ഇൻഫോസിസ് സഹസ്ഥാപകൻ എൻ ആർ നാരായണമൂർത്തി ഇന്ത്യയെ ലോകവിപണിയിൽ മത്സരാധിഷ്ഠിതമാക്കാൻ 70മണിക്കൂർ പണിയെടുക്കാൻ യുവാക്കൾ സന്നദ്ധമാകണമെന്ന് ഒരു പോഡ്കാസ്റ്റിൽ ആഹ്വാനം ചെയ്യുകയുണ്ടായി. ഇന്ത്യൻ കോർപറേറ്റ് ലോകം ആവേശപൂർവമാണ് നാരായണമൂർത്തിയുടെ ആഹ്വാനത്തെ സ്വാഗതം ചെയ്തതും പിന്തുണച്ചതും. സ്വാഭാവികമായും ട്രേഡ് യൂണിയനുകളും മനുഷ്യവിഭവശേഷി വിദഗ്ധരും യുക്തിഭദ്രമായ വാദഗതികൾ നിരത്തി നിര്‍ദേശത്തെ എതിർത്ത് രംഗത്തുവരികയുണ്ടായി. നാരായണമൂർത്തിയുടെ നിർദേശവും കോർപറേറ്റ് ലോകത്തുനിന്ന് അതിന് ലഭിച്ച പിന്തുണയും മുതലാളിത്ത വ്യവസായ സംരംഭങ്ങളുടെ ഒടുങ്ങാത്ത ലാഭാർത്തിയാണ് തുറന്നുകാട്ടുന്നത്. നാരായണമൂർത്തി തന്റെ നിലപാട് സാധൂകരിക്കാൻ നിരത്തുന്ന വികസിത വ്യാവസായിക രാഷ്ട്രങ്ങളെ സംബന്ധിക്കുന്ന ഉദാഹരണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ല. മാത്രമല്ല, തൊഴിൽസമയം, തൊഴില്‍അന്തരീക്ഷം തുടങ്ങി വികസിത രാജ്യങ്ങളിലെ യാഥാർത്ഥ്യം നാരായണമൂർത്തി ചിത്രീകരിക്കുന്നതിന് കടകവിരുദ്ധവുമാണ്. ജർമ്മനി, ജപ്പാൻ, ഫ്രാൻസ് മുതലായ രാജ്യങ്ങളിലെ പ്രതിവാര തൊഴിൽസമയം കഴിഞ്ഞ ഒന്നര നൂറ്റാണ്ടുകൾക്കുള്ളിൽ ഗണ്യമായി കുറഞ്ഞതായും ഉല്പാദനശേഷി ഉയർന്നതായും ആധികാരിക സ്ഥിതിവിവരക്കണക്കുകൾ വെളിവാക്കുന്നു. ജർമ്മനിയിൽ 1870ൽ ആഴ്ചയിൽ 68 മണിക്കൂറിൽനിന്നും 2017ൽ 28 മണിക്കൂറായി കുറഞ്ഞു. 1961ൽ ജപ്പാനിൽ 44 മണിക്കൂറായിരുന്ന തൊഴിൽസമയം 35 മണിക്കൂറിൽ താഴെയായി.
ഫ്രാൻസിലും തൊഴിൽസമയം ആഴ്ചയിൽ 35 മണിക്കൂർ മാത്രം. ഇവയാണ് മാതൃകയെങ്കിൽ എന്തുകൊണ്ട്, എങ്ങനെ വികസിത വ്യാവസായിക രാഷ്ട്രങ്ങൾക്ക് മികച്ച ഉല്പാദനക്ഷമത കൈവരിക്കാനായി എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. വിശ്രമരഹിതവും ദൈർഘ്യമേറിയതുമായ തൊഴിൽസമയമാണ് ഉല്പാദനക്ഷമതയുടെ അടിസ്ഥാനമെന്ന വാദഗതിയെ പൊളിച്ചടുക്കുന്നതാണ് വികസിത രാഷ്ട്രങ്ങളുടെ വ്യാവസായിക വളർച്ചയും ഉല്പാദനക്ഷമതയും. ആധുനിക വ്യവസായങ്ങളും ഇതര തൊഴിൽ സംരംഭങ്ങളും ഉല്പാദനക്ഷമവും കാര്യക്ഷമവുമാക്കി മാറ്റുന്നത് ആ രംഗങ്ങളിൽ നിരന്തരം നടക്കുന്ന നവീകരണ പ്രക്രിയയെ ആശ്രയിച്ചിരിക്കും. അതാവട്ടെ ഓരോ തൊഴിൽ സംരംഭങ്ങളിലെയും ഗവേഷണ, വികസന പ്രവർത്തനങ്ങൾക്ക് അനുസൃതവുമായിരിക്കും. ഇതുസംബന്ധിച്ച യാഥാർത്ഥ്യത്തിലേക്ക് വെളിച്ചം വീശുന്നതാണ് നിതി ആയോഗിന്റെ 2021ലെ ‘ഇന്ത്യയുടെ നവീകരണ സൂചിക’. ഇതനുസരിച്ച് 2018ൽ ഗവേഷണ വികസന പ്രവർത്തങ്ങൾക്ക് രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദന (ജിഡിപി)ത്തിന്റെ കേവലം 0.65 ശതമാനവും, 2020–21ൽ വീണ്ടും കുറഞ്ഞ് 0.64 ശതമാനവും മാത്രമാണ് ചെലവഴിച്ചതെന്ന് കാണാം. ഇത് ഈ ആവശ്യത്തിനായി ലോകരാഷ്ട്രങ്ങളിൽ നടക്കുന്ന നിക്ഷേപങ്ങളിൽ ഏറ്റവും കുറഞ്ഞതാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മേല്പറഞ്ഞ നിക്ഷേപത്തിൽ സ്വകാര്യമേഖലയുടെ പങ്ക് 2020–21ൽ 41 ശതമാനം മാത്രം. 