Site iconSite icon Janayugom Online

കരട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കിയ പേരുകള്‍ ഉടന്‍ പ്രസിദ്ധീകരിക്കണം; പരാതി നല്‍കാനുള്ള സമയം നീട്ടണമെന്നും സുപ്രീം കോടതി

കേരള എസ്ഐആര്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കിയ 24 ലക്ഷം വോട്ടര്‍മാരുടെ പേരു വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് സുപ്രീം കോടതി നിര്‍ദേശം. തീവ്ര വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയിലൂടെ ഒഴിവാക്കിയവരുടെ വിവരങ്ങള്‍ കമ്മിഷന്‍ വെബ്‌സൈറ്റിലും ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ട പൊതു ഓഫിസുകളിലും പ്രസിദ്ധപ്പെടുത്തണം. 

ഒഴിവാക്കപ്പെട്ടവര്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയിമല്യ ബഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിച്ചത്. നേരത്തെ കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ എന്യുമറേഷന്‍ ഫോമുകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഡിസംബര്‍ 18 വരെ കമ്മീഷന്‍ നീട്ടി നല്‍കിയിരുന്നു.

കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അധിക സമയം അനുവദിക്കണമെന്ന് ഹര്‍ജിക്കാരുടെ ആവശ്യം പരിഗണിച്ച് കോടതി ഇടപെടല്‍ ഉണ്ടായത്. എസ്ഐആറിനു ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ 24 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഒഴിവാക്കപ്പെട്ടവര്‍ക്ക് പരാതി നല്‍കാന്‍ അവസരം വേണം. എന്നാല്‍ അവരുടെ പേരു വിവരങ്ങള്‍ ലഭ്യമല്ല. 

എന്തുകൊണ്ടാണ് തങ്ങളുടെ പേരുകള്‍ കരട് വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്തതെന്ന് ചോദിക്കാനുള്ള അവസരം ലഭിക്കുന്നില്ലെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ വാദം ഉന്നയിച്ചതോടെയാണ് ഒഴിവാക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന് നിര്‍ദേശം നല്‍കിയത്.
പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ട ചിലര്‍ മരണപ്പെട്ടതാണ്. ബാക്കിയുള്ളവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ ജോലി തേടിയവരും. അതിനാല്‍ പരാതി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കണമെന്ന് കമ്മിഷനോട് കോടതി നിര്‍ദ്ദേശിച്ചു. നിര്‍ദേശം അംഗീകരിക്കാമെന്ന് കമ്മിഷന്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

സംസ്ഥാന സര്‍ക്കാരിന് പുറമെ സിപിഐ സംസ്ഥാന കൗണ്‍സില്‍, സിപിഐ (എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, കോണ്‍ഗ്രസ് നേതാവ് സണ്ണി ജോസഫ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Exit mobile version