സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ ‘കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു. നമ്മുടെ സംസ്ഥാനത്തിന്റെ നാമധേയം മലയാള ഭാഷയിൽ കേരളം എന്നാണ്. എന്നാൽ ഭരണഘടനയുടെ ഒന്നാം പട്ടികയിൽ ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ‘കേരളം’ എന്നാക്കി ഭേദഗതി വരുത്തുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് കേന്ദ്ര സർക്കാരിനോട് പ്രമേയത്തിലൂടെ ഏകകണ്ഠേന ആവശ്യപ്പെട്ടു.
ഇതേ വിഷയത്തില്‍, കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒമ്പതിന് മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠേന പാസാക്കിയിരുന്നു. പ്രമേയത്തിൽ ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നതിന് പകരം ‘കേരളം’ എന്ന് മാറ്റുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസ്ഥാനത്തിന്റെ നാമധേയം ഇപ്രകാരം ഭേദഗതി വരുത്തുന്നതിന് ഭരണഘടനയുടെ ഒന്നാം പട്ടികയിൽ മാത്രം ഭേദഗതി വരുത്തിയാൽ മതിയാകുമെന്നും എട്ടാം പട്ടികയിൽ മാറ്റം വരുത്തേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തിലാണ് പുതുക്കിയ പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചത്.
English Summary:Name of State Kerala: The resolution was unanimously passed by the Assembly
You may also like this video