Site iconSite icon Janayugom Online

ദേശീയപാത വികസനം; ഒന്നാമതാവാന്‍ ഒന്നാം റീച്ച് , ദക്ഷിണേന്ത്യയിലെ ആദ്യ ഒറ്റത്തൂണ്‍പാലവും ഒരുങ്ങുന്നു

bridgebridge

സംസ്ഥാനത്ത് ദേശീയപാത വികസനത്തില്‍ നിര്‍മ്മാണ വേഗതയില്‍ ഒന്നാമതാവാന്‍ ഒന്നാം റീച്ച്. സംസ്ഥാനത്തെ ദേശീയപാത വികസനത്തിലെ ഒന്നാം റീച്ചായ തലപ്പാടി-ചെങ്കള റീച്ചിലാണ് നിര്‍മ്മാണം അതിവേഗം പുരോഗമിക്കുന്നത്. ഈ റീച്ചില്‍ ഇതുവരെയായി 27 ശതമാനത്തോളം പ്രവൃത്തി പൂര്‍ത്തിയായി.
ദേശീയപാത 66ല്‍ കേരളത്തിലെ കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ നിന്ന് ആരംഭിച്ച് ചെങ്കളയില്‍ സമാപിക്കുന്നതാണ് ഒന്നാം റീച്ച്. 39 കിലോമീറ്റര്‍ ദൂരമുള്ള ഈ റീച്ചിന്റെ പ്രവൃത്തി 1703 കോടി രൂപയ്ക്ക് കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. രണ്ട് കിലോമീറ്ററോളം ആറുവരിപ്പാത തന്നെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. തലപ്പാടി മുതൽ കുഞ്ചത്തൂർ വരെയുള്ള പ്രദേശത്താണ്‌ ടാറിങ്‌ പൂർത്തിയായത്‌. കിലോമീറ്ററോളം മൂന്ന് വരിപ്പാതയും പൂര്‍ത്തിയായി.
ചിലയിടങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ ദേശീയപാത നിര്‍മ്മാണം പൂര്‍ത്തിയായ പാതയിലൂടെ ഗതാഗതം തുറന്നുകൊടുത്തു. ദേശീയപാതയുടെ ഇരുവശത്തുമായി 66 കിലോമീറ്റർ സർവീസ്‌ റോഡിൽ 50 ശതമാനം സര്‍വ്വീസ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. റോഡിന്റെ ഇരുവശത്തുമുള്ള ഓവുചാലുകളുടെയും പാര്‍ശ്വഭിത്തിയുടെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്. 75 ശതമാനത്തോളം പൂര്‍ത്തിയായി കഴിഞ്ഞു. ഇരുവശത്തുമായി 78 കിലോമീറ്റർ ഓവുചാലിൽ 42 കിലോമീറ്റർ പൂർത്തിയായി. സ്ലാബ്‌ ഉൾപ്പെടെയാണിത്‌. സുരക്ഷാഭിത്തി ഇരുവശത്തേക്കുമായി 50 കിലോമീറ്ററാണ്‌. ഇതിൽ 60 ശതമാനവും പൂര്‍ത്തിയായിക്കഴിഞ്ഞു.

തലപ്പാടി-ചെങ്കള റീച്ചില്‍ രണ്ട് മേല്‍പ്പാലങ്ങളും നാല് പ്രധാന പാലങ്ങളും നാല് ചെറുപാലങ്ങളുമാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ ഉപ്പള മേല്‍പ്പാലത്തിന്റെയും ഏരിയാലിലെ ചെറുപാലത്തിന്റെയും പ്രവൃത്തി മാത്രമാണ് ഇതുവരെ ആരംഭിക്കാത്തത്. കാസര്‍കോട് നഗരത്തിലെ (പുതിയ ബസ്‌സ്റ്റാന്റ്) മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.
1.120 കിലോമീറ്ററുള്ള കാസർകോട്‌ മേൽപ്പാലത്തിന്റെ 30 തൂണുകളിൽ 24 എണ്ണം പൂർത്തിയായി. മറ്റുള്ളവയുടെ പണി പുരോഗമിക്കുന്നു. പാലത്തിന്റെ തൂണുകള്‍ പൂര്‍ത്തിയായതില്‍ കറന്തക്കാട് ഭാഗത്ത് നിന്ന് പാലം നിര്‍മ്മാണവും ആരംഭിച്ചു കഴിഞ്ഞു. 200 മീറ്റര്‍ നീളമുള്ള മറ്റൊരു മേല്‍പ്പാലമായ ഉപ്പള ടൗണിലേതിന്റെ ഡിസൈന്‍ തയ്യാറായി വരികയാണ്. ഉപ്പള, ഷിറിയ, കുമ്പള, മൊഗ്രാല്‍ എന്നിവിടങ്ങളില്‍ വലിയ പാലങ്ങളുടെ തൂണുകളെല്ലാം നിര്‍മ്മിച്ചു കഴിഞ്ഞു. 

