Site icon Janayugom Online

സമഗ്ര ടൂറിസം വികസനത്തിന് കേരളത്തിന് ദേശീയ പുരസ്കാരം;’ ഹാൾ ഓഫ് ഫെയിം’ ബഹുമതി

തുടർച്ചയായ നാലാം തവണയും സമഗ്ര ടൂറിസം വികസന വിഭാഗത്തിൽ ദേശീയ ടൂറിസം പുരസ്കാരം നേടി കേരളം ഹാൾ ഓഫ് ഫെയിം ബഹുമതിക്ക് അർഹമായി.
2018–19 ലെ ടൂറിസം പുരസ്കാരങ്ങളിൽ രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലായി കോഴിക്കോട് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ് ധൻകറാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ടൂറിസം വകുപ്പിന് വേണ്ടി കെടിഡിസി മാനേജിങ് ഡയറക്ടർ വി വിഘ്നേശ്വരി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഒരേ വിഭാഗത്തിൽ തന്നെ മൂന്ന് തവണ തുടർച്ചയായി ദേശീയ ടൂറിസം പുരസ്കാരം ലഭിക്കുന്നവർക്കാണ് ഹാൾ ഓഫ് ഫെയിം ബഹുമതി നൽകുന്നത്. കേരളം തുടർച്ചയായി നാല് പ്രാവശ്യം സമഗ്ര ടൂറിസം വികസന വിഭാഗത്തിൽ പുരസ്കാര ജേതാക്കളായി. ഈ ബഹുമതി ലഭിച്ചവർ അടുത്ത മൂന്ന് വർഷത്തേക്ക് ഇതേ വിഭാഗത്തിൽ തന്നെ വീണ്ടും പുരസ്കാരത്തിന് അപേക്ഷിക്കാൻ പാടുള്ളതല്ല.
കേരളം എന്നും ടൂറിസത്തിലെ സുസ്ഥിരതയ്ക്ക് ഊന്നൽ നൽകുന്ന സംസ്ഥാനമാണ്. ഇതിനെ സഹായിക്കുന്ന നൂതനമായ വിപണന തന്ത്രങ്ങളും പ്രചാരണ പ്രവർത്തനങ്ങളുമാണ് സംസ്ഥാനം കൈക്കൊണ്ടത്. ഉത്തരവാദിത്ത ടൂറിസത്തിന്റെ മാതൃക ഉരുത്തിരിഞ്ഞു വരാനും ഇത് സഹായിച്ചുവെന്ന് ബഹുമതി പത്രത്തിൽ പറയുന്നു.
ബീച്ചുകൾ, ബയോ പാർക്കുകൾ, മലയോര പ്രദേശങ്ങൾ, സൂചകങ്ങൾ മെച്ചപ്പെടുത്തൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊത്ത് ശുചിത്വപരിപാടികൾ നടപ്പാക്കൽ, പൈതൃക സംരക്ഷണം, ടൂറിസം ക്ലബുകള്‍ സംഘടിപ്പിക്കൽ, ടൂറിസം ബോധവല്ക്കരണം എന്നീ മേഖലയിൽ നടത്തിയ സമഗ്ര പ്രവർത്തനങ്ങളാണ് കോഴിക്കോട് ഡിടിപിസിയെ പുരസ്കാരത്തിനർഹമാക്കിയത്. മികച്ച ഫോർ സ്റ്റാർ ഹോട്ടലിനുള്ള പുരസ്കാരം കുമരകത്തെ താജിനാണ്. ദക്ഷിണേന്ത്യയിലെ മികച്ച സൗഖ്യ ചികിത്സാ കേന്ദ്രത്തിനുള്ള പുരസ്കാരം മണൽത്തീരം ആയുർവേദിക് ഹോസ്പിറ്റൽ ആന്റ് റിസർച്ച് സെന്ററും നേടി.
രാജ്യത്തിനകത്തും പുറത്തും നൂതനമായ മാർഗങ്ങളുപയോഗിച്ച് ടൂറിസത്തിന്റെ പ്രചാരണത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങളുടെ അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം ബഹുമതിയെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 

Eng­lish Sum­ma­ry: Nation­al award to Ker­ala for com­pre­hen­sive tourism devel­op­ment;’ Hall of Fame’ honoree

You may like this video also

Exit mobile version