Site iconSite icon Janayugom Online

നാരായണഗുരുവും രാമപ്രതിഷ്ഠയും

ഭാരതീയരുടെ മുഴുവൻ മതേതരബോധത്തെയും ലംഘിച്ചുകൊണ്ടു സ്ഥാപിച്ച അയോധ്യയിലെ രാമക്ഷേത്രം ആരാധനാസജ്ജം ആവുകയാണല്ലോ. മതബോധത്തെയും അന്ധവിശ്വാസത്തെയും ചൂഷണം ചെയ്ത് വീണ്ടും അധികാരത്തിലെത്താമെന്ന വ്യാമോഹത്തോടെ രാഷ്ട്രീയമുള്ള ഹിന്ദുമത തീവ്രവാദികൾ തന്നെയാണ് പ്രതിഷ്ഠാകർമ്മവും നിർവഹിക്കുന്നത്. ഹാജരാകാവുന്നവരെല്ലാം അയോധ്യയിൽ എത്തണമെന്നാണ് ആഹ്വാനം. വിളിച്ചില്ലെങ്കിലും ഹാജരാകുമെന്ന പ്രസ്താവനയും വന്നുകഴിഞ്ഞു. പള്ളി പൊളിച്ചിടത്തേക്ക് ചുടുകട്ട ചുമന്നവരും വെള്ളിക്കട്ട കൊടുത്തവരുമെല്ലാം റെഡിയായിരിക്കുന്നു. കേരളത്തിലെ നായർ സർവീസ് സൊസൈറ്റിയെന്ന വര്‍ഗീയ സംഘടന, അയോധ്യയിലേക്ക് പോകാൻ അനുയായികളെ ആഹ്വാനം ചെയ്തിരിക്കുന്നു. കാലക്രമേണ വർഗീയസംഘടനയായി മാറിപ്പോയ എസ്എൻഡിപി യോഗമാകട്ടെ പോകാൻ കഴിഞ്ഞില്ലെങ്കിൽ അന്നേദിവസം സ്വന്തം വീടുകളിൽ ഐക്യദാർഢ്യ ദീപം കൊളുത്താൻ ആഹ്വാനം ചെയ്തിരിക്കയാണ്. നാരായണഗുരു അരുവിപ്പുറത്ത് രാമനെ സ്ഥാപിക്കുന്നതിന് പകരം ശിവനെ സ്ഥാപിച്ചത് എന്തിനാണ്? രാമനെക്കുറിച്ച് നാരായണഗുരുവിന് നല്ല ധാരണയുണ്ടായിരുന്നു. രാമൻ സീതാപീഡനം നടത്തിയ ആളാണ്. ഈ വിഷയം ഗുരുശിഷ്യനായ മഹാകവി കുമാരനാശാനിൽ കൂടുതൽ വെളിപ്പെടുന്നുണ്ട്.

സന്യാസം തന്നത് ബ്രിട്ടീഷുകാരാണെന്ന് അഭിപ്രായപ്പെട്ട ഗുരുവിന്, തപസ്വിയായ ശംബൂകനെ കൊന്ന രാമനെ അംഗീകരിക്കുവാൻ കഴിയില്ലായിരുന്നു. ജാതിയിൽ കുറഞ്ഞുപോയി എന്നതായിരുന്നല്ലോ ശംബൂകന്റെ അയോഗ്യത. താടകയോടുള്ള പെരുമാറ്റവും ഗുരുവിനെ രാമാരാധനയിൽ നിന്നും അകറ്റിയിരിക്കണം. ശിവനാണെങ്കിൽ, അതിപുരാതനമായ ഒരു ദ്രാവിഡ സ്വഭാവവുമുണ്ട്. പരാന്നഭോജന വൃക്ഷമായ ചന്ദനത്തിന്റെ കുഴമ്പ് അണിയുന്നതിനുപകരം, ചുടലച്ചാരം ധരിച്ചവനായിരുന്നു ശിവൻ. പാർവതിയോടൊപ്പം ദളിതവേഷത്തിൽ ഊരുചുറ്റാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അത്യാവശ്യം പനങ്കള്ള് കുടിച്ച നാടോടിക്കഥ പോലുമുണ്ട്. പതിനാറായിരത്തെട്ട് ഭാര്യമാരുള്ള, അനേകരുടെ മരണത്തിനും അനാഥത്വത്തിനും നേതൃത്വം നല്‍കിയ കൃഷ്ണനെയും നാരായണഗുരു പ്രതിഷ്ഠിച്ചില്ല. ആദ്യപ്രതിഷ്ഠ ശിവനായിരുന്നെങ്കിൽ പിന്നീടങ്ങോട്ട് ആനന്ദവല്ലിയെയും മുരുകനെയും അദ്ദേഹം പ്രതിഷ്ഠിച്ചു. പിന്നെ കണ്ണാടിയും സത്യം, ധര്‍മ്മം, ദയ, ശാന്തി എന്നീ വാക്കുകൾ രേഖപ്പെടുത്തിയ പ്രഭയും മറ്റുമാണ് ഗുരു പ്രതിഷ്ഠിച്ചത്. ആയിരംതെങ്ങിലും കുളത്തൂരും ഇല്ലിക്കലും ചെറായിയിലും പെരിങ്ങോട്ടുകരയിലും പാണാവള്ളിയിലുമെല്ലാം ശിവപ്രതിഷ്ഠയായിരുന്നു. കേരളത്തിനുപുറത്ത് കർണാടകത്തിൽ നാരായണഗുരു പ്രതിഷ്ഠാകര്‍മ്മം നിർവഹിച്ച ക്ഷേത്രമാണ് മംഗലാപുരം കുദ്രോളിയിലെ ഗോകർണനാഥ ക്ഷേത്രം. അവിടുത്തെ പൗരപ്രമുഖനായിരുന്ന അധ്യക്ഷ ഹൊയ്ഗെബസാർ കൊരഗപ്പയുടെ അഭ്യർത്ഥനപ്രകാരം ഗുരു അവിടെ പ്രതിഷ്ഠിച്ചതും ശിവനെത്തന്നെ.


