മോഡി ഭരണത്തിന് കീഴിൽ രാജ്യത്ത് മതന്യൂനപക്ഷങ്ങൾ തുടർച്ചയായ അക്രമങ്ങൾ നേരിടുകയാണ്. സംഘ്പരിവാർ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളിൽ ഏറ്റവും പുതിയതാണ് ഛത്തീസ്ഗഡിൽ നടന്നത്. ആയിരക്കണക്കിനു ക്രൈസ്തവർ തങ്ങളുടെ വീടുകളിൽനിന്നു തല്ലിയോടിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. നാരായൺപുരിൽ ദേവാലയവും കോൺവെന്റും സ്കൂളുമൊക്കെ ആക്രമിക്കപ്പെട്ടു. ജഗദൽപൂർ സിറോ മലബാർ രൂപതയ്ക്കു കീഴിലുള്ള നാരായൺപുർ സേക്രഡ് ഹാർട്ട് ദേവാലയത്തിന് നേരെയാണ് സായുധധാരികളായ നൂറുകണക്കിനാളുകളുടെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. സംഘ്പരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആദിവാസി സംഘടനയുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അക്രമം ഭയന്ന് പള്ളിയുടെ ഗേറ്റ് അധികൃതർ അടച്ചിട്ടിരുന്നുവെങ്കിലും ഇതു തകർത്താണ് അക്രമികൾ അകത്തുകടന്നത്. ക്രിസ്തുവിന്റെ ക്രൂശിതരൂപം, ദേവാലയത്തിലെ വിവിധ വസ്തുക്കൾ എന്നിവയെല്ലാം തകർത്തു. പതിവുകൾ തെറ്റിയില്ല, ഭരണകൂടങ്ങൾ കാഴ്ചക്കാരായി. ഛത്തിസ്ഗഡ് ഭരിക്കുന്ന കോൺഗ്രസ് സർക്കാരും പൊലീസും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാരായൺപുർ കളക്ടറേറ്റിൽ നിസഹായരായ ആയിരങ്ങൾ കുത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റവരുടെ ഫോട്ടോ ഉൾപ്പെടെ ചേർത്ത് പരാതി നൽകിയിട്ടും കേസ് രജിസ്റ്റർ ചെയ്യുന്നതിനു പകരം ഇരകളെ നിർബന്ധിച്ച് മാറ്റിപ്പാർപ്പിക്കുകയായിരുന്നു. 2022 ജനുവരി മുതൽ ജൂലൈ വരെ മാത്രം രാജ്യത്ത് ക്രൈസ്തവർക്കെതിരെ 302 തവണ ആസൂത്രിത ആക്രമണങ്ങൾ നടന്നതായി ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോയും നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നീ സംഘടനകളും ചേർന്ന് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2021ൽ 505 ആക്രമണങ്ങൾ നടന്നു.
കോടതി വിശദീകരണം ആവശ്യപ്പെട്ടപ്പോൾ, പരാതിക്കാരുടെ ഹർജിയിലെ വിവരങ്ങൾ വ്യാജമാണെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൊടുത്ത മറുപടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഇരകളെ ഉൾപ്പെടെ ഫോണിൽ വിളിച്ച് ഉറപ്പാക്കി തയാറാക്കിയ റിപ്പോർട്ടാണ് വ്യാജമെന്ന് പരിഹസിച്ചത്. രാജ്യത്ത് ക്രൈസ്തവർക്കെതിരെ ഏറ്റവും കൂടുതൽ ആക്രമണം നടത്തുന്ന യുപിയിൽ ഉൾപ്പെടെ പ്രതിസ്ഥാനത്തുള്ള സംഘ്പരിവാർ സംഘടനകൾക്ക് അനുകൂല നിലപാടാണ് ബിജെപി സർക്കാരുകൾ കോടതികളിലും സ്വീകരിച്ചുവരുന്നത്. ക്രൈസ്തവർക്കെതിരെയുള്ള പീഡനങ്ങളുടെയും നിർബന്ധിത മതപരിവർത്തനത്തിന്റെയും കാര്യത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും കൊടുക്കുന്ന മറുപടിയെ അടിസ്ഥാനമാക്കി മാത്രമേ സുപ്രീം കോടതിക്ക് വിധി പറയാനാകൂ. