Site iconSite icon Janayugom Online

നവീൻബാബുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദുരൂഹത ; ഡോക്ടർക്കെതിരെ പരാതിയുമായി ബന്ധുക്കൾ

എഡിഎം നവീൻബാബുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ നിന്ന് വിരുദ്ധമായി ആന്തരിക അവയവങ്ങളിലും ശരീരത്തിലും മറ്റുപരിക്കുകളില്ല എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്. നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ ഇൻക്വസ്റ്റ് റിപ്പോർട്ട് കൃത്യമായി വായിച്ചു നോക്കേണ്ടതായിരുന്നുവെന്ന് നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ പറഞ്ഞു. നവീൻ ബാബുവിന്റെ മരണത്തിൽ ഇപ്പോഴും ഗൂഢാലോചന സംശയിക്കുന്നുണ്ട്. മൃതശരീരത്തിൽ നിന്നും രക്തസ്രാവം ഉണ്ടായിട്ടുണ്ട്. 

അതിനർത്ഥം ഒരു മുറിവ് ശരീരത്തിൽ എവിടെയോ ഉണ്ടായിട്ടുണ്ട് എന്നാണ്. അത് എന്തായിരുന്നു എന്ന് പറയേണ്ടത് പൊലീസിന്റെ ബാധ്യതയും പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറുടെ ചുമതലയുമാണ്. അന്വേഷണം തുടക്കം മുതൽ ശരിയായ ദിശയിലല്ല നടക്കുന്നത്. ഒരു പ്രതി മാത്രമല്ല ഇതിലുള്ളത്, ഒന്നിലധികം പേർ നവീൻ ബാബുവിന്റെ മരണത്തിൽ ഇടപെട്ടിട്ടുണ്ട്. കുറ്റക്കാരെല്ലാം കോടതിക്ക് മുന്നിലെത്തണം. അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം കോടതി പ്രഖ്യാപിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ പറഞ്ഞു .

ഒക്ടോബര്‍ 15ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നുവെന്ന് പരാമര്‍ശമുള്ളത്. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങൾ പറയുന്നില്ല. നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയെന്ന് പൊലീസ് സിബിഐ അന്വേഷണത്തെ എതിർത്തുകൊണ്ട് ഹൈക്കോടതിയെ അറിയിച്ചത്. ഈ വാദം തെറ്റാണെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വരുന്നതെന്നാണ് നവീന്റെ കുടുംബം പറയുന്നത്.

Exit mobile version