Site iconSite icon Janayugom Online

നരേന്ദ്രമോഡി കൂടിക്കാഴ്ച നടത്തി; വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് ശശി തരൂരിന് പ്രത്യേക പദവി നൽകാൻ കേന്ദ്രനീക്കം

വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് ശശി തരൂരിന് പ്രത്യേക പദവി നൽകുവാൻ കേന്ദ്ര സർക്കാരിന്റെ ആലോചന. ഇത് സംബന്ധിച്ച ഊഹാപോഹങ്ങൾ ശക്തമാക്കുന്നതിനിടയിൽ പ്രധാന മന്ത്രി നരേന്ദ്രമോഡി ശശി തരൂരുമായി കൂടിക്കാഴ്ച നടത്തി. ശശി തരൂരിന്റെ വിദേശ നയ നിലപാടിനോട് കോൺഗ്രസ് നേതൃത്വം മുഖം തിരിച്ചു നിൽക്കുമ്പോഴാണ് മോഡിയുമായുള്ള കൂടിക്കാഴ്ച. കോൺഗ്രസ് നേതൃത്വത്തിന്റെ എതിർപ്പ് തള്ളിയാണ് അമേരിക്ക അടക്കം അഞ്ചു രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂർ നയിച്ചിരുന്നത്. 

വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡി വിരുന്ന് നല്‍കിയിരുന്നു. ഈ വിരുന്നിനിടെ ശശി തരൂര്‍ ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു. ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഞായറാഴ്ച പോകുകയാണ്. ഈ സാഹചര്യത്തില്‍ ഭീകരതയ്‌ക്കെതിരായി പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയ്ക്ക് ശേഷമുള്ള ലോകരാജ്യങ്ങളുടെ നിലപാട് അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം.

അതേസമയം തരൂര്‍-പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. വിദേശനയത്തില്‍ തരൂരിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ നിയോഗിച്ച വിദേശ പര്യടന ദൗത്യം വിജയകരമായി പൂർത്തീകരിച്ചുവെന്ന് ശശി തരൂർ പറഞ്ഞു. തന്റെ നേതൃത്വത്തിലുള്ള സംഘം അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും തരൂര്‍ പറഞ്ഞു. ഭാരതീയന്‍ എന്ന നിലയിലാണ് താന്‍ സംസാരിച്ചതെന്നും ഇന്ത്യയുടെ നിലപാട് കൃത്യമായി രാജ്യങ്ങളെ അറിയിച്ചുവെന്നും തരൂർ പറഞ്ഞു.

Exit mobile version