28 April 2024, Sunday

അനുഭവവേദ്യമാകുന്ന ബദല്‍

Janayugom Webdesk
November 7, 2023 5:00 am

നെടുങ്കൻ വാഗ്ദാനങ്ങൾ നൽകുകയും അവ തെരഞ്ഞെടുപ്പ് ജുംലകൾ മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യുന്ന ബിജെപിയുടെയും നരേന്ദ്രമോഡിയുടെയും പതിവ് രാഷ്ട്രീയവഞ്ചനയെ പ്രായോഗികവും ജനങ്ങൾക്ക് അനുഭവവേദ്യവുമാകുന്ന ബദലുകൾകൊണ്ടേ പ്രതിരോധിക്കാനും മറികടക്കാനുമാവൂ. അതിനുള്ള ശ്രമങ്ങൾ നടന്നിടത്ത് പ്രചരണ തന്ത്രങ്ങൾകൊണ്ടും പണക്കൊഴുപ്പുകൊണ്ടും ആർഎസ്എസ്-സംഘ്പരിവാർ പേശിബലംകൊണ്ടും മോഡിയുടെ വ്യക്തിപ്രഭാവംകൊണ്ടും ഊതിവീർപ്പിച്ച പ്രതിച്ഛായ, സോപ്പുകുമിളപോലെ വായുവിൽ അപ്രത്യക്ഷമാകുന്നത് കാണാനായതിന്റെ ഉദാഹരണമാണ് കർണാടക. ജനങ്ങളുടെ നിത്യജീവിതത്തിൽ സ്ഥായിയായ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായകമായ കൂടുതൽ സാഹസികമായ നടപടികൾക്ക് തയ്യാറായാൽ ബിജെപിയുടെ ധാർഷ്ട്യംനിറഞ്ഞ ജൈത്രയാത്രയെ ഫലപ്രദമായി തടയാനും പുതിയ ജനകീയബദൽ ഉയർത്തികൊണ്ടുവരാനും കഴിയുമെന്നുവേണം കരുതാൻ. വിശദമായ ആലോചനയ്ക്കും തയ്യാറെടുപ്പിനും ശേഷമായിരിക്കണം അത്തരമൊരു സാഹസിക പ്രവർത്തനപരിപാടിക്ക് ബിഹാറിലെ മഹാഗഡ്ബന്ധൻ സർക്കാർ മുതിർന്നിട്ടുണ്ടാവുക. ജാതി സെൻസസ് ആ ദിശയിൽ ആദ്യത്തെ ചുവടുവയ്പ് ആയിരുന്നെങ്കിൽ 1,22,336 അധ്യാപകർക്ക് പുതുതായി നിയമന ഉത്തരവ് നൽകിക്കൊണ്ട് നിതീഷ് കുമാർ സർക്കാർ ബിജെപിയെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചിരിക്കുന്നു. നരേന്ദ്ര മോഡിയും അമിത്ഷായും ജനങ്ങൾക്ക് യാതൊരു പ്രതീക്ഷയും നൽകാത്ത ‘രോഗഗ്രസ്ത’ സംസ്ഥാനമായി ബിഹാറിനെ അപമാനിക്കാൻ കിട്ടിയ അവസരങ്ങളൊന്നും പാഴാക്കിയിരുന്നില്ല. രാജ്യത്തെ ഏറ്റവും ദരിദ്രമായ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് ബിഹാർ.

