Site icon Janayugom Online

അമേരിക്ക ചന്ദ്രനിലെ വിഭവങ്ങൾ ഖനനം ചെയ്യുമ്പോൾ

രാത്രിയുടെ സൗന്ദര്യമാണ് ചന്ദ്രന്‍. കവിയും കഥാകാരനും തന്റെ വരികളില്‍ ചന്ദ്രവെട്ടത്തെയും വട്ടത്തെയും വര്‍ണിക്കാന്‍ കൊതിക്കാറുണ്ട്. ശാസ്ത്രകാരന് എന്നും കൗതുകവുമാണ് ചന്ദ്രനും ചന്ദ്രോപരിതലവും. ഭൂമിയുടെ ഒരു പ്രകൃതിദത്ത ഉപഗ്രഹമായാണ് ശാത്രലോകം ചന്ദ്രനെ വിശേഷിപ്പിക്കുന്നത്. പഠിച്ചിട്ടും പഠിച്ചിട്ടും തീരാത്തത്ര കാര്യങ്ങള്‍ ചന്ദ്രനിലുണ്ടോ. ഭൂമിയില്‍ അധിവസിക്കുന്നവരില്‍ മഹാഭൂരിപക്ഷവും അതില്‍ ആശങ്കപ്പെടാറില്ല. ഭൂമിയില്‍ നിന്ന് എത്രയോ കിലോമീറ്റര്‍ അകലത്തിലാണ് ചന്ദ്രന്‍. കൃത്യമായി പറഞ്ഞാല്‍ 3,84,403 കിലോമീറ്റർ. ദാ ഇപ്പോള്‍ കേള്‍ക്കുന്നു, ചന്ദ്രനില്‍ നാസ ഖനനം നടത്താന്‍ ഒരുങ്ങുന്നുവെന്ന്. ഖനനം ചെയ്യുന്ന ചന്ദ്രനിലെ മണ്ണും പാറയും ഭൂമിയില്‍ എത്തിക്കാനാണ് പദ്ധതി. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയാണ് നാസ. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ പദ്ധതി നടപ്പാക്കുമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. അടുത്ത പത്ത് വര്‍ഷത്തിനകം ചന്ദ്രന്റെ അവകാശത്തെ കുറിച്ച് ഭൂമിയില്‍ തര്‍ക്കം നടക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പ്രത്യേകിച്ച് മുതലാളിത്ത ലോകം വെറിയുടെയും വെറപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം രാജ്യഭരണങ്ങള്‍ക്കുമേല്‍ കുത്തിവയ്ക്കുന്ന ഈ കാലത്ത്.

നാസയിലൂടെയുള്ള അമേരിക്കന്‍ ദൗത്യം

ചന്ദ്രനില്‍ നിന്നുള്ള വിഭവങ്ങള്‍ ഖനനം ചെയ്യാനാണ് അമേരിക്ക നാസയിലൂടെ പദ്ധതിയിടുന്നത്. 2032ല്‍ പദ്ധതിയുടെ ഭാഗമായി ചന്ദ്രനില്‍ നിന്ന് മണ്ണ് ഖനനം ചെയ്ത് ഭൂമിയിലേക്ക് കൊണ്ടുവരാനാണ് ലക്ഷ്യം. ചന്ദ്രനിലെ മണ്ണ് ഖനനം ചെയ്ത് ചന്ദ്രോപരിതലത്തിൽ ഒരു സംസ്കരണ പ്ലാന്റ്തന്നെ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. അതിനായി നാസ ബഹിരാകാശത്തേക്ക് ഒരു ടെസ്റ്റ് ഡ്രിൽ അയയ്ക്കും. പര്യവേക്ഷണ ഘട്ടത്തിൽ നിക്ഷേപം നടത്താനും വിഭവങ്ങൾ മനസിലാക്കാനുമാണ് ഇതിലൂടെ ശ്രമിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വികസന ഉല്പാദന ഘട്ടത്തില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നാണ് ബ്രിസ്‌ബേനിൽ ചേര്‍ന്ന കോൺഫറൻസിൽ നാസയുടെ ജോൺസൺ സ്പേസിലെ റോക്കറ്റ് ശാസ്ത്രജ്ഞനായ ജെറാൾഡ് സാൻഡേഴ്സിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തത്.

