Site icon Janayugom Online

ബാങ്കുകളുടെ ദേശസാല്‍ക്കരണവും സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയും

ന്ത്യ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ഒരു ദേശീയ പരിപാടിയായി ആഘോഷിച്ചുവരികയാണല്ലോ. ഈ അവസരത്തില്‍ ദേശീയവും പ്രാദേശികവുമായ വിവിധ അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളില്‍ സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഇന്ത്യയുടെ സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ വന്നുചേര്‍ന്നിരിക്കുന്ന ചെറുതും വലുതുമായ മാറ്റങ്ങള്‍ സംബന്ധമായ സെമിനാറുകളും ചര്‍ച്ചാ സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്നത് ഉറപ്പാണ്.

ഈ ലേഖനത്തില്‍ ചര്‍ച്ചാവിഷയമാക്കുന്നത് പിന്നിട്ട ഏഴര പതിറ്റാണ്ടുകള്‍ക്കിടയില്‍ സ്വതന്ത്ര ഇന്ത്യയുടെ ബാങ്കിങ് ദേശവല്ക്കരണമാണ്; അതിലൂടെ ഇന്ത്യയിലെ രാഷ്ട്രീയ ഭരണാധികാരി വര്‍ഗം സൃഷ്ടിച്ച പുകമറയുടെ വിവിധ മാനങ്ങളാണ്. 2022 ജൂലൈ 19ന് ബാങ്ക് ദേശവല്ക്കരണത്തിന്റെ 53-ാം വാര്‍ഷികമാണ് നാം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്തത്. 2008 ലാണ് മുതലാളിത്ത ലോകം 1930കളിലെ മഹാമാന്ദ്യത്തിനുശേഷം ആദ്യമായി മറ്റൊരു ഗുരുതര ധനകാര്യ ബാങ്കിങ് മേഖലാ പ്രതിസന്ധിയെ അഭിമുഖീകരിച്ചതെന്നോര്‍ക്കുക. ആഗോളതലത്തില്‍ അജയ്യ സാമ്പത്തിക ശക്തിയായി നിലകൊണ്ടിരുന്ന അമേരിക്കയില്‍ വാള്‍സ്ട്രീറ്റ് വന്‍ തകര്‍ച്ച നേരിടേണ്ടിവന്നതും നാം കണ്ടതാണ്. ഈ ബാങ്കിങ് ധനകാര്യ പ്രതിസന്ധി മൂര്‍ധന്യത്തിലെത്തിയ 2009 ജനുവരിയിലാണ് സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസ് നഗരത്തില്‍ വേള്‍ഡ് ഇക്കണോമിക് ഫോറം യോഗം ചേര്‍ന്നത്. നിരവധി മുതലാളിത്ത ധനശാസ്ത്ര ചിന്തകന്മാരും ബിസിനസ് കോര്‍പറേറ്റുകളും പങ്കെടുത്തിരുന്നു. വിവിധ രാജ്യതലസ്ഥാനങ്ങളില്‍ അധികാരം കയ്യാളുന്ന ഭരണവര്‍ഗത്തിന് ബിസിനസിന്റെ പ്രാഥമിക പാഠം പോലും അറിയില്ല എന്നാണ് യോഗത്തില്‍വച്ച് ഫ്രഞ്ച് ധനമന്ത്രിയായിരുന്ന ക്രിസ്ത്യന്‍ ലാഗാര്‍ഡിനോട് ഇവരെല്ലാം പറഞ്ഞത്. ഈ ചോദ്യത്തിനുള്ള കൃത്യമായ മറുപടിയെന്ന നിലയില്‍ ലാഗാര്‍ഡ് തിരിച്ചടിച്ചത് ‘നിങ്ങള്‍ക്ക് രാഷ്ട്രീയമെന്തെന്നും അറിയില്ല’ എന്നാണ്.