ജനസംഖ്യയിൽ 33 ശതമാനവും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സംസ്ഥാനം. ബിജെപി കൂടി പങ്കാളിയായിരുന്ന നിതീഷ് കുമാറിന്റെ മുൻസർക്കാരിന് അചിന്ത്യമായിരുന്ന നേട്ടമാണ് ഒറ്റയടിക്ക് നവംബർ രണ്ടിന് ബിഹാർ കൈവരിച്ചത്. കുറഞ്ഞ നൈപുണ്യംമാത്രം ആവശ്യമായ തൊഴിലന്വേഷകരെ ഇതര സംസ്ഥാനങ്ങളിലേക്ക് കയറ്റുമതിചെയ്യുന്ന സംസ്ഥാനമെന്ന ദുഷ്‌പേരുള്ള ബിഹാർ പുതിയ അധ്യാപക നിയമനത്തിൽ 12.5 ശതമാനം തസ്തികകൾ അന്യസംസ്ഥാനങ്ങളിൽനിന്നുള്ള ഉദ്യോഗാർത്ഥികൾക്കുവേണ്ടി സംവരണംചെയ്യുകയുമുണ്ടായി. ബിജെപി സംസ്ഥാന ഘടകത്തിന്റെ എതിർപ്പ് വകവയ്ക്കാതെയാണ് അഖിലേന്ത്യാടിസ്ഥാനത്തിൽ റിക്രൂട്ട്മെന്റിന് ബിഹാർ സർക്കാർ മുതിർന്നത്. പ്രതിവർഷം രണ്ടുകോടി തൊഴിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തുകയും യുവാക്കളെ കബളിപ്പിക്കുകയും ചെയ്ത മോഡിക്കും ബിജെപിക്കുമുള്ള തുടർപ്രഹരത്തിനുള്ള തയ്യാറെടുപ്പിലാണ് മഹാഗഡ്ബന്ധൻ സർക്കാർ. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ അടുത്ത രണ്ടുമാസങ്ങൾക്കുള്ളിൽ വിദ്യാസമ്പന്നരായ മറ്റ് ഒരു ലക്ഷം പേര്‍ക്കുകൂടി നിയമനം നൽകുമെന്ന് നിതീഷ് കുമാർ വാഗ്ദാനം ചെയ്തു. 2024 അവസാനിക്കുംമുമ്പ് 10ലക്ഷം നിയമനങ്ങൾ പൂർത്തിയാക്കാനുള്ള പ്രവർത്തനമാണ് ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ ദ്രുതഗതിയിൽ നടത്തിവരുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഉൾപ്പെട്ട മുന്നണിയിൽ നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്) മത്സരിക്കുമ്പോൾ എതിരാളിയായ രാഷ്ട്രീയ ജനതാദളിന് നേതൃത്വം നൽകിയ ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് യുവാക്കൾക്ക് നൽകിയ വാഗ്ദാനമായിരുന്നു 10ലക്ഷം സർക്കാർ ജോലി എന്നത്. ഇപ്പോഴത്തെ മഹാഗഡ്ബന്ധൻ സർക്കാരിന് ആ വാഗ്ദാനം പൂർത്തിയാക്കാനായാൽ അത് ബിജെപിയെ വരാൻപോകുന്ന തെരഞ്ഞെടുപ്പുകളിൽ കടുത്ത പ്രതിരോധത്തിലാക്കും.


ഇതുകൂടി വായിക്കൂ: തൊഴിലാളികളെ അരക്ഷിതരാക്കുന്ന തൊഴില്‍ നയം


കേന്ദ്രാധികാരവും ലക്ഷക്കണക്കിന് ഒഴിവുകളും സാമ്പത്തിക സാധ്യതകളും യഥേഷ്ടമുള്ള മോഡിസർക്കാർ പരാജയപ്പെട്ടിടത്താണ് ഏറെ പരിമിതികളുള്ള ബിഹാർ യുവാക്കൾക്ക് തൊഴിലും പ്രതീക്ഷയുമാകുന്നത്. യുവ തൊഴിലന്വേഷകർക്ക് അവസരങ്ങൾ ഒരുക്കിനൽകുന്നതിൽ നരേന്ദ്ര മോഡിയുടെ ബിജെപി സർക്കാർ വൻ പരാജയമാണ്. കഴിഞ്ഞ 10വർഷത്തെ ഭരണത്തിനിടയിൽ മൂന്നുലക്ഷം പേർക്ക് തൊഴിൽ നൽകാനേ കേന്ദ്രത്തിന് കഴിഞ്ഞിട്ടുള്ളൂ. അതേസമയം ബിഹാർ മാത്രം ഭരണമാറ്റത്തിനുശേഷം നാലുലക്ഷം നിയമനങ്ങളാണ് നടത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്ക് നടുവിലും കേരളമടക്കം പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുകയും പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസർക്കാരിലും റെയിൽവേയടക്കം പൊതുസംരംഭങ്ങളിലും ലക്ഷക്കണക്കിന് തസ്തികകൾ നിയമനം നടത്താതെ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഇത്. രാജ്യം നേരിടുന്ന അഭൂതപൂർവമായ തൊഴിലില്ലായ്മയെ നുണക്കഥകൾകൊണ്ട് മറച്ചുപിടിക്കാനാണ് മോഡിഭരണകൂടം ശ്രമിക്കുന്നത്. നിയമനം ഒഴിവാക്കാൻപറ്റാത്ത സൈന്യത്തിൽപോലും അന്തസുള്ള സ്ഥിരംനിയമനം അവസാനിപ്പിച്ച് പ്രതിരോധസേനയെ കൂലിപ്പട്ടാളമാക്കി മാറ്റിയ അനുഭവവും യുവജനങ്ങൾക്ക് മുന്നിലുണ്ട്. അവിടെയാണ് പ്രതിപക്ഷ സർക്കാരുകൾ സർക്കാർ തസ്തികകളിൽ സ്ഥിരം നിയമനം നടത്തി ക്രിയാത്മക ബദൽ ഉയർത്തിക്കൊണ്ടുവരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.