രാജ്യത്തിന് പുതിയ ഊർജം നൽകുന്നതാകും ബജറ്റെന്നും ചരിത്രപരമായ ബില്ലുകൾ ഈ സമ്മേളനകാലയളവിൽ അവതരിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2047ൽ വികസിത ഇന്ത്യ എന്ന ലക്ഷ്യത്തേക്കുള്ളതാണ് ഈ ബജറ്റ്. രാജ്യത്തെ ജനങ്ങൾ മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേല്‍പ്പിച്ചു. പുതിയ പരിഷ്കാരങ്ങൾക്ക് ശക്തി പകരുകയെന്നതാണ് ബജറ്റിന്റെ ലക്ഷ്യം.
യുവാക്കളുടെ ലക്ഷ്യപൂർത്തീകരണവും സർക്കാരിന്റെ ദൗത്യമാണ്. സ്ത്രീ ശാക്തീകരണത്തിനും സർക്കാർ എന്നും പ്രാധാന്യം നൽകും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കമായത് . സംയുക്ത സഭാ സമ്മേളനത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്‌തു . 2024–25 വർഷത്തെ സാമ്പത്തിക സർവ്വെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് സഭയിൽ വെക്കും. നാളെയാണ് രാജ്യം ഉറ്റുനോക്കുന്ന പൊതുബജറ്റ്. വയനാട് പാക്കേജ് ഉള്‍പ്പെടെ കേരളം വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കിക്കാണുന്നത്.