സെപ്റ്റംബര്‍ ഒന്നിന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് വിവാദമായിരിക്കുന്നത്. അഡാനി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവരെ സഹായിക്കുന്നതിനുവേണ്ടിയാണ് തീരുമാനമെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ആവശ്യത്തിന് കല്‍ക്കരി ലഭ്യമാകുന്നില്ല എന്നതാണ് ഇറക്കുമതി തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം സെപ്റ്റംബര്‍ അഞ്ചിന് കല്‍ക്കരി മന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പില്‍ രാജ്യത്തെ ഊര്‍ജ ആവശ്യങ്ങള്‍ക്കനുസൃതമായ കല്‍ക്കരി ഉണ്ടെന്നാണ് കണക്കുകള്‍.

ഊര്‍ജ മേഖലയ്ക്ക് 324.50 മെട്രിക്ക് ടണ്‍ കല്‍ക്കരി നല്‍കിയതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 5.80 ശതമാനത്തിന്റെ അധിക വിതരണമാണ് ഉണ്ടായതെന്നും കല്‍ക്കരി മന്ത്രാലയം അവകാശപ്പെടുന്നു. ഊര്‍ജ മന്ത്രാലയത്തിന്റെ വിജ്ഞാപനം ഇതിന് വിപരീതമാണെന്നും ഊര്‍ജ ഉപയോക്താക്കളുടെയും രാജ്യത്തെ ജനങ്ങളുടെയുമാകെ താല്പര്യത്തിന് എതിരാണെന്നും ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.

2022 ഏപ്രിലില്‍ ആവശ്യത്തിന് കല്‍ക്കരി ലഭ്യമല്ലെന്ന കാരണം ചൂണ്ടിക്കാട്ടി മോഡി സര്‍ക്കാര്‍ 10 ശതമാനം മിശ്രണത്തിനായി ജെൻകോയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്യാൻ ഉത്തരവിട്ടിരുന്നു. എന്നാല്‍ അതേവര്‍ഷം തന്നെ രാജ്യസഭയില്‍ കല്‍ക്കരി ക്ഷാമമില്ലെന്നായിരുന്നു സര്‍ക്കാരിന്റെ പ്രസ്താവന.

കോള്‍ ഇന്ത്യ ലിമിറ്റഡ് യൂണിറ്റിന് രണ്ട് രൂപ നിരക്കില്‍ ഈടാക്കുമ്പോള്‍ ഇറക്കുമതി ചെയ്യപ്പെടുന്ന കല്‍ക്കരിക്ക് യൂണിറ്റിന് ഏഴ് മുതല്‍ എട്ട് രൂപ വരെയാണ് വില. ഇത്തരത്തില്‍ കല്‍ക്കരി ഇറക്കുമതി ചെയ്തതിലൂടെ നാഷണല്‍ തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷ(എൻടിപിസി) ന് 2022 സെപ്റ്റംബറില്‍ വരുമാനത്തില്‍ ഏഴ് ശതമാനം ഇടിവുണ്ടായി.
2023 ഒക്ടോബര്‍ മുതല്‍ 2024 മാര്‍ച്ച് വരെ ഊര്‍ജ ഉല്പാദനത്തില്‍ ഏഴ് മെട്രിക്ക് ടണ്‍ കല്‍ക്കരിയാണ് കുറവുണ്ടാകാനിടയുള്ളതെന്ന് ഊര്‍ജ മന്ത്രാലയം കണക്കാക്കുന്നു. എന്നാല്‍ 20 മെട്രിക്ക് ടണ്‍ ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ്. 2020 വരെ ഓസ്ട്രേലിയയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി വളരെ കുറവായിരുന്നുവെങ്കില്‍ 2022ല്‍ ഇത് 13 ശതമാനമായി ഉയര്‍ന്നു. 2021 ഡിസംബറിലാണ് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡില്‍ നിന്നും അഡാനിയുടെ നേതൃത്വത്തില്‍ ആദ്യമായി കല്‍ക്കരി ഇറക്കുമതി ചെയ്തിട്ടുള്ളത്.

Eng­lish sum­ma­ry; Mys­tery in coal import

you may also like this video;

Exit mobile version