3 May 2024, Friday

മറക്കരുത് വസ്തുതകളും ചരിത്രവും

Janayugom Webdesk
January 14, 2024 5:00 am

ബാബറി മസ്ജിദിന് പകരം അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ മറന്നുകൂടാത്ത ചില അടിസ്ഥാനവസ്തുതകളുണ്ട്. മസ്ജിദ് നിന്നിരുന്ന സ്ഥലത്ത് നിർമ്മിക്കുന്ന ക്ഷേത്രത്തിന് ചരിത്രപരമായ അടിത്തറ അന്യമാണ്. 1949 വരെ അത് ഹിന്ദു ബോധത്തിന്റെ ഭാഗവും ആയിരുന്നില്ല. ഹനുമാൻ ഗാർഹിയിൽ താമസിച്ചിരുന്ന ബൈരാഗി ബ്രാഹ്മണരും മുസ്ലിങ്ങളും തമ്മിലുള്ള സ്പർധയ്ക്ക് 1855 കാലത്തോളം പഴക്കമുണ്ട്. എന്നാല്‍ വൈരത്തിന്റെ ഒരുഘട്ടത്തിലും ബൈരാഗി വൈഷ്ണവ ബ്രാഹ്മണരിൽ ബാബറി മസ്ജിദും രാമജന്മസ്ഥാനും തമ്മിലുള്ള ബന്ധത്തിന്റെ കഥകള്‍ ഉയർന്നതുമില്ല. മുസ്ലിങ്ങൾ അഭയം പ്രാപിച്ച മസ്ജിദ് ബൈരാഗികൾ പിടിച്ചെടുത്തെങ്കിലും, അവർ അത് കൈവശപ്പെടുത്തുകയോ അതിൽ അവകാശവാദമുന്നയിക്കുകയോ ചെയ്തില്ല. അവർ ഹനുമാൻ ഗാർഹിയിലേക്ക് പിൻവാങ്ങുകയായിരുന്നു. അവധ് കോടതിയുടെ അന്വേഷണ വേളയിലും മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്ത് ഒരിക്കൽ ഒരു ക്ഷേത്രം ഉണ്ടായിരുന്നു എന്നാരും പറഞ്ഞിട്ടില്ല. ഒരു നൂറ്റാണ്ട് മുമ്പ്, 1921 മാർച്ചിൽ ഗാന്ധിജിയെ അയോധ്യയിലേക്ക് കൊണ്ടുപോയി. ഈ സന്ദർശനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു: “ഞാൻ അയോധ്യയിൽ എത്തിയപ്പോൾ, ശ്രീരാമചന്ദ്രൻ ജനിച്ചതായി വിശ്വസിക്കുന്ന സ്ഥലത്ത് നിൽക്കുന്ന ഒരു ചെറിയ ക്ഷേത്രത്തിലേക്ക് എന്നെ കൊണ്ടുപോയി”(നവജീവൻ, മാർച്ച് 20, 1921). അന്ന് അദ്ദേഹത്തിന് നൽകിയ വിവരണമനുസരിച്ച്, രാമചന്ദ്രന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ക്ഷേത്രം ഉണ്ടായിരുന്നു. അദ്ദേഹം പരാമർശിച്ച സ്ഥലം 1949 ഡിസംബറിൽ രാംലല്ല വിഗ്രഹം നിയമവിരുദ്ധമായി സ്ഥാപിച്ച സ്ഥലവുമായി ബന്ധപ്പെട്ടതുമല്ല.

 


ഇതുകൂടി വായിക്കൂ: ഹിന്ദു വിശ്വാസം തീരുമാനിക്കാന്‍ ബിജെപി‌ക്ക് എന്തവകാശം?