ഇതുകൂടി വായിക്കൂ: മറക്കരുത് വസ്തുതകളും ചരിത്രവും


തമിഴ്‌നാട്ടിലെ കോട്ടാറിലാണെങ്കിൽ നാല്പതിലധികം ക്ഷേത്രങ്ങൾ നാരായണഗുരു പൊളിച്ചുമാറ്റുകയും ഒരേയൊരു ക്ഷേത്രമാക്കി ശിവപുത്രനെ പ്രതിഷ്ഠിക്കുകയും ചെയ്തു. തലശേരിയിലാണെങ്കിൽ അവർണർക്ക് പ്രവേശനമില്ലാതിരുന്ന തിരുവങ്ങാട് ശ്രീരാമക്ഷേത്രത്തിനു ബദലായി എല്ലാവര്‍ക്കും പ്രവേശിക്കാവുന്ന പുതിയമ്പലം എന്ന ജഗന്നാഥക്ഷേത്രം സ്ഥാപിക്കുകയായിരുന്നു. ഗുരുവിന്റെ ലക്ഷ്യം സാധിക്കാൻ കുറച്ചു കാലതാമസം ഉണ്ടായെങ്കിലും ഒടുവിൽ എല്ലാ അവർണരെയും ആ ക്ഷേത്രം സ്വീകരിച്ചു. അബ്രാഹ്മണ പൂജാരികൾക്ക് ഇടം കിട്ടുകയും ചെയ്തു. ഗുരു സ്ഥാപിച്ച നിരവധിക്ഷേത്രങ്ങളിൽ ഒന്നിൽ പോലും രാമനോ കൃഷ്ണനോ ആരാധ്യപുരുഷനാകുന്നില്ല. മാത്രമല്ല, ക്ഷേത്രങ്ങൾ സ്ഥാപിച്ചത് പാഴ്‌ചെലവായിപ്പോയി എന്ന തിരിച്ചറിവിലെത്തുകയും പിന്മാറുകയുമാണ് പിന്നീട് ചെയ്തത്. കോൺഗ്രസിന്റെ സമുന്നത നേതാവായിരുന്ന പണ്ഡിറ്റ് മാളവ്യ ജയ് ശ്രീറാം വിളിച്ചപ്പോൾ ശംബൂകനു ജയ് വിളിച്ച തന്റേടികൾ നാരായണഗുരുവിന്റെ അനുയായികളായി ഉണ്ടായിരുന്ന കേരളമാണല്ലോ ഇത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ഗുരുചിന്തകൾക്ക് വിരുദ്ധമായ രാമക്ഷേത്ര നിർമ്മിതിക്ക് ഗുരുചിത്രം സൂക്ഷിക്കുന്നവർ വീടുകളിൽ ദീപം കൊളുത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നത് മിതമായ ഭാഷയിൽ ഗുരുനിന്ദയാണ്.

Exit mobile version