ഒളിവിലിരുന്നു നാടകമെഴുതുകയും ആ നാടകത്തിനു പിന്നാലെ കേരളത്തിലെ ജനസഹസ്രങ്ങളെ ചെങ്കൊടി കയ്യിലേന്തി നടത്തിക്കുകയും ചെയ്തത് തോപ്പിൽ ഭാസിയായിരുന്നു. അരങ്ങിൽ നിന്ന് തുടങ്ങിയ ആ വിപ്ലവം രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളെ സ്വാധീനിച്ചു. മലയാളനാടകവും ഭരണസംവിധാനവുമെല്ലാം മാറി. നാടകകൃത്തുകൂടി അംഗമായ നിയമസഭയുണ്ടായി.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിക്കുശേഷം മാറ്റത്തിന്റെ തുടിമുഴക്കി കേരളത്തിന്റെ തെരുവുകളെ പ്രകമ്പനം കൊള്ളിച്ച നാടകമായിരുന്നു നാടുഗദ്ദിക. നിരോധിക്കപ്പെടുകയും നാടകകൃത്തടക്കം ജയിലിലാവുകയും ചെയ്തു. ജയിലിലായ നാടകസംഘം ജയിലിനെ അരങ്ങാക്കി. നാടകം കാണേണ്ടിവന്ന പൊലീസ് മേധാവിയെ കോടതിവിസ്തരിച്ചു. നല്ല നാടകമായിരുന്നു എന്ന മൊഴിയെത്തുടർന്ന് നാടകക്കാർ ജയിൽ വിമോചിതരായി. ഇത് കെ ജെ ബേബിയുടെ നാടകജീവിതം. അവിശ്വസനീയമായ പരീക്ഷണജീവിതത്തിന് ബേബി സ്വയം അന്ത്യംകുറിച്ചു. കുടുക്കയെഴുതിയ പി എം താജിന്റെയും നക്സൽബാരി വിപ്ലവത്തിന് നേതൃത്വം നൽകിയ കനുസന്യാലിന്റെയും പാത.
കെ ജെ ബേബിയെ വയനാട്ടിലെ ജനങ്ങൾ നെഞ്ചോട് ചേർത്തുപിടിച്ചത് വയനാട് എന്ന സ്വാഭിമാന ഗാനം കേട്ടപ്പോഴാണ്. മാനന്തവാടിയിൽ നടന്ന ഗാനമേള മത്സരം. വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വിവിധ വാദ്യോപകരണങ്ങളോടെ എത്തിയ സംഘങ്ങളുമായിട്ടായിരുന്നു മത്സരം. ആദിവാസികളായ ആറ് പാട്ടുകാരും പുഴയിലെ പളുങ്കുകല്ലുകൾ തുണിയിൽ കെട്ടി സ്വയമുണ്ടാക്കിയ താളക്കിഴിയുമായി സ്റ്റേജിൽ കയറിയ ബേബിയെ കൂവലോടെയാണ് സദസ്യർ എതിരേറ്റത്. ഒന്നുമില്ലാത്തവരായതിനാൽ അവരുടെ സംഘത്തിന്റെ പേര് സീറോ തിയേറ്റേഴ്സ് എന്നുമായിരുന്നു.
‘വീട് എൻ നാട് വയനാട്, കൂട് എൻ മേട് വയനാട് എന്നായിരുന്നു പാട്ടിന്റെ ആദ്യവരികൾ. പാട്ടിൽ പഴശിരാജയും കുറിച്യപ്പടയും തലയ്ക്കൽ ചന്തുവും കരിന്തണ്ടനുമെല്ലാം ജീവൻവച്ച് വന്നു. ദരിദ്രരായ പാട്ടുകാരെ കൂവലോടെ സ്വാഗതം ചെയ്ത മാനന്തവാടിയിലെ ആസ്വാദകസമൂഹം ആ പാട്ട് ഏറ്റുപാടി. സമ്മാനമായ ഗിറ്റാർ, ‘സീറോ‘കൾ സ്വന്തമാക്കുകയും ചെയ്തു.
പിന്നെയാണ് നാടുഗദ്ദിക എന്ന തെരുവ് നാടകം പിറക്കുന്നത്.
