Site icon Janayugom Online

ഹോമിന് ദേശീയ അവാര്‍ഡ്: ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പരാമര്‍ശം

home

റെജി കുര്യന്‍ ന്യൂഡല്‍ഹി: 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. റോക്കട്രി ദ നമ്പി ഇഫക്ട് മികച്ച ചിത്രം. അല്ലു അര്‍ജുന്‍ മികച്ച നടന്‍. മികച്ച നടിമാരുടെ പുരസ്കാരം ആലിയ ഭട്ടും കൃതി സനോണും പങ്കുവച്ചു. മികച്ച പ്രാദേശിക ഭാഷാ ചിത്രങ്ങളുടെ പട്ടികയില്‍ റോജിന്‍ പി തോമസിന്റെ ഹോം ആണ് പുരസ്കാരത്തിന് അര്‍ഹമായത്. ഇതിലെ അഭിനയത്തിന് ഇന്ദ്രന്‍സിന് ജൂറി പ്രത്യേക പരാമര്‍ശവും നല്‍കി. നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി പുരസ്കാരം മേപ്പടിയാന്‍ ചിത്രത്തിലൂടെ വിഷ്ണു മോഹന് ലഭിച്ചു.

മലയാളത്തിലെ മികച്ച പരിസ്ഥിതി സിനിമയായി കൃഷ്ണാനന്ദിന്റെ ആവാസവ്യൂഹം തിരഞ്ഞെടുക്കപ്പെട്ടു. നായാട്ടിലെ അക്ഷര മികവിന് ശശി കബീറിന് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചു. ചവിട്ടിലെ ശബ്ദ മാന്ത്രികത മികച്ച ഓഡിയോഗ്രാഫി പുരസ്കാരത്തിന് അരുണ്‍ അശോകിനെയും സോനു കെ പിയെയും അര്‍ഹരാക്കി. സര്‍ദാര്‍ ഉധം സിനിമയിലെ പ്രകടനത്തിന് സിനോയ് ജോസഫും ഈ പട്ടികയില്‍ ഇടം നേടി. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ഇതിവൃത്തമാക്കി ചിത്രീകരിച്ച സിനിമയാണ് റോക്കട്രി ദ നമ്പി ഇഫക്ട്. സൃഷ്ടി ലഖേരയുടെ ഏക് ത ഗവോന്‍ നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് ദത്ത് അവാര്‍ഡിന് കാശ്മീര്‍ ഫയല്‍സും ജനകീയ സിനിമയ്ക്കുള്ള പുരസ്കാരത്തിന് രാജമൗലിയുടെ ആര്‍ആര്‍ആറും അര്‍ഹമായി. പുഷ്പയിലെ അഭിനയത്തിനാണ് അല്ലു അര്‍ജുന് മികച്ച നടനുള്ള പുരസ്കാരം. ഗംഗുബായി കത്തിയാവാഡിയിലെ അഭിനയ മികവിന് ആലിയ ഭട്ടിനും മിമിയിലെ വേഷപ്പകര്‍ച്ചയ്ക്ക് കൃതി സനോണെയും മികച്ച നടിമാരായി. നോണ്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ വയലിന്‍ വിദ്വാന്‍ തൃപ്പൂണിത്തുറ നാരായണ കൃഷ്ണന്റെ കഥ പറയുന്ന വി പകിരിസാമിയുടെ ടി എന്‍ കൃഷ്ണന്‍ ബോ സ്ട്രിങ്‌സ് ടു ഡിവൈന്‍ മികച്ച ആര്‍ട്ട് ഫിലിമിനുള്ള പുരസ്കാരത്തിന് അര്‍ഹമായി. എന്‍എഫ്ഡിസിയാണ് ചിത്രം നിര്‍മ്മിച്ചത്.

കൃഷി ഉള്‍പ്പെടെ പരിസ്ഥിതി മേഖലയിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരത്തിന് മൂന്നാം വളവ് അര്‍ഹമായി. ആര്‍ എസ് പ്രദീപ് സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത് ശ്രീ ഗോകുലം മൂവീസാണ്. ജേക്കബ് വര്‍ഗീസ് സംവിധാനം ചെയ്ത് മാത്യു വര്‍ഗീസ്, ദിനേഷ് രാജ്കുമാര്‍, എന്‍ നവീന്‍ ഫ്രാന്‍സീസ് എന്നിവര്‍ നിര്‍മ്മിച്ച ആയുഷ്മാന്‍ പര്യവേഷണ‑സാഹസ വിഭാഗത്തിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. അതിഥി കൃഷ്ണദാസിന്റെ കണ്ടിട്ടുണ്ട് ആണ് ആനിമേഷന്‍ വിഭാഗത്തിലെ മികച്ച ചിത്രം. മികച്ച ഓഡിയോഗ്രാഫിക്കുള്ള പുരസ്കാരം ഏക് ത ഗവോണിലെ പ്രകടനത്തിന് ഉണ്ണി കൃഷ്ണനെ അര്‍ഹനാക്കി.

Eng­lish Summary:National Award for Home: Indrans Spe­cial Mention

You may also like this video

Exit mobile version