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസ് കാലത്ത് പോലും സംഘ്പരിവാർ ആക്രമങ്ങൾ ആവർത്തിക്കുകയായിരുന്നു. ക്രിസ്മസ് നക്ഷത്രവും കരോളും പുൽക്കൂടും ആശംസാ സന്ദേശങ്ങളും കേക്ക് പോലും ദേശവിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. വർഗീയതയുടെ പരീക്ഷണശാലയായ ഗുജറാത്തിലെ വഡോദരയിൽ കരോൾ സംഘം ക്രൂരമായി ആക്രമിക്കപ്പെട്ടു. മിഠായി വിതരണം ചെയ്തുകൊണ്ടിരുന്നവരെ മർദിച്ചു. ഉത്തരാഖണ്ഡിലെ പുരോല ഗ്രാമത്തിൽ ക്രിസ്മസ് ആഘോഷത്തിനു നേരെ മതപരിവർത്തനം ആരോപിച്ച് തീവ്രഹിന്ദുത്വ സംഘടനയുടെ 30 അംഗ സംഘം ആക്രമണം നടത്തി. കർണാടകത്തിന്റെ ചില ഭാഗങ്ങളിൽ ഹിന്ദു ജാഗരണ വേദിക പ്രവർത്തകർ സ്കൂളുകളിലെ ക്രിസ്മസ് ആഘോഷത്തെയാണ് ലക്ഷ്യമിട്ടത്. കുട്ടികളെ മതപരിവർത്തനം നടത്താനുള്ള ശ്രമങ്ങളാണ് ക്രിസ്മസ് ആഘോഷങ്ങൾ എന്ന് ആരോപിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രചാരണം.
ഇതുകൂടി വായിക്കൂ:
ക്രിസ്ത്യാനികളെ തുരത്തുകയാണ് ലക്ഷ്യമെന്ന് വിശ്വഹിന്ദു പരിഷത്തും ബജ്റംഗദളും പ്രഖ്യാപിച്ചു കഴിഞ്ഞു. പല സംസ്ഥാനങ്ങളിലും ന്യൂനപക്ഷങ്ങളെ വേട്ടയാടാനുള്ള മാർഗമായി മതംമാറ്റത്തിനെതിരെ പ്രത്യേക നിയമം പാസാക്കുകയാണ്. ഉത്തരാഖണ്ഡിൽ മതപരിവർത്തനം പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാക്കുന്ന വ്യവസ്ഥകളുള്ള ബില്ലിന് ഗവർണറുടെ അംഗീകാരം ലഭിച്ചത് ക്രിസ്മസ് തലേന്നായിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യ മതസൗഹാർദത്തിന്റെയും സമന്വയത്തിന്റെയും പര്യായപദമായിരുന്നു. അങ്ങിങ്ങായി വർഗീയ കലാപങ്ങളും സംഘർഷങ്ങളും സംഘട്ടനങ്ങളും നടന്നിട്ടുണ്ടെങ്കിലും അതിനെയൊന്നും വളരാൻ ഇന്ത്യ ഭരിച്ചിരുന്നവർ പ്രോത്സാഹിപ്പിച്ചിരുന്നില്ല. പക്ഷേ, നിലവിലെ ഭരണകക്ഷിക്ക് വഴിതെറ്റുന്നു എന്ന സന്ദേശമാണ് ഇന്ന് ലോകം വായിച്ചെടുക്കുന്നത്. ന്യൂനപക്ഷങ്ങളോട് തുല്യരെന്ന രീതിയിൽ, പ്രത്യേക സംരക്ഷണം നൽകപ്പെടേണ്ടവരെന്ന രീതിയിൽ പെരുമാറുക എന്ന രാഷ്ട്രീയം ബിജെപി എന്ന രാഷ്ട്രീയ അന്യമാണ്. പക്ഷെ, മതഭ്രാന്ത് നാടുവാഴുമ്പോൾ ഭരണകൂടം നിശബ്ദരാകരുത്. സാർത്ഥകമായ മതേതര മുന്നേറ്റങ്ങൾക്കായി പ്രവർത്തന നിരതരാകുകയെന്നത് ഭരണഘടനയിലധിഷ്ഠിതമായ സർക്കാരിന്റെ ഉത്തരവാദിത്തമാണ്.