ഗദ്ദിക ആദിവാസികളുടെ അനുഷ്ഠാനമാണ്. അതിനെ ഒരു കലാരൂപമാക്കി മാറ്റി അവതരിപ്പിക്കാൻ നേതൃത്വം നൽകിയത് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേരള നാടൻകലാ അക്കാദമിയുടെ അധ്യക്ഷനുമായിരുന്ന പി കെ കാളനായിരുന്നു. നാടുഗദ്ദികയിലെ അനുഷ്ഠാനത്തെ വിമോചന രാഷ്ട്രീയത്തിന്റെ ദൃശ്യരൂപമാക്കുകയാണ് ബേബി ചെയ്തത്. പലയിടത്തും ‘വാഴ്ത്തുന്നു മർത്യാ‘യെന്ന ജനകീയഭജനയും ഉണ്ടായിരുന്നു. ‘വിശക്കുന്ന ഞങ്ങടെ വയറുകൾ വീർപ്പിച്ചു തന്നവനേ ഉദ്ധാരകനേ നീയേ ശരണം’ തുടങ്ങിയ വരികളിലെ പരിഹാസമുനയിൽ കാണികൾ മുറിവേറ്റവരായി കൂടെപ്പാടി. വിഖ്യാത നാടകവിലയിരുത്തൽ പ്രമാണിമാർ തള്ളിക്കളഞ്ഞ ഈ നാടകത്തെക്കുറിച്ച് കേരളത്തോട് സംസാരിച്ചത് ഡോ. ടി പി സുകുമാരനാണ്.
കെ ജെ ബേബി പത്തിലധികം നാടകങ്ങൾ എഴുതി. ഒടുവിൽ ഒറ്റയാൾ നാടകവും അരങ്ങിൽ നിറഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ അവിടെ തളംകെട്ടിയില്ല. വയനാട്ടിലുണ്ടായിരുന്ന അടിമക്കച്ചവടത്തിന്റെ തെളിവുകൾ, കോളജ് അധ്യാപികയായ ഭാര്യ ഷേർളിയോടൊപ്പം ശേഖരിച്ചു പഠിക്കുകയും മാവേലിമന്‍റം എന്ന നോവൽ പിറക്കുകയും ചെയ്തു. പോൾ കല്ലാനോടിന്റെ മുഖചിത്ര രചനയോടൊപ്പമിറങ്ങിയ ആ പുസ്തകം കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരത്തിന് അർഹമായി. കുടിയേറ്റം പ്രമേയമായ ബസ്പുർക്കാനായും ശ്രദ്ധേയമായ നോവലായി. വില്യം ലോഗൻ അടയാളപ്പെടുന്ന ഗുഡ് ബൈ മലബാർ എന്ന നോവലും ഏറെ വായിക്കപ്പെട്ടു.
കനവ് ആയിരുന്നു മറ്റൊരു പരീക്ഷണം. നിലവിലുള്ള പാഠ്യപദ്ധതികളെയെല്ലാം തിരസ്കരിച്ചുകൊണ്ട് തുടങ്ങിയ ബദൽ വിദ്യാലയം. അവിടെ ജീവിക്കാനാവശ്യമുള്ള കണക്കും ചരിത്രവും, പല ഭാഷകൾ സംസാരിക്കാനുള്ള പരിശീലനവും, പാട്ടും നൃത്തവും ചിത്രകലയും ശില്പകലയും ഛായാഗ്രഹണവുമെല്ലാം പഠനവിഷയമായി. കുറഞ്ഞ സൗകര്യത്തിൽ പരമാവധി പ്രയോജനം, സ്കൂൾപ്പേടിയുള്ള ആദിവാസിക്കുഞ്ഞുങ്ങൾക്കുണ്ടായി.
മനോജ് കാനയുടെ കെഞ്ചിരയെന്ന പണിയഭാഷാ സിനിമയിൽ ആദിവാസിക്കുഞ്ഞുങ്ങൾ പഠിക്കാൻ പോകാത്തത് വിഷയമാകുന്നുണ്ട്. അവർക്ക് താല്പര്യമുള്ള വിഷയങ്ങൾ സ്വയം പരിശീലിക്കാൻ അവസരമൊരുക്കിക്കൊണ്ട് ലോകഭൂപടത്തിലേക്ക് സഞ്ചരിപ്പിക്കുകയായിരുന്നു കെ ജെ ബേബി ചെയ്തത്. ഗുഡ എന്ന സിനിമ ഈ പരീക്ഷണത്തിന്റെ ഫലമാണ്. ഒടുവിൽ ആ വിദ്യാലയം കനവുമക്കൾക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
മേധാപട്കർ നടത്തിയ സമരങ്ങളിലൊക്കെ പങ്കെടുക്കുകയും ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞ് അനുഭവപാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്ത കെ ജെ ബേബി, കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒറ്റപ്പെട്ട നക്ഷത്രമായി തിളങ്ങിനിൽക്കും.