ചന്ദ്രന്റെ ഉപരിതലത്തിൽ കുഴിക്കാനാണ് തങ്ങളുടെ പദ്ധതി. വാണിജ്യ റോക്കറ്റ് കമ്പനികളായിരിക്കും ആദ്യ ഘട്ടത്തിലുള്ള ഉപഭോക്താക്കള്‍. നാസയുടെ ജോൺസൺ സ്പേസിലെ റോക്കറ്റ് ശാസ്ത്രജ്ഞനായ ജെറാൾഡ് സാൻഡേഴ്സ് പറയുന്നു. ചന്ദ്രന്റെ ഉപരിതലം ഇന്ധനത്തിനോ ഓക്സിജനോ ആയി റോക്കറ്റ് കമ്പനി ഉപയോഗിക്കുമെന്നും ജെറാള്‍ഡ് വ്യക്തമാക്കിയിരിക്കുകയാണ്.

ഖനനം എന്തിന്? എങ്ങനെ?

2015ല്‍ റോയിട്ടേഴ്സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ചന്ദ്രനെ ഖനനം ചെയ്യാൻ പദ്ധതിയിടുന്നത് എന്തുകൊണ്ടാണെന്നും “ലൂണാർ ഗോൾഡ് റഷ്” എങ്ങനെ പ്രവർത്തിക്കുമെന്നും വിവരിച്ചിരുന്നു. ചന്ദ്രനില്‍ ജലം, ഹീലിയം, അപൂർവ എർത്ത് ലോഹങ്ങളാണ് ഉള്ളതെന്ന് ബഹിരാകാശ ഏജൻസി നടത്തിയ സര്‍വേകളില്‍ കണ്ടെത്തിയിരുന്നു. അവിടെ ചന്ദ്രനിലുള്ള പാറക്കൂട്ടങ്ങളില്‍ ഉയര്‍ന്ന് തോതില്‍ കണ്ടെത്തിയ മൂലകങ്ങള്‍ ഉപയോഗിച്ച് വരുംകാലങ്ങളില്‍ വികസന മേഖലയില്‍ വലിയ കുതിച്ചുച്ചാട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം. റോക്കറ്റിലെ ഇന്ധനത്തിനായി ജലത്തെ ഉപയോഗിക്കാം. ന്യൂക്ലിയർ ഫ്യൂഷൻ പോലുള്ള ഊർജ മേഖലയിലെ വികസനത്തിന് ഹീലിയത്തെ ഉപയോഗിക്കാനാകുമെന്ന് നാസ പറയുന്നു.

ചന്ദ്രോപരിതലത്തിൽ കാണപ്പെടുന്ന അപൂർവ എർത്ത് ലോഹങ്ങളെ, സ്കാൻഡിയം, യട്രിയം പോലുള്ളവ ആധുനിക ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ മേഖലയില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും കണ്ടെത്തി. ചന്ദ്രന്റെ പിണ്ഡത്തില്‍ 73 ക്വിന്റൽ ടണ്‍ അളവിലാണ് മൂലകങ്ങളും ഘടകങ്ങളും ഉള്ളത്. ഓരോ ദിവസവും ഒരു മെട്രിക് ടൺ ഖനനം ചെയ്താൽ, ചന്ദ്രന്റെ പിണ്ഡത്തില്‍ നിന്ന് 220 ദശലക്ഷം വർഷം ഖനനം ചെയ്താലും ഒരു ശതമാനം മാത്രമാണ് കുറയുകയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ചാന്ദ്രയാത്ര അമേരിക്കന്‍ തട്ടിപ്പെന്ന് വിശ്വസിക്കുന്നവരും

നാസ ഖനനത്തിനുവരെ പദ്ധതി ഇട്ടിരിക്കെ ഇപ്പോഴും ചന്ദ്രനില്‍ മനുഷ്യര്‍ ഇറങ്ങിയിട്ടില്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. ഛാന്ദ്രയാത്ര അമേരിക്കയുടെ നാടകം മാത്രമാണെന്നാണ് ഇവര്‍ പ്രചരിപ്പിക്കുന്നത്. ചന്ദ്രോപരിതലത്തിലുള്ള ചിത്രങ്ങള്‍ വ്യാജമായി നിര്‍മ്മിച്ചവയാണെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ചിത്രത്തിലുള്ള ചന്ദ്രനില്‍ നിഴല്‍ വീഴുന്നതും കൊടിപറക്കുന്നതുമാണ് സംശയത്തിന് വഴിവച്ചത്. റഷ്യയെ തോല്‍പ്പിക്കാന്‍ അമേരിക്ക കണ്ട മാര്‍ഗമാണ് ചന്ദ്രനില്‍ ആളെ ഇറക്കുക എന്നും പറയുന്നു. ശീതയുദ്ധത്തിന്റെ ഭാഗമായി അമേരിക്കയും റഷ്യയും തമ്മില്‍ കടുത്ത മത്സരം നടന്നിരുന്നു. അമേരിക്കയുടെ ആദ്യ ബഹിരാകാശ ദൗത്യങ്ങളെല്ലാം തടുരെ പരാജയമായിരുന്നു. സ്പുട്‌നിക് എന്ന ചെറുപേടകം ആകാശത്തെത്തുകയും പ്രോജക്റ്റ് വാന്‍ഗാര്‍ഡ് എന്ന അമേരിക്കന്‍ ദൗത്യത്തിലെ ആദ്യ രണ്ട് വിക്ഷേപണങ്ങളും പരാജയപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് സ്പുട്നിക് പ്രതിസന്ധിയെന്ന് അതിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അമേരിക്ക ചന്ദ്രനിലേക്ക് മനുഷ്യനെ അയക്കുന്ന ദൗത്യം ആരംഭിക്കുന്നത്.