2019 നവംബർ ഒമ്പതിലെ സുപ്രീം കോടതി വിധിയിൽ ശ്രീരാമന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കുന്ന ഒന്നിലധികം സ്ഥലങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നിട്ടും അന്നത്തെ വിധിന്യായത്തിൽ, നൂറ്റാണ്ട് പഴക്കമുള്ള ബോധ്യത്തിൽ നിന്നുള്ള മലക്കംമറിച്ചിൽ പ്രകടമായി. വിധിന്യായത്തിന്റെ 929-ാം പേജിൽ പറയുന്നു, “ഞങ്ങളിൽ ഒരാൾ, മുകളിൽ പറഞ്ഞ കാരണങ്ങളും നിർദേശങ്ങളുമായി യോജിച്ചുകൊണ്ട്, ഹിന്ദു ഭക്തരുടെ വിശ്വാസമനുസരിച്ച് തർക്കമുള്ള കെട്ടിടവും രാംലല്ലയുടെ ജന്മസ്ഥലമാണോ’ എന്നതിന് ചില കാരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.” സ്ഥാവരസ്വത്തായ മസ്ജിദിന്റെ അവകാശത്തെ ചൊല്ലിയുള്ള തർക്കമായിരുന്നു കേസിന്റെ കേന്ദ്ര വിഷയം. എന്നാൽ അലഹബാദ് ഹൈക്കോടതി, നിയമത്തെക്കാൾ വിശ്വാസത്തിനാണ് പ്രാധാന്യം നൽകിയത്. സുപ്രീം കോടതിയും ഇതേപാതയിലൂടെ നടന്നു. ഹിന്ദുമതത്തിലേക്കും അതിന്റെ പുണ്യനഗരങ്ങളിലേക്കും അത്യധികമായ മതസ്നേഹത്തോടെ പ്രവേശിച്ചു. കോടതിയുടെ നിഗമനങ്ങളും ഹിന്ദു വിശ്വാസത്തിലും അതിൽ അധിഷ്ഠിതമായ ചിന്താധാരകളിൽ നിന്നുമായിരുന്നു. പ്രമാണങ്ങൾ മതഗ്രന്ഥങ്ങളാണ്, വാക്കാലുള്ള തെളിവുകളോ അനിശ്ചിതത്വങ്ങൾ നിറഞ്ഞതും. (എജി നൂറാനി-അയോധ്യാ വിധിന്യായം 2019: നിഷേധിക്കപ്പെട്ട നീതി). 1990 സെപ്റ്റംബർ 30ന് എൽ കെ അഡ്വാനി പറഞ്ഞു: ‘ഇത് രാമജന്മസ്ഥലമാണെന്ന് തെളിയിക്കാൻ ആർക്കും കഴിയില്ല. അത് വിശ്വാസത്തിന്റെ കാര്യമാണ്.’ (ദി ഇൻഡിപെൻഡന്റ്, 1990 ഒക്ടോബർ 11).


ഇതുകൂടി വായിക്കൂ: കോണ്‍ഗ്രസ് തീരുമാനം വ്യക്തമായ വഴിതിരിയല്‍


 

