മണിച്ചിത്രത്താഴ് സിനിമയിലെ നാഗവല്ലിയെന്ന കഥാപാത്രത്തിന് നാടക നൃത്താവിഷ്‌കാരം നൽകിയ “നാഗവല്ലീമനോഹരീ” എന്ന നാടക‑നൃത്താവിഷ്‌കാരം നവംബർ മൂന്നിന് അരങ്ങിലെത്തും. തൃശൂർ റീജിയണൽ തിയ്യറ്ററിൽ വൈകീട്ട് ആറിന് മന്ത്രി ആർ ബിന്ദുവിന്റെ സാന്നിധ്യത്തിലാണ് നൃത്താവിഷ്‌കാരം. സാങ്കേതികതയുടെ കാഴ്‌ചവസന്തം ഒരുക്കി ചങ്ങനാശേരി ജയകേരളയാണ് അരങ്ങിലെത്തിക്കുന്നത്. “നാഗവല്ലീമനോഹരീ” എന്ന നാടക‑നൃത്താവിഷ്‌കാരത്തിന് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ശാലുമേനോനാണ്. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നൽകുന്നതാണ് നാടക‑നൃത്താവിഷ്‌കാരം. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള നൃത്താവിഷ്‌കാരത്തിൽ പത്ത് നർത്തകികൾ ഉൾപ്പെടെ 20 പേരുണ്ട്.
മലയാള നാടക നൃത്താവിഷ്‌കാര വേദിയിൽ ആദ്യമായി ഇൻട്രാക്റ്റിങ് എൽഇഡി വോൾ ഉപയോഗിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. കഥാപാത്രങ്ങൾ രംഗങ്ങൾക്ക് അനുസൃതമായി എൽഇഡി വോളിലെ കഥാപാത്രങ്ങൾ സന്ദർഭങ്ങൾ എന്നിവയോട് സംവദിക്കുന്നതും പ്രത്യേകതയാണ്. നടൻ മോഹൻലാലിന്റെ സഹകരണവും “നാഗവല്ലി”ക്കുണ്ട്. ഹേമന്ത്കുമാറാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം ശരത്തും സാങ്കേതിക സംവിധാനം അജി അയിരയുമാണ് നിർവ്വഹിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ ശാലുമേനോൻ, ഹേമന്ത്‌കുമാർ, ശരത്ത്, അജി ആയിര, കലാദേവി എന്നിവർ പങ്കെടുത്തു.