പരിമിതമായ പരിചയസമ്പത്ത് വച്ചാണ് നാസ തങ്ങളുടെ അപ്പോളോ 11 എന്ന പതിനൊന്നാമത്തെ ദൗത്യം വിജയകരമാക്കിയത് എന്ന് പറയാം. എന്നാല്‍ ഇതിന് മുന്‍പ് നടന്ന പത്ത് ദൗത്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 1967ലെ ആദ്യദൗത്യത്തില്‍ കനത്ത തിരിച്ചടിയാണ് അപ്പോളോ നേരിട്ടത്. മൂന്ന് യാത്രികരും ശ്വാസംമുട്ടി മരിക്കുകയായിരുന്നു. പറക്കുന്നതിന് ഒരു മാസം മുന്നേ യാത്രികര്‍ തങ്ങളുടെ പറക്കല്‍, സിമുലേറ്ററിന്റെ സഹായത്തോടെ പരിശീലിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അപ്പോളോ യാത്രികരുടെ ഭാര്യമാരുടെ അഭ്യര്‍ത്ഥന പ്രകാരം അന്ന് നടക്കാതിരുന്ന യാത്രയ്ക്ക് അപ്പോളോ-1 എന്ന ദൗത്യം അതേപേരില്‍ നിലനിര്‍ത്തി.

ഇങ്ങനെ ഓരോ അപ്പോളോ ദൗത്യത്തിനുമുണ്ട് അധികാമാരും അറിയാത്ത കഥകള്‍ പറയാന്‍. അവസാന മൂന്ന് ദൗത്യങ്ങളിലെ യാത്രികര്‍ ചന്ദ്രോപരിതലത്തില്‍ നടക്കുകയും വാഹനത്തില്‍ യാത്ര വരെ നടത്തിയതിന്റെ തെളിവുകളും പുറത്ത് വന്നിരുന്നു. ലൂണാര്‍ റോവിങ് വെഹിക്കിള്‍ എന്ന പ്രത്യേകതരം വാഹനമാണ് അവര്‍ ചന്ദ്രനിലൂടെ ഓടിച്ചത്. 380 കിലോയില്‍ അധികം വരുന്ന സാമ്പിളുകള്‍ ചന്ദ്രോപരിതലത്തില്‍ നിന്നും ശേഖരിച്ച് അവര്‍ ഭൂമിയിലേക്ക് കൊണ്ടുവന്നത്. പല മ്യൂസിയങ്ങളിലായി അവ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. 17 ദൗത്യങ്ങള്‍ കഴിഞ്ഞതോടെ അമേരിക്ക 18, 19, 20 ദൗത്യങ്ങള്‍ റദ്ദാക്കുകയായിരുന്നു. 1972ല്‍ റഷ്യയുമായുള്ള അമേരിക്കയുടെ മത്സരം അവസാനിച്ചുവെന്ന് പറയാം. പിന്നീട് ഇരുരാജ്യങ്ങളും ഒത്തൊരുമിച്ച് ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്തുതുടങ്ങിയ കാഴ്ചയാണ് ലോകം കണ്ടത്.