മറ്റുള്ളവരുടെ ധാർമ്മികവും നിയമപരവുമായ അവകാശങ്ങൾക്ക് വിരുദ്ധമാകുന്നിടത്ത് ജുഡീഷ്യൽ അനുമതി ലഭിക്കുമോ? ഹിന്ദുക്കൾ എന്ത് തെളിവാണ് ഹാജരാക്കാൻ ഉദ്ദേശിക്കുന്നതെന്ന് ബാലാസാഹേബ് ദേവറസ് തന്നെ ചോദിച്ചു. തെളിവുകളൊന്നുമില്ല, എന്നിട്ടും ന്യായീകരണങ്ങൾ നൽകി. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഒരു യോഗത്തെ അഭിസംബോധന ചെയ്യവെ, രാമജന്മസ്ഥാൻ അവിടെയാണെന്ന് സദസ്യരോട് പറഞ്ഞത് ധാര്‍മ്മികതയുടെ ലംഘനമായിരുന്നു. ബ്രിട്ടീഷ് കാലഘട്ടത്തിലെ പ്രാദേശിക കോടതി രേഖകളിൽ പോലും ബാബറി മസ്ജിദ് രാമന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെട്ടിട്ടില്ല. 1903ലെ കോടതി ഉത്തരവിൽ ബാബറി മസ്ജിദിൽ നിന്ന് അകലെയും എന്നാൽ മസ്ജിദ് വളപ്പിനുള്ളിലും ‘രാമന്റെ ജന്മസ്ഥലം’ പരാമർശിക്കപ്പെട്ടു. ജില്ലാ മജിസ്ട്രേറ്റിന്റെ ഈ ഉത്തരവ് ‘ജന്മസ്ഥാനില്‍’ചൂണ്ടുപലക സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിക്ക് മറുപടിയായിരുന്നു. ബാബറി മസ്ജിദിന്റെ പുറംമതിലിനകത്താണ് പ്രസ്തുതസ്ഥലം നിലനിന്നിരുന്നതെന്നും മസ്ജിദിനുള്ളിലല്ലെന്നും ഹർജി തള്ളിക്കൊണ്ട് മജിസ്ട്രേറ്റ് പറഞ്ഞു. “ജനനസ്ഥലം മസ്ജിദിന്റെ പുറത്താണ്, അതിനാൽ പേര് ശരിയായ സ്ഥലത്ത് സ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നത്. അതവിടെ സ്ഥാപിക്കുന്നതിൽ എതിർപ്പിന് കാരണമില്ല, ദിശാസൂചിക അപരിചിതർക്കുള്ള വഴികാട്ടിയാണ്”ഉത്തരവിൽ പറയുന്നു. ബാബറി മസ്ജിദിന്റെ മുറ്റത്തിന് പുറത്താണ് അന്ന് ബോര്‍ഡ് സ്ഥാപിച്ചത്. ‘റാം ചബുത്ര’ എന്നു വിളിച്ച ഇടം മസ്ജിദിൽ നിന്ന് 100 അടി അകലെയായിരുന്നു. 1949ൽ ബാബറി മസ്ജിദിനുള്ളിൽ വിഗ്രഹം സ്ഥാപിക്കുന്നതുവരെ അവിടെയായിരുന്നു ആരാധന. 1858 നവംബർ 30ന് ബാബറി മസ്ജിദിലെ കാവൽക്കാരൻ ഒരുസംഘം സന്യാസികൾ മസ്ജിദിനോട് ചേർന്ന് ചബുത്ര (ഉയർന്ന വേദി) കെട്ടിയതായി പരാതിപ്പെട്ടു. 1860, 1877, 1883, 1884 വർഷങ്ങളിൽ പ്രാദേശിക മുസ്ലിങ്ങൾ മസ്ജിദ് കേന്ദ്രീകരിച്ചുള്ള കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ ഉന്നയിച്ചു. എന്നാൽ റാം ചബുത്ര അതിജീവിക്കുകയും ജന്മസ്ഥാനായി ആരാധിക്കപ്പെടുകയും ചെയ്തു. 1949ൽ മസ്ജിദിനുള്ളിൽ വിഗ്രഹം സ്ഥാപിച്ചതിന് ശേഷം മാത്രമാണ് റാം ചബുത്രയുടെ സ്ഥാനം നഷ്ടപ്പെട്ടത്. പകരം ബാബറി മസ്ജിദിലാണ് ശ്രീരാമൻ ജനിച്ചത് എന്ന പുതിയ വിശ്വാസത്തിന് വഴിയൊരുങ്ങി. 1949ൽ ബാബറി മസ്ജിദ് ബലമായി പിടിച്ചടക്കിയതുകൊണ്ടോ 1992ൽ ഹിന്ദു വർഗീയവാദികൾ മസ്ജിദ് തകർത്തതുകൊണ്ടോ അയോധ്യയിൽ സുപ്രീം കോടതി ഉത്തരവിട്ട സ്ഥലത്ത് ക്ഷേത്രം പണിതതുകൊണ്ടോ ഈ ചരിത്ര വസ്തുതകൾ മാറ്റാനാവില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.