Site iconSite icon Janayugom Online

ശിവജി പ്രതിമ തകർന്നതിൽ ഖേദം പ്രകടിപ്പിച്ച് നരേന്ദ്ര മോഡി; സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റ് അറസ്റ്റില്‍

sivajisivaji

ശിവജി പ്രതിമ തകർന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഖേദം പ്രകടിപ്പിച്ചു. മഹാരാഷ്ട്രയിലെ പാൽഘറിൽ ജനക്കൂട്ടത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.”ശിവജിയുടെ കാൽക്കൽ എന്റെ തല കുനിക്കുന്നു, ഞാൻ ഇവിടെയിറങ്ങിയ നിമിഷം, പ്രതിമ തകർന്ന സംഭവത്തിൽ ആദ്യം ശിവജിയോട് മാപ്പ് പറഞ്ഞു, തകർച്ചയിൽ വേദനിച്ച ജനങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഛത്രപതി ശിവജി മഹാരാജിനെ ദൈവമായി കാണുന്നവരാണ് നിങ്ങൾ.പ്രതിമ തകർന്ന് വീണപ്പോൾ നിങ്ങളുടെ മനസ്സിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട് എന്നറിയാം. നമുക്ക് നമ്മുടെ ദൈവത്തേക്കാൾ വലുതല്ല ഒന്നും, മോഡി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിൽ നാവികസേനാ ദിനാഘോഷത്തിനിടെയാണ് പ്രധാനമന്ത്രി പ്രതിമ അനാശ്ചാദനം ചെയ്തത്. എന്നാൽ പ്രതിപക്ഷമായ മഹാ വികാസ് അഘാഡി പ്രതിമ നിർമ്മാണ വിഷയത്തിൽ സർക്കാരിന്റെ അഴിമതി ഉണ്ടെന്ന് ആരോപിച്ചു. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു. 

പ്രതിമ തകര്‍ന്നു വീണ സംഭവത്തില്‍ സ്ക്ചറല്‍ കണ്‍സള്‍ട്ടന്റ് ചേതന്‍ പാട്ടീലിനെ ഇന്ന് പുലര്‍ച്ചയോടെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌തു. പിന്നീട് സിന്ധുദുര്‍ഗ് പൊലീസിന് കൈമാറി. പദ്ധതിയുടെ സ്ട്രക്ചറൽ കൺസൾട്ടന്റ് താനല്ലെന്ന് പട്ടീൽ പറഞ്ഞതായി പറയപ്പെടുന്നു. പ്രതിമ സ്ഥാപിക്കുന്ന പ്ലാറ്റ്ഫോം സംബന്ധിച്ച ജോലിചെയ്യാൻ മാത്രമാണ് തന്നോട് ആവശ്യപ്പെട്ടിരുന്നത്. പ്രതിമ സ്ഥാപിച്ച പ്ലാറ്റ്ഫോമിന്റെ മാതൃക പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) വഴി ഇന്ത്യൻ നാവികസേനയ്ക്ക് സമർപ്പിച്ചിരുന്നുവെന്നും, പ്രതിമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ചേതൻ പട്ടീൽ പ്രതികരിച്ചു. താനെ ആസ്ഥാനമായുള്ള ഒരു കമ്പനിയാണ് പ്രതിമയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തത്. സിന്ധുദുർഗ് ജില്ലയിൽ മൽവാനിലെരാജ്കോട്ട് കോട്ടയിൽ സ്ഥാപിച്ചിരുന്ന ശിവജിയുടെ പ്രതിമയാണ് തകർന്നുവീണത്. കഴിഞ്ഞവർഷം ഡിസംബറിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള വെങ്കലപ്രതിമയാണ് തകർന്നത്. പ്രതിമ ഉറപ്പിച്ചിരുന്ന പീഠത്തിൽനിന്ന് കാലിന്റെ ഭാഗമാണ് ആദ്യം ഒടിഞ്ഞുവീണത്. തുടർന്ന് പിറകോട്ടു മറിഞ്ഞുവീണ പ്രതിമ കഷണങ്ങളായി ചിതറുകയായിരുന്നു.

Exit mobile version