മഞ്ചേശ്വരം, പൊസോട്ട്, കുക്കാര്‍(മംഗൽപാടി), ഏരിയാല്‍ എന്നീവിടങ്ങളില്‍ ചെറുപാലങ്ങളും നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ ഏരിയാല്‍ ഒഴികെയുള്ള പാലങ്ങളുടെ തൂണുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. മഞ്ചേശ്വരം പാലത്തിന്റെ നിര്‍മ്മാണം 75 ശതമാനവും പൊസോട്ട് പാലത്തിന്റെ നിര്‍മ്മാണം 70 ശതമാനവും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
നിര്‍മ്മാണം ഇതുവരെ ആരംഭിക്കാത്ത ഏരിയാല്‍ പാലത്തിന്റ പ്രവൃത്തി അടുത്തമാസം ആരംഭിക്കുമെന്ന് കരാര്‍ കമ്പനി അധികൃതര്‍ അറിയിച്ചു.
അടിപ്പാതകളിൽ മൊഗ്രാൽ, കാസര്‍കോട് കളക്ട്രേറ്റ് എന്നിവിടങ്ങളിൽ നിർമ്മാണം കഴിഞ്ഞു. കുഞ്ചത്തൂർ, മഞ്ചേശ്വരം, ആരിക്കാടി, കുമ്പള, ചൗക്കി, സന്തോഷ് നഗര്‍ അടിപ്പാതകളുടെ നിർമ്മാണം 50 ശതമാനം പൂർത്തിയായി. ജില്ലയിലെ മറ്റൊരു റീച്ചായ ചെങ്കള‑നീലേശ്വരം റീച്ച് മേഘ എന്‍ജിനീയറിങ് ആന്റ് ഇന്‍ഫ്രാസ്ട്രെക്ച്ചര്‍ ലിമിറ്റഡിനാണ്. 

ദക്ഷിണേന്ത്യയിലെ ആദ്യ ഒറ്റത്തൂണ്‍പാലം

ദേശീയപാത വികസനം ഒന്നാം റീച്ചില്‍ പൂര്‍ത്തിയാകുമ്പോള്‍ കാസര്‍കോട് നഗരത്തില്‍ ഉയരുന്നത് ദക്ഷിണേന്ത്യയില്‍ തന്നെ ആദ്യത്തെ ഒറ്റത്തൂണ്‍ പാലം. ദേശീയപാത 66ല്‍ തിരക്കേറിയ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് 1.120 കിലോമീറ്ററില്‍ പാലം നിര്‍മ്മിക്കുന്നത്. ആറുവരിപ്പാതയില്‍ ഇത്തരത്തിലൊരു പാലം നിര്‍മ്മിക്കുന്നത് ദക്ഷിണേന്ത്യയില്‍ ആദ്യത്തേതാണ്. 27 മീറ്ററാണ് പാലത്തിന്റെ വീതി, കോയമ്പത്തൂര്‍ അവിനാശിയില്‍ സമാനമായ രീതിയില്‍ പാലം നിര്‍മ്മിക്കുന്നുണ്ട്. എന്നാല്‍ ഇതിന്റെ വീതി 24 മീറ്റര്‍ മാത്രമാണ്. സാധാരണയായി ഇരുഭാഗത്തും കോണ്‍ക്രീറ്റ് തൂണ്‍ ഉയര്‍ത്തിയാണ് പാലം നിര്‍മ്മിക്കുന്നത്. എന്നാല്‍ ഇവിടെ മധ്യത്തിലായി ഒരു തൂണ്‍ നിര്‍മ്മിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. ഇവിടെ പാലത്തിനായി 30 തൂണുകളാണ് നിര്‍മ്മിക്കേണ്ടത്. ഇതില്‍ 24 തൂണുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയായി. നാലു മുതല്‍ ഒമ്പതുവരെ ഉയരത്തിലാണ് തൂണുകള്‍. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വിസ്മയിപ്പിക്കുന്ന കാഴ്ചയാകുമെന്ന് നിര്‍മ്മാണക്കമ്പനി അധികൃതര്‍ പറഞ്ഞു.

Eng­lish Sum­ma­ry; Nation­al High­way Devel­op­ment; First Reich to be first

You may also like this video

Exit mobile version