Site iconSite icon Janayugom Online

കേന്ദ്ര പദ്ധതികള്‍ ഇഴയുന്നു; ഏറ്റവുമധികം വൈകുന്നത് ദേശീയപാതാ പദ്ധതികള്‍

കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതായും കാലതാമസം ചെലവ് വര്‍ധിപ്പിക്കുന്നതായും റിപ്പോര്‍ട്ട്. 56.3 ശതമാനം കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളും വൈകിയാണ് മുന്നോട്ടുനീങ്ങുന്നത്. 20 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന കണക്കാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ഇൻഫ്രാസ്ട്രക്ചർ ആന്റ് പ്രോജക്ട് മോണിറ്ററിങ് വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടില്‍ പറയുന്നു. റോഡ് ഗതാഗത‑ഹൈവേ മേഖലയിൽ 402 പദ്ധതികളാണ് വൈകുന്നത്. റെയിൽവേയിൽ 115, പെട്രോളിയം-വ്യവസായം 86 എന്നിങ്ങനെയാണ് സർക്കാർ റിപ്പോർട്ട്. 150 കോടിയിലധികം രൂപ അടങ്കല്‍ തുകയുള്ള 1449 കേന്ദ്രസർക്കാർ പദ്ധതികൾ നിലവില്‍ നടക്കുന്നുണ്ട്. പദ്ധതികൾക്ക് ആദ്യം കണക്കാക്കിയ തുകയേക്കാൾ 22.02 ശതമാനം കൂടുതൽ ചെലവ് വരും. 354 എണ്ണം ചെലവ് കവിഞ്ഞ നിലയിലാണ്. 

റോഡ് ഗതാഗത, ഹൈവേ മേഖലയിൽ ആകെ ഇപ്പോള്‍ നടക്കുന്ന 749 പദ്ധതികളിൽ 402 എണ്ണവും വൈകി. റെയിൽവേയുടെ 173 പദ്ധതികളിൽ 115 എണ്ണം വൈകുന്നു. പെട്രോളിയം മേഖലയിലെ 145 പദ്ധതികളിൽ 86 എണ്ണവും പ്രതീക്ഷിച്ച വേഗത്തില്‍ നീങ്ങുന്നില്ല. മുനീറാബാദ്-മഹബൂബ്നഗർ റെയിൽ പദ്ധതിയാണ് ഏറ്റവും കൂടുതൽ വൈകിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ചിരുന്ന സമയത്തേക്കാള്‍ 276 മാസം വൈകി. ഉധംപൂർ‑ശ്രീനഗർ‑ബാരാമുള്ള റെയിൽ പദ്ധതി 247 മാസം വൈകിയിട്ടുണ്ട്. ബേലാപൂർ‑സീവുഡ്-അർബൻ ഇരട്ടപ്പാത നിശ്ചിതസമയം കഴിഞ്ഞ് 228 മാസം പിന്നിട്ടിരിക്കുന്നു.

ദേശീയപാതാ വികസനത്തിനായുള്ള 749 പദ്ധതികളുടെ നടത്തിപ്പിന്റെ മൊത്തം യഥാർത്ഥ ചെലവ് അനുവദിച്ചപ്പോൾ 4,32,893 കോടി രൂപയായിരുന്നു. എന്നാൽ പദ്ധതി വൈകിയ സാഹചര്യത്തില്‍ ഇവ പൂര്‍ത്തിയാക്കാന്‍ 45,11,68 കോടി രൂപ വേണ്ടിവരും. ചെലവ് 4.2 ശതമാനം കവിഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. റെയിൽവേയില്‍ 173 പ്രോജക്ടുകൾ നടപ്പിലാക്കുന്നതിനുള്ള മൊത്തം യഥാർത്ഥ ചെലവ് അനുവദിച്ചപ്പോൾ, 3,72,761 കോടി രൂപയായിരുന്നു, എന്നാൽ പദ്ധതികള്‍ വൈകിയതോടെ ചെലവ് 6,27,160 കോടി രൂപയായി ഉയര്‍ന്നു. 68.2 ശതമാനമാണ് അധികച്ചെലവ് വേണ്ടിവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry; Nation­al high­way projects are the most delayed

You may also like this video

Exit mobile version