Site iconSite icon Janayugom Online

കെഎസ്ഇബിക്ക് ദേശീയ ബഹുമതി

KSEBKSEB

ഇന്ത്യൻ സ്മാർട്ട് ഗ്രിഡ് ഫോറം (ഐഎസ്ജിഎഫ്) ഡയമണ്ട് അവാർഡ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിന്. ഇരുചക്ര- മുച്ചക്ര വൈദ്യുത വാഹനങ്ങൾക്കായി രാജ്യത്തുതന്നെ ആദ്യമായി കെഎസ്ഇബി ആവിഷ്കരിച്ച പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകൾ എന്ന നവീന ആശയമാണ് അവാർഡിന് അർഹമായത്. സംസ്ഥാനമൊട്ടാകെ വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ച ഇത്തരം ചാർജറുകൾ വഴി വൈദ്യുത വാഹന രംഗത്ത് വലിയ മുന്നേറ്റമാണ് കെഎസ്ഇബി നടത്തിയത്.

ഓരോ നിയോജക മണ്ഡലത്തിലും അതത് എംഎൽഎമാർ നിർദേശിച്ച സ്ഥലങ്ങളിലാണ് 1150 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. മൂലധനചെലവ് പരമാവധി കുറച്ചുകൊണ്ട് നിലവിലുള്ള വൈദ്യുതി പോസ്റ്റുകളിൽ തന്നെ ചാർജിങ് സ്റ്റേഷനുകൾ സജ്ജീകരിച്ചത് വഴി കുറഞ്ഞ ചെലവിൽ യഥേഷ്ടം ചാർജിങ് നടത്തുന്നതിനുള്ള സൗകര്യമാണ് ലഭ്യമായിട്ടുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ വൈദ്യുത കാറുകൾ ചാർജ് ചെയ്യുന്നതിനും ഇവ ഉപയോഗിക്കാൻ കഴിയും.
കെഎസ്ഇബി തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ള കെഇഎംആപ്പ് എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹനങ്ങൾ അനായാസം ചാർജ് ചെയ്യാനാകും. ചാർജ് മോഡ് എന്ന സ്റ്റാർട്ടപ്പ് കമ്പനിയാണ് ഈ പദ്ധതിക്കായുള്ള ഉപകരണങ്ങൾ രൂപകൽപന ചെയ്തത്. ഇവ സ്ഥാപിച്ചത് ജനസിസ് എന്‍ജിനീയേഴ്സ് ആന്റ് കോൺട്രാക്ടേഴ്സ് എന്ന സ്ഥാപനമാണ്. 

നിലവിൽ 51,000 ഓളം ഇരുചക്ര വാഹനങ്ങളും 4500ൽപ്പരം ഓട്ടോറിക്ഷകളും ഈ സൗകര്യം ഉപയോഗിക്കുന്നുണ്ട്. മാർച്ച് മൂന്നിന് ഡൽഹിയിൽ നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

Eng­lish Sum­ma­ry: Nation­al hon­or for KSEB

You may also like this video

Exit mobile version