Site iconSite icon Janayugom Online

ദേശീയ പാത നിര്‍മ്മാണം ഇഴയുന്നു; ലക്ഷ്യം 13,800 കിലോമീറ്റര്‍, പൂര്‍ത്തിയായത് 6,216 കിലോമീറ്റര്‍

രാജ്യത്തെ ദേശീയ പാത നിര്‍മ്മാണം ഇഴയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 13,800 കിലോമീറ്റര്‍ റേഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നുവെങ്കിലും പൂര്‍ത്തിയായത് കേവലം 6,216 കിലോമീറ്റര്‍ മാത്രം. കേന്ദ്ര സര്‍ക്കാരിന്റെയും ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെയും കടുത്ത ഉദാസീനതയാണ് പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിന് ഇടവരുത്തിയതെന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒമ്പത് മാസത്തിനിടെ 2.16 ലക്ഷം കോടി ചെലവഴിച്ച് ദേശീയ പാത നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന മോഡി സര്‍ക്കാരിന്റെ അവകാശവാദമാണ് പൊളിഞ്ഞത്. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ രേഖ പ്രകാരം 2023 ഏപ്രില്‍— ഡിസംബര്‍ വരെ കാലയളവില്‍ 6,216 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം മാത്രമാണ് പൂര്‍ത്തിയായത്. 13,800 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പദ്ധതിയില്‍ 45 ശതമാനം മാത്രമാണിതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ദേശീയ പാത നിര്‍മ്മാണത്തില്‍ മുമ്പും പദ്ധതിലക്ഷ്യം പ്രാവര്‍ത്തികമായിരുന്നില്ല. 2022ല്‍ ലക്ഷ്യമിട്ട 12,500 കിലോമീറ്ററില്‍ പൂര്‍ത്തിയായത് 10,457 റോഡാണ്. തുക അനുവദിക്കുന്നതില്‍ വരുന്ന വീഴ്ചയാണ് നിര്‍മ്മാണം വൈകാന്‍ കാരണമെന്നും 13,800 കിലോമീറ്റര്‍ റോഡ് എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ വര്‍ഷം സാധിക്കില്ലെന്നും ഉപരിതല ഗതാഗത മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.
പദ്ധതിക്കായി അടിസ്ഥാന മൂലധനം നിക്ഷേപിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തുന്ന വീഴ്ചയും റോഡ് നിര്‍മ്മാണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. 2024ല്‍ 2,15,910 കോടിയാണ് പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ നീക്കിവച്ചത്. പ്രതിദിനം 80 കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പദ്ധതി അനിശ്ചിതമായി നീളുമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയ റേറ്റിങ് സ്ഥാപനമായ ഐസിആര്‍എ പറയുന്നു. കഴിഞ്ഞ മൂന്നു മാസമായി പ്രതിദിനം 80 കിലോമീറ്റര്‍ റോഡ് നിര്‍മ്മാണം സാധ്യമായിട്ടില്ലെന്നും ഐസിആര്‍എ റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: Nation­al high­way con­struc­tion drags on; Tar­get 13,800 km, com­plet­ed 6,216 km

You may also like this video

Exit mobile version