Site iconSite icon Janayugom Online

ഹിന്ദുവാണെന്നും ജാതി പറയാനും നരേന്ദ്ര പ്രസാദ് മടി കാണിച്ചില്ല: മന്ത്രി പി പ്രസാദ്

താനൊരു ഹിന്ദുവാണെന്ന് പറയാൻ നടനും സാഹിത്യനിരൂപകനുമായിരുന്ന നരേന്ദ്ര പ്രസാദ് ഒരിക്കലും മടി കാണിച്ചിരുന്നില്ലെന്ന് മന്ത്രി പി പ്രസാദ് പറ‍ഞ്ഞു. ഹൈന്ദവതയും ജനാധിപത്യവും വേണമെന്ന നിലപാടായിരുന്നു അദ്ദേഹത്തിനെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നരേന്ദ്രപ്രസാദിന്റെ 21ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാട്യഗൃഹവും ഭാരത് ഭവനും സംയുക്തമായി ഭാരത് ഭവനിൽ സംഘടിപ്പിച്ച ‘നരേന്ദ്രപ്രസാദ് ഓർമ്മകളിൽ’ എന്ന അനുസ്മരണ ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു മന്ത്രി.

ജാതി പറഞ്ഞാല്‍ എന്താണ് കുഴപ്പമെന്നാണ് അദ്ദേഹം സമൂഹത്തോട് ചോദിച്ചത്. നരേന്ദ്ര പ്രസാദിന്റേത് നിഷ്കളങ്കനായ ഒരു ഹിന്ദുവിന്റെ നിലപാടാണ്, രാഷ്ട്രീയ ഹിന്ദുവിന്റേതല്ലായിരുന്നു. ഹിന്ദുവാണെന്ന് പറയുമ്പോഴും ജാതീയമായ വേര്‍തിരിവിനോട് അദ്ദേഹം പൊരുത്തപ്പെട്ടിരുന്നില്ലെന്നും േമന്ത്രി കൂട്ടിച്ചേര്‍ത്തു. തനിക്ക് ശരിയെന്ന് തോന്നുന്നത് ഉറക്കെപ്പറയാനുളള അസാമാന്യമായ ചങ്കൂറ്റവും ധൈര്യവും അദ്ദേഹം പ്രകടിപ്പിച്ചു. ഒറ്റയാന്റെ കരുത്തോടെ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്‍ അദ്ദേഹം നിറഞ്ഞുനിന്നു. നാടകത്തില്‍ സംവിധായകന് ഏറെ ചെയ്യാനുണ്ടെന്ന് കാട്ടിത്തന്നത് നരേന്ദ്ര പ്രസാദാണെന്നും മന്ത്രി പ്രസാദ് പറഞ്ഞു. നടനും സംവിധായകനുമായ മധുപാല്‍, ഭാരത് ഭവൻ മെമ്പ‍ര്‍ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കലിഗ്രാഫര്‍ നാരായണ ഭട്ടതിരി, എം. കെ ഗോപാലകൃഷ്ണൻ, പ്രൊഫ. അലിയാർ, പി വി ശിവൻ, മോഹൻ, റോബിൻ സേവ്യര്‍ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version