ആർട്ടെമിസ് 2 ദൗത്യം

വര്‍ഷങ്ങള്‍ക്ക് ശേഷം ചാന്ദ്രയാത്രയ്‌ക്ക്‌ സജ്ജമായ നാസ തങ്ങളുടെ ആർട്ടെമിസ് 2 ദൗത്യത്തിനായി നാലുപേരെ തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചിരുന്നു. നാസയില്‍ നിന്ന് മൂന്ന് പേരും, കനേഡിയൻ സ്‌പേസ് എജൻസിയുടെ ഒരാളുമാണ് യാത്ര ചെയ്യാന്‍ ഒരുങ്ങിയിട്ടുള്ളത്. ഫ്‌ളൈറ്റ്‌ എൻജിനിനിയറായ (നാസ) ക്രിസ്‌റ്റിന കച്ചാണ്‌ സംഘത്തിലെ ഏക വനിത. നാസയുടെ റിയ്‌ദ്‌ വൈസ്‌മാനാണ്‌ ദൗത്യത്തിന്റെ കമാൻഡർ. പൈലറ്റ്‌ വിക്ടർ ഗ്ലോവർ(നാസ), ജെർമി ഹാൻസൻ(കാനഡ) എന്നിവരാണ്‌ മറ്റുള്ളവർ. നാസ ജോൺസൺ സ്‌പേയ്‌സ്‌ സെന്ററില്‍ വച്ചാണ് അഡ്‌മിനിസ്‌ട്രറ്റർ ബിൽ നെൽസണ്‍ ദൗത്യാംഗങ്ങളെ പ്രഖ്യാപിച്ചത്‌.

മനുഷ്യരില്ലാത്ത ഒന്നാംഘട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ചന്ദ്രനിലേക്കുള്ള ഈ യാത്ര. ചന്ദ്രനിൽ നിന്ന്‌ ചൊവ്വയിലേക്കും അവിടെ നിന്ന്‌ മനുഷ്യന്റെ മറ്റ് വലിയ യാത്രകള്‍ക്കുമുള്ള തുടക്കമാണിതെന്ന്‌ അദ്ദേഹം പറഞ്ഞു. പരിശീലനം ലഭിച്ച അമ്പതിലധികം പേരിൽ നിന്നാണ്‌ നാലു പേരെ ഈ അരനൂറ്റാണ്ടിനു ശേഷമുള്ള യാത്രയ്ക്കായി തെരഞ്ഞെടുത്തത്‌. 25 ദിവസത്തെ ദൗത്യം പൂർത്തിയാക്കി 2022 ഡിസംബറിലാണ് ആർട്ടെമിസ്-1ലെ ആളില്ലാപേടകമായ ഓറിയോൺ പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങിയത്. അതേസമയം 2024 നവംബറിലാണ്‌ ആർട്ടെമിസ് 2 ദൗത്യം നിശ്ചയിച്ചിരിക്കുന്നത്. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷമായിരിക്കും ഗഗനചാരികൾ മടങ്ങുക. ചന്ദ്രോപരിതലത്തില്‍ നിന്ന് നാല്‌ ലക്ഷം കിലോമീററർ അകലെയുള്ള ചന്ദ്രനിലേക്കും തിരികെ പത്തു ദിവസം നീളുന്നതുമാണ് യാത്ര. പക്ഷേ, ഇവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ല പകരം ചന്ദ്രനെ ചുറ്റി തിരിച്ചെത്തുകയാണ് ചെയ്യുന്നത്. 2025ൽ ആർട്ടെമിസ് മൂന്നാം ദൗത്യത്തിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യനെ ഇറക്കുകയാണ്‌ നാസയുടെ ലക്ഷ്യം. ചന്ദ്രനിൽ മനുഷ്യകോളനികൾ സ്ഥാപിക്കുകയെന്നതാണ് ആർട്ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം.