ഇതുകൂടി വായിക്കൂ: നിലനില്‍ക്കുന്ന വികസനവും കോര്‍പറേറ്റ് കുത്തകകളും


1969 ജൂലൈ 19ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി ആദ്യഘട്ടത്തില്‍ 14 ഉം രണ്ടാം ഘട്ടത്തില്‍ ആറും വീതം ഇന്ത്യയിലെ കോര്‍പറേറ്റ് കുത്തകകള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന വന്‍കിട സ്വകാര്യ ബാങ്കുകള്‍ ദേശവല്ക്കരിച്ചപ്പോഴും സമാനമായൊരു വാഗ്വാദം നടന്നിരുന്നു. ഏതായാലും ഈ അവസരത്തില്‍ ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോള്‍ ഒരു ധനശാസ്ത്ര വിദ്യാര്‍ത്ഥിയും അധ്യാപകനുമെന്ന നിലയില്‍ ലേഖകനും വിലയിരുത്താന്‍ കഴിയുക ഇന്ദിരയുടെ ധീരമായ ആ നടപടി സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമ്പത്തിക ചരിത്രത്തില്‍ പുതിയ ഒരു അധ്യായം എഴുതിച്ചേര്‍‍ത്തു എന്നുതന്നെയാണ്. അന്നുവരെ ബാങ്കിങ് എന്നാല്‍ എന്തെന്നുപോലും അറിവില്ലാതിരുന്ന, നിരവധി ഗ്രാമീണര്‍ക്ക് ബാങ്കിങിനെ പറ്റി ഒരു ഏകദേശം ധാരണയുണ്ടാക്കാനെങ്കിലും സഹായിച്ചു എന്നാണ് കരുതേണ്ടതും. ഇന്ദിരാഗാന്ധി തുടക്കമിട്ട ഈ ബാങ്ക് ദേശവല്ക്കരണ സംസ്കാരത്തിന്റെ തുടര്‍ച്ചയായിട്ടുവേണം 2014ല്‍ അധികാരത്തിലെത്തിയ മോഡി സര്‍ക്കാര്‍ ഈ വസ്തുത ഏറ്റുപറയാന്‍ സന്നദ്ധമല്ലെങ്കിലും തങ്ങള്‍ തുടക്കമിട്ട പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയും പരിഗണിക്കാന്‍. ഇന്ദിരാഗാന്ധി നയിച്ച സര്‍ക്കാരിന്റെ നടപടിയുടെ രാഷ്ട്രീയം പലര്‍ക്കും അരോചകമായി തോന്നിയിരിക്കാം. എന്നാല്‍, അതിന്റെ പിന്നിലെ ധനശാസ്ത്രം സാധാരണക്കാര്‍ക്ക് ഗുണഫലം ചെയ്യുകയുണ്ടായി എന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്തെമ്പാടുമുള്ള നഗര–ഗ്രാമീണ മേഖലകളില്‍ ധനകാര്യ ഉള്‍ക്കൊള്ളല്‍ പ്രയോഗത്തിലാവുകയും പണത്തിന്റെ ഒഴുക്ക് സുഗമമാവുകയും മാനുഷിക മൂലധനം കടുതല്‍ ഉല്പാദനക്ഷമത കൈവരിക്കുകയും ചെയ്തു. സാമൂഹ്യ മൂലധനം, ദേശീയ സാമ്പത്തിക മുഖ്യധാരയുടെ ഒരു ഘടകമായി രൂപാന്തരപ്പെടാനും ബാങ്ക് ദേശവല്ക്കരണം വഴിയൊരുക്കി എന്നത് നിസാരമായൊരു നേട്ടമായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ സാമ്പത്തിക മൂലധനം ഒരു ചെറിയ വിഭാഗത്തിന്റെ കൈകളില്‍ ഒതുങ്ങിയ പ്രവണത, ജനാധിപത്യത്തിന്റെയും ഇന്ത്യന്‍ ഭരണഘടന വ്യവസ്ഥകളുടെയും നഗ്നമായ ലംഘനമാണെന്ന തിരിച്ചറിവ് രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയ്ക്കും ഒരു പരിധിവരെയെങ്കിലും ബോധ്യമാകാന്‍ ബാങ്ക് ദേശസാല്ക്കരണം സഹായകമായി. ഇതെല്ലാം ഇപ്പോള്‍ ചരിത്രത്തിന്റെ ഭാഗമാണ്.


ഇതുകൂടി വായിക്കൂ: കറപുരളാത്ത വ്യക്തിത്വം


കേന്ദ്രത്തില്‍ അധികാരം നിലനിര്‍ത്തുന്നതിന് നേരിയൊരു ഭൂരിപക്ഷം മാത്രമുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മനസില്ലാ മനസോടെയാണെങ