Site iconSite icon Janayugom Online

കാരി‘ക്ക് പേരായി: കേരളത്തിലെ കാരിക്ക് ശാസ്ത്രനാമം ഹെറ്റെറോന്യുസ്റ്റ്യസ് ഫക്സസ്

കേരളത്തിലെ നാടൻ മത്സ്യമായ കാരിക്ക് ശാസ്ത്രീയനാമം ലഭിച്ചു. ഹെറ്റെറോന്യൂസ്റ്റ്യസ് ഫക്സസ് എന്നാണ് ഇതിന് നാമകരണം ചെയ്തത്. തമിഴ്‌നാട്ടിലെ തരങ്കമ്പാടി എന്ന സ്ഥലത്തുള്ള ബ്രൗൺ ചോക്ലേറ്റ് നിറങ്ങളിൽ കാണപ്പെടുന്ന കാരിയുടെ ശാസ്ത്രീയ നാമമായ ഹെറ്റെറോന്യൂസ്റ്റ്യസ് ഫോസിലിസ് എന്ന പേരിലാണ് ഇതുവരെ കേരളത്തിലെ കാരി മീനും അറിയപ്പെട്ടിരുന്നത്.
കോട്ടയം ഗവൺമെന്റ് കോളജ് സുവോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഡിപ്പാർട്ട്മെന്റ് മേധാവിയും മാവേലിക്കര തടത്തിലാൽ സ്വദേശിയുമായ ഡോ മാത്യൂസ് പ്ലാമ്മൂട്ടിൽ കേരളത്തിലെ കറുത്ത നിറത്തിലുള്ള കാരി മത്സ്യത്തെക്കുറിച്ച് പഠനം നടത്തിയത്. ഈ ശാസ്ത്രീയ, വർഗ്ഗീകരണ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലെ കാരിയിൽ നിന്നും തീർത്തും വിഭിന്നമാണ് കേരളത്തിൽ കണ്ടുവരുന്നതെന്ന് തിരിച്ചറിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ശാസ്ത്രീയ നാമം ലഭിച്ചത്. പത്തനംതിട്ടയിലെ ഒരു നീർച്ചാലിൽ നിന്നും ശേഖരിച്ച കാരിയാണ് വിദഗ്ധ പഠനങ്ങൾക്ക് വിധേയമാക്കിയത്. സാധാരണയായുള്ള വർഗ്ഗീകരണ ശാസ്ത്ര രീതികൾ കൂടാതെ ഡിഎൻഎ ബാർകോഡിംഗ് ഉൾപ്പെടെയുള്ള തന്മാത്ര തലത്തിലുള്ള ശാസ്ത്രീയ പഠന രീതികളും ഇതിൽ അവലംബിച്ചിരുന്നു.
കേരളത്തിൽ നദികളിലും അരുവികളിലും പാടങ്ങളിലും ചതുപ്പുനിലങ്ങളിലുമാണ് കാരിമത്സ്യം സാധാരണയായി കണ്ടുവരുന്നത്. കൊഴുപ്പുകുറഞ്ഞതും രുചിയുള്ളതും പോഷക സമൃദ്ധവുമായ മാംസമായതിനാൽ സാധാരണ ജനങ്ങളുടെ ഇടയിൽ നല്ല അംഗീകാരമാണ് ഇതിന് ലഭിച്ചുവരുന്നത്. അറിയപ്പെടുന്ന അലങ്കാര മത്സ്യം കൂടിയാണിത്. മത്സ്യ വിജ്ഞാന പുസ്തകങ്ങളിലും ഗവേഷണ ഗ്രന്ഥങ്ങളിലും വിദേശ വിപണന മേഖലകളിലും കേരളത്തിലെ കറുത്തകാരി തമിഴ്‌നാട്ടിലെ കാരിയുടെ പേരിൽ തന്നെയാണ് അറിയപ്പെട്ടിരുന്നത്.
പഠനവിധേയമാക്കിയ കാരിമത്സ്യത്തിന്റെയും ഡിഎൻഎ പഠനത്തിനായി തെരഞ്ഞെടുത്ത കാരിയുടെയും സാമ്പിളുകൾ ഇന്ത്യൻ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. കറുത്ത കാരിക്ക് നൽകിയ പുതിയ ശാസ്ത്രീയ നാമത്തിന് അന്താരാഷ്ട്ര ജന്തുശാസ്ത്ര നാമകരണ ഏജൻസിയായ ഐസിഇസഡ്എൻ ന്റെ സൂബാങ്ക് രജിസ്റ്റർ നമ്പരും ലഭിച്ചിട്ടുണ്ട്. കൊല്ലം ചവറ ഗവൺമെന്റ് കോളജ് ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന്റെ ധന സഹായത്തോടെ നടന്ന മേജർ റിസർച്ച് പ്രൊജക്ടിന്റെ ഭാഗമായിട്ടായിരുന്നു ഗവേഷണം നടത്തിയത്.

Eng­lish Sum­ma­ry: Named after Kari: Kar­i’s sci­en­tif­ic name in Ker­ala is Het­eronustius faxus

You may like this video also

Exit mobile version