Site iconSite icon Janayugom Online

കേരളത്തിലെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 11 ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ ആകെ 187 ആരോഗ്യ സ്ഥാപനങ്ങൾക്ക് എൻക്യുഎഎസ് സർട്ടിഫിക്കേഷനും 12 ആരോഗ്യ സ്ഥാപനങ്ങൾക്ക് ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചതായി മന്ത്രി പറഞ്ഞു. 

കൂടല്ലൂർ സിഎച്ച്സി, കോട്ടയം (89.67 ശതമാനം), സിഎച്ച്സി രാമമംഗലം, എറണാകുളം (93.09), പിഎച്ച്സി ആനാട്, തിരുവനന്തപുരം (93.57), പിഎച്ച്സി കുമളി, ഇടുക്കി (92.41), കെ പി കോളനി (92.51), പിഎച്ച്സി പെരുവന്താനം (93.37), പിഎച്ച്സി അടക്കാപുത്തൂർ (93.57), പിഎച്ച്സി വാഴക്കാട് (95.83), പിഎച്ച്സി, മൊറാഴ (94.97), പിഎച്ച്സി കുമ്പഡാജെ, കാസർകോട് (94.37 ശതമാനം) എന്നിവയാണ് എൻക്യുഎഎസ് അംഗീകാരം നേടിയത്. പിഎച്ച്സി കതിരൂർ 93.52 ശതമാനം സ്കോർ നേടി പുനഃഅംഗീകാരവും കരസ്ഥമാക്കി. ഇതടക്കം 82 ആശുപത്രികൾ പുനഃഅംഗീകാരം നേടിയവയിലുള്‍പ്പെടുന്നു.
അഞ്ച് ജില്ലാ ആശുപത്രികൾ, നാല് താലൂക്ക് ആശുപത്രികൾ, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 126 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിങ്ങനെയാണ് എൻക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. എട്ടു വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ഒരു ആശുപത്രിയെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. 

എൻക്യുഎഎസ് അംഗീകാരത്തിന് മൂന്നുവർഷമാണ് കാലാവധി. അതിന‍ുശേഷം ദേശീയതല സംഘം പുനഃപരിശോധന നടത്തും. വർഷാവർഷം സംസ്ഥാനതല പരിശോധനയുമുണ്ടാകും. എൻക്യുഎഎസ് അംഗീകാരം ലഭിക്കുന്ന പിഎച്ച്സികൾക്ക് രണ്ടുലക്ഷം രൂപ വീതവും മറ്റ് ആശുപത്രികള്‍ ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. തിരുവനന്തപുരം പാറശാല ഗവ. താലൂക്ക് ആസ്ഥാന ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷനും ലഭിച്ചു. ലേബർ റൂം 95.92 ശതമാനം സ്കോറും മറ്റേർണിറ്റി ഒടി 95.92 ശതമാനം സ്കോറും നേടിയാണ് അംഗീകാരത്തിന് അര്‍ഹമായത്.

Exit mobile version