Site iconSite icon Janayugom Online

ആത്മഹത്യാ കുറിപ്പിലെ കൈയക്ഷരം റിന്‍സയുടേതല്ല; തെളിവുകളും ലഭിച്ചില്ല: റാന്നിയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് കാട്ടി പൊലീസില്‍ പരാതി

RinsaRinsa

വീടിനുള്ളിൽ യുവതിയും കുഞ്ഞും ദുരൂഹ സാഹചര്യത്തില്‍ തീപൊള്ളലേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത ഉണ്ടന്നു ആരോപണവുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്ത്. യുവതിയുടെ അമ്മയും, സഹോദരനും ചേർന്ന് റാന്നി ഡി.വൈ.എസ്.പിക്ക് ഇതു സംബന്ധിച്ച് പരാതി നല്കി. മുൻപ് യുവതിയുടെ ഭർതൃഗൃഹത്തിനു സമീപമുള്ള പ്രദേശവാസികൾ ജില്ലാ പൊലീസ് മേധാവിക്കും, മനുഷ്യാവകാശ കമ്മീഷനും ഇതേ കാര്യം ഉന്നയിച്ച് പരാതി നല്കിയിരുന്നു. ഐത്തല മങ്കുഴിമുക്ക് മീന്‍മുട്ടുപാറ ചുവന്നപ്ലാക്കല്‍ തടത്തില്‍ സജു ചെറിയാന്‍റെ ഭാര്യ റിന്‍സ(23),മകള്‍ അല്‍ഹാന അന്ന (ഒന്നര) എന്നിവരാണ് കഴിഞ്ഞ ഏപ്രിൽ നാലിന് വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടത്.
നാടിനെ നടുക്കിയ അമ്മയുടെയും മകളുടെയും മരണത്തില്‍ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്കിയിട്ടും, അന്വേഷണം വേണ്ട വിധത്തില്‍ നടക്കുന്നില്ലെന്നു കാട്ടിയാണ് നാട്ടുകാർ മനുഷ്യവകാശ കമ്മീഷനെ സമീപിച്ചത്.പിന്നീടും അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതിനെ തുടർന്നാണ് ബന്ധുക്കൾ റാന്നി ഡി.വൈ.എസ് പി.ക്ക് പരാതി നല്കിയത്. ചെറിയ കുപ്പിയിലെ മണ്ണെണ്ണ ഒഴിച്ചാണ് തീ കത്തിച്ചതെന്നാണ് അന്ന് പൊലീസ് പറഞ്ഞത്. എന്നാൽ വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്ത ഒരു സാഹചര്യവും കാണുന്നില്ല. ഇവരുടെ ബന്ധുക്കൾ അടുത്തായിട്ടാണ് താമസിക്കുന്നത്. എന്നാല്‍ ഒരു ശബ്ദവും ബന്ധുക്കൾ കേട്ടില്ലെന്നാണ് പറയുന്നത്. പിന്നിട് നാട്ടുകാർ ജില്ലാ പൊലീസ് മേധാവിക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ നാട്ടുകാരായ പരാതിക്കാരെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയപ്പോൾ യുവതി ആത്മഹത്യ ചെയ്തതാണന്ന് സ്ഥാപിക്കുന്നതിനു വേണ്ടി യുവതിയുടെ കൈയ്യക്ഷരവുമായി പുലബന്ധം പോലും ഇല്ലാത്ത ഒരു ആത്മഹത്യ കുറിപ്പു കാണിച്ചിരുന്നു. ആത്മഹത്യാ കുറിപ്പിൽ ഭർത്താവിൻ്റെ പ്രേരണ മൂലമാണ് ജീവനൊടുക്കുന്നതെന്ന് പറയുന്നുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.

Eng­lish Sum­ma­ry: mys­tery in Ran­ni moth­er child duo death

You may like this video also

Exit mobile version