അപ്പോളോ 11 ദൗത്യം

1969 ജൂലൈ 21ലാണ് മനുഷ്യര്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയത്. അതുവരെയുള്ള അപ്പോളോ യാത്രയില്‍‍ ചന്ദ്രന് വലം വയ്ക്കാന്‍ മാത്രമാണ് നാസയ്ക്ക് ആയത്. ദൗത്യത്തിന്റെ ഭാഗമായി ആറെണ്ണം മാത്രമാണ് മനുഷ്യരെ ചന്ദ്രനിൽ ഇറക്കിയത്. ഒരു ദൗത്യം ദുരന്തത്തിൽ കലാശിക്കുകയും ചെയ്തു. അപ്പോളോ 11ല്‍ നീൽ ആംസ്റ്റ്രോങ്ങ്, ബസ് ആൾഡ്രിൻ, മൈക്കൽ കൊളിൻസ് എന്നിവരാണ് സഞ്ചരിച്ചത്. സാറ്റേർൺ 5 എന്ന റോക്കറ്റിലായിരുന്നു സംഘത്തിന്റെ യാത്ര. സാറ്റേൺ 5ന്റെ ഏറ്റവും മുകളിലായി കമാന്റ്/സർവീസ് മൊഡ്യൂൾ അതിനു താഴെയായി ലൂണാർ മൊഡ്യൂൾ എന്നീ സ്പേസ് ക്രാഫ്റ്റുകൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്. 5,2,970,000കിലോഗ്രാം ഭാരവും 116 മീറ്റർ ഉയരവുമാണ് റോക്കറ്റിനുള്ളത്. ഈഗിൾ എന്നു പേരുള്ള ലൂണാർ മൊഡ്യൂളാണ് ചന്ദ്രനിൽ ഇറങ്ങുന്ന ഭാഗം. അപ്പോളോ 11 ദൗത്യത്തിന് ശേഷം അപ്പോളോ 17 വരെയുള്ള യാത്രകളിലായി 12 പേർ ചന്ദ്രനിൽ ഇറങ്ങിയിട്ടുണ്ട്. ചന്ദ്രന്റെ ഉപരിതലത്തില്‍ പല പരീക്ഷണങ്ങൾ നടത്തിയും 380 കിലോഗ്രാം ചാന്ദ്രശില ഭൂമിയിലെത്തിക്കുകയും ചെയ്തു. 1972ൽ ആയിരുന്നു അവസാനത്തെ അപ്പോളോ ദൗത്യം.

ചന്ദ്രനില്‍ ജലം കണ്ടെത്തിയത് ഇന്ത്യ

ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചന്ദ്രയാൻ 2 ഓർബിറ്ററും ചന്ദ്രോപരിതലത്തിൽ ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്.
സൗരവാതം പതിച്ചുണ്ടാകുന്ന രാസപ്രവർത്തനങ്ങൾ വഴിയാണ് ജലമുണ്ടാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഇൻഫ്രാറെഡ് സ്പെക്ടോമീറ്ററാണ് ജലത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ഈ പെക്ട്രോമീറ്റർ നിർമിച്ചത്. 2019 ജൂലൈ 22നാണ് ചന്ദ്രയാൻ 2 വിക്ഷേപിച്ചത്. ഇതിനു മുൻപ് വിക്ഷേപിച്ച ആദ്യ ദൗത്യത്തിലെ എം 3 എന്ന ഉപകരണവും ചന്ദ്രനിലെ ധ്രുവപ്രദേശങ്ങളിലും പ്രകാശിത മേഖലകളിലും ജലത്തിന്റെയും ഹൈഡ്രോക്സിലിന്റെയും സാന്നിധ്യം കണ്ടെത്തിയിരുന്നു. ഈ ഉപകരണം നിർമിച്ചത് നാസ ആയിരുന്നു.

ചന്ദ്രനില്‍ വലിയ അളവില്‍ സോഡിയം ഉണ്ടെന്ന് ചന്ദ്രയാന്‍-2 കണ്ടെത്തിയിരുന്നു. ചന്ദ്രയാന്‍-2 ഓര്‍ബിറ്ററിന്റെ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററായ ക്ലാസ് ഉപയോഗിച്ചാണ് ഈ കണ്ടെത്തല്‍. 2008 ഒക്‌ടോബര്‍ 22ന് ശ്രീഹരിക്കോട്ടയില്‍നിന്നു പുറപ്പെട്ട ചന്ദ്രയാന്‍-1 എക്‌സ്‌റേ-ഫ്‌ളൂറസന്‍സ് സ്‌പെക്ട്രോമീറ്റര്‍ ചന്ദ്രനില്‍ സോഡിയത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. 2009ല്‍ നാസയും ചന്ദ്രനില്‍ ജലാംശമുണ്ടെന്ന് പിന്നീട് സ്ഥിരീകരിച്ചു. 40 വര്‍ഷം മുമ്പ് അപ്പോളോ ദൗത്യം ചന്ദ്രനില്‍ നിന്നു കൊണ്ടുവന്ന പാറകള്‍ പരിശോധിച്ച ശാസ്ത്രജ്ഞര്‍ ചന്ദ്രനില്‍ വെള്ളമുണ്ടെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്. എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് ഇതു സ്ഥിരീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇത്തരം ഒരു ഘട്ടത്തിലാണ് നാസ ചന്ദ്രനില്‍ ഖനനത്തിന് ഒരുക്കം നടത്തുന്നത്.

Eng­lish Sam­mury: When NASA exca­vates soil on the moon 

Exit mobile version