Site iconSite icon Janayugom Online

ഗാന്ധിജിയുടെ ഓർമ്മകളിലൂടെ നാട് ; പ്രദര്‍ശനം ആരംഭിച്ചു

മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വവും അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവബഹുലമായ അവസാന 18 മാസം ചെലവഴിച്ച ഇടങ്ങളിലൂടെയുള്ള യാത്രകളും ഓര്‍മിപ്പിക്കുന്ന യാത്രാക്കുറിപ്പുകളും കലാസൃഷ്ടികളും വീഡിയോകളും ഇന്‍സ്റ്റലേഷനുകളുമുള്‍പ്പെട്ട ‘യു ഐ കുഡ് നോട്ട് സേവ്, വാക്ക് വിത്ത് മി’ പ്രദര്‍ശനത്തിന് തുടക്കമായി. ഗാന്ധിജിയുടെ അനുസ്‌മരണ ദിനമായ ഇന്ന് കൊച്ചി ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നവര്‍ മെഴുകുതിരികള്‍ കത്തിച്ചു പിടിച്ച് അനുസ്മരിച്ചതോടെയാണ് പ്രദര്‍ശനം ആരംഭിച്ചത്. ഉദ്ഘാടന ചടങ്ങില്‍ ചരിത്രകാരന്‍ സുധീര്‍ ചന്ദ്ര, ഡല്‍ഹി യൂണിവേഴ്‌സിറ്റി ഗാന്ധിയന്‍ സ്റ്റഡീസ് അധ്യാപകന്‍ കെ പി ശങ്കരന്‍, സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ തുടങ്ങിവര്‍ പങ്കെടുത്തു. 

തുടര്‍ന്ന് ശ്രീവത്സന്‍ ജെ മേനോന്‍, വിധു വിജയ്, ആര്യവൃന്ദ നായര്‍ എന്നിവര്‍ ‘രഘുപതി രാഘവ രാജാ റാം’ ആലപിച്ചു. നാളെ വൈകിട്ട് അഞ്ച് മണിക്ക് ‘ഗാന്ധിക്ക് നമ്മെ രക്ഷിക്കാനാകുമോ’ എന്ന വിഷയത്തില്‍ നടക്കുന്ന സംഭാഷണത്തില്‍ ഡോ. എം വി നാരായണനും സുധീര്‍ ചന്ദ്രയും പങ്കെടുക്കും. ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടി ചരിത്രകാരനും കവിയുമായ പി എന്‍ ഗോപീകൃഷ്ണനും ഫോട്ടോഗ്രാഫര്‍ സുധീഷ് എഴുവത്തും നടത്തിയ അന്വേഷണമാണ് പ്രദര്‍ശനത്തിന്റെ കാതല്‍. അവര്‍ക്കൊപ്പം ഈ പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരായ ചിത്രകാരന്‍ മുരളി ചീരോത്തും ഹ്യൂമന്‍ ജിയോഗ്രഫര്‍ ഡോ. ജയരാജ് സുന്ദരേശനും പ്രദര്‍ശനത്തിന് പ്രചോദനമായി. 

പ്രദര്‍ശനം ഫെബ്രുവരി 18 വരെ നീണ്ടുനില്‍ക്കും. രാവിലെ 11 മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രദര്‍ശന സമയം. ഫെബ്രുവരി 16 വരെ നടക്കുന്ന വിവിധ ചര്‍ച്ചാ പരിപാടികളില്‍ മന്ത്രി എം ബി രാജേഷ്, സുധീര്‍ ചന്ദ്ര, എം വി നാരായണന്‍, എസ്. ഗോപാലകൃഷ്ണന്‍, പി എന്‍ ഗോപീകൃഷ്ണന്‍, സുധീഷ് എഴുവത്ത്, രാമചന്ദ്ര റാഹി, എ അണ്ണാമലൈ, പാപ്പരി സര്‍ക്കാര്‍, രഹ നബ കുമാര്‍, ഇ പി ഉണ്ണി, എന്‍ എസ് മാധവന്‍, ആര്‍ ശിവകുമാര്‍, വി എം ഗിരിജ, എം സുചിത്ര, അന്‍വര്‍ അലി തുടങ്ങിയവര്‍ പങ്കെടുക്കും.

Exit mobile version