2012–13നെക്കാൾ നാല് ശതമാനം കുറവാണിത്. 2020ൽ സ്വകാര്യമേഖല കൊറിയയിലും ജപ്പാനിലും ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായി 79 ശതമാനം വീതം നിക്ഷേപം നടത്തിയിരുന്നു. യുഎസിൽ 75, ജർമ്മനിയിൽ 67, യുകെ, ചൈന എന്നിവിടങ്ങളിൽ 77 ശതമാനം വീതവും നിക്ഷേപം നടന്നിരുന്നു. ആഗോള വിപണിയിൽ ഇന്ത്യൻ സംരംഭങ്ങൾ മത്സരക്ഷമം അല്ലാതാവുന്നതിന്റെ കാരണത്തിന് മറ്റു വിശദീകരണങ്ങളുടെ ആവശ്യം ഇല്ലെന്ന് ഈ കണക്കുകൾ ബോധ്യപ്പെടുത്തുന്നു.
ഇതുകൂടി വായിക്കൂ: അനുഭവവേദ്യമാകുന്ന ബദല്‍
പണിയെടുക്കുന്നവരുടെ തൊഴിൽ സമയം, വിശ്രമം, വിനോദം, ആരോഗ്യകരമായ കുടുംബജീവിതം എന്നിവ കാര്യക്ഷമതയെയും സംരംഭങ്ങളുടെ ഉല്പാദനക്ഷമതയെയും ഗണ്യമായി സ്വാധീനിക്കുമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ)യുടെ വിവിധ റിപ്പോർട്ടുകൾ ശാസ്ത്രീയമായി വിലയിരുത്തിയിട്ടുണ്ട്. നീണ്ട തൊഴിൽസമയവും അമിത തൊഴിൽഭാരവും കാര്യക്ഷമതയെയും ഉല്പാദനക്ഷമതയെയും പ്രതികൂലമായി ബാധിക്കുമെന്നതിന് ഏറെ പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ആവശ്യവുമില്ല. നാരായണമൂർത്തിയുടെ വെളിപാട് പുതിയ പ്രതിഭാസമല്ലെന്ന് രാജ്യത്തു നിലനിൽക്കുന്ന രാഷ്ട്രീയ‑തൊഴിൽ അന്തരീക്ഷം ബോധ്യപ്പെടുത്തുന്നു. എല്ലാ കോർപറേറ്റ് കൊള്ളക്കാരും തൊഴിലാളികളെയും പൊതുജനങ്ങളെയും രാഷ്ട്രസമ്പത്ത് തന്നെയും കൊള്ളയടിക്കാൻ രാജ്യസ്നേഹമാണ് മറയാക്കുന്നത്. ഹിൻഡൻബർഗ് വെളിപ്പെടുത്തൽ പുറത്തുവന്നപ്പോൾ ദേശസ്നേഹമാണ് രാജ്യത്തോടും ജനങ്ങളോടും നടത്തിയ വഞ്ചനയെ ന്യായീകരിക്കാൻ അഡാനിയും എടുത്തുപ്രയോഗിച്ചത്. കോർപറേറ്റ് കൊള്ളയ്ക്ക് കുടപിടിക്കുന്ന മോഡിഭരണകൂടവും മറ്റൊന്നല്ല ചെയ്യുന്നത്. മോഡി സർക്കാരിന്റെ നിർദിഷ്ട ലേബർകോഡുകള്‍ ലക്ഷ്യംവയ്ക്കുന്നതും തൊഴിലാളി ചൂഷണംതന്നെ. പന്ത്രണ്ട് മണിക്കൂർ തൊഴിൽസമയമെന്നത് ബിജെപിയുടെയും മോഡി ഭരണകൂടത്തിന്റെയും ലക്ഷ്യമാണ്. കൂടുതൽ നിക്ഷേപം നടത്തി മെച്ചപ്പെട്ട തൊഴിൽ അന്തരീക്ഷവും തൊഴിൽഭാര ലഘൂകരണവും കൈവരിക്കുന്നതിനുപകരം ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ ജീവിതം അടിമസമാനമാക്കിമാറ്റി കൊള്ളലാഭമുണ്ടാക്കാൻ ദേശീയപതാകയിൽ പൊതിഞ്ഞ ചൂഷണശ്രമമാണ് നാരായണമൂർത്തിയിലൂടെ പുറത്തുവന്നിരിക്കുന്നത്.