Site icon Janayugom Online

കല്ലുവച്ച നുണ പറഞ്ഞ് യുഎസിലും മോഡി

നേരിനെയും ചോദ്യങ്ങളെയും വസ്തുതാപരമായ പരാമര്‍ശങ്ങളെയും ഭയന്ന് കഴിഞ്ഞ നരേന്ദ്രമോഡിക്ക് മുന്നില്‍ നീണ്ട ഒമ്പത് വര്‍ഷത്തിനിടെ ലോകം കാത്തുവച്ച അതേ ചോദ്യം തന്നെ ഉയര്‍ന്നു. ഒന്നില്‍ കൂടുതല്‍ ചോദ്യം പാടില്ലെന്ന വ്യവസ്ഥയില്‍ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനാണ് ആ നിയോഗം ലഭിച്ചത്. തുടര്‍ ചോദ്യമുണ്ടാവില്ലെന്ന ധൈര്യത്താല്‍ നരേന്ദ്രമോഡി നല്‍കിയ മറുപടിയാകട്ടെ, ഇന്ത്യയെക്കുറിച്ച് എവിടെയും പറയാന്‍ കാവിപ്പട കൊത്തിവച്ച അതേ നുണ തന്നെ.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനമായിരുന്നു വേദി. രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഓരോ ചോദ്യമാണ് വാര്‍ത്താസമ്മേളനത്തില്‍ അനുവദിച്ചരിന്നത്. അമേരിക്കന്‍ മാധ്യമമായ വോള്‍ സ്ട്രീറ്റ് ജേണലിലെ മാധ്യമ പ്രവര്‍ത്തകനായിരുന്നു മോഡിയോട് ചോദ്യം ചോദിമുന്നയിച്ചത്.

ചോദ്യം ഇതാ, ഇങ്ങനെയായിരുന്നു;-

‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്നാണ് ഇന്ത്യ അഭിമാനിക്കുന്നത്. എന്നാല്‍ രാജ്യത്തെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത് മോഡി സര്‍ക്കാരിന് കീ‍ഴില്‍ മത ന്യൂനപക്ഷങ്ങള്‍ വിവേചനം നേരിടുന്നുണ്ടെന്നും അതിനെ വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുന്നു എന്നുമാണ്. ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ ലോക നേതാക്കള്‍ നിന്നിരുന്ന വൈറ്റ് ഹൗസിലെ ഈ ഈസ്റ്റ് റൂമില്‍ നില്‍ക്കുമ്പോള്‍ പറയാമോ ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കാനും അഭിപ്രായ സ്വാതന്ത്ര്യം തകരാതിരിക്കാനും താങ്കളുടെ സര്‍ക്കാര്‍ എന്തൊക്കെ ചെയ്യാന്‍ തയ്യാറാകുമെന്ന്?. 

മോഡിയുടെ ഉത്തരം ഇങ്ങനെയും;-

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്. ജനാധിപത്യം ഇന്ത്യയുടെ ഡിഎന്‍എയില്‍ ഉണ്ട്. അതാണ് നമ്മുടെ ഊര്‍ജം. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ഭരണഘടനയുടെ തത്വങ്ങളിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. ഇന്ത്യയില്‍ വിവേചനത്തിന് ഇടമില്ല’

നരേന്ദ്രമോഡിയുടെ ഈ ഉത്തരം ഇന്ത്യക്കാര്‍ക്ക് അത്ഭുതമല്ല. എന്നാല്‍ ലോകം മുഴുവന്‍ കാണുന്ന ഇന്നത്തെ ഇന്ത്യയും പ്രധാനമന്ത്രിയുടെ ഉത്തരവും തമ്മില്‍ തുലനം ചെയ്താല്‍ അതില്‍ നാണംകെടുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യയിലെ പ്രാദേശിക, പ്രസ്ഥാനിക മാധ്യമങ്ങളെല്ലാം ഒരായിരം ചോദ്യങ്ങളുമായി മോഡിയെ സമീപിക്കാന്‍ ശ്രമിക്കുന്നുണ്ട്. മോഡി പക്ഷെ അതില്‍നിന്നെല്ലാം ഒ‍ളിച്ചോടാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തായാലും ലോകം മു‍ഴുവന്‍ ശ്രദ്ധിക്കുന്ന വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളന വേദിയിലെ ചോദ്യം തന്നെ ശ്രദ്ധേയമായി. അത്തരമൊരു ചോദ്യം ലോകമാധ്യമത്തില്‍ നിന്ന് ഉയരാന്‍ പാകത്തില്‍ മോഡിയുടെ ഇന്ത്യ വളര്‍ന്നു എന്നത് തന്നെയാണ് വസ്തുത.

ജനാധിപത്യമെന്നും ഭരണഘടനയെന്നും നരേന്ദ്രമോഡി ആ വാര്‍ത്താസമ്മേളനത്തില്‍ പലവുരി പറഞ്ഞു. പക്ഷെ അവിടെ ഉയര്‍ന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം പറയാനായില്ല. മറുചോദ്യം ചോദിക്കാനുള്ള അനുവാദമോ സ്വാതന്ത്ര്യമോ ആ മാധ്യമപ്രവര്‍ത്തകന് ഉണ്ടായിരുന്നുമില്ല. നരേന്ദ്രമോഡി എവിടെയും ഭീരുവായ നരേന്ദ്രമോഡി തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

Eng­lish Sam­mury: naren­dramo­di in us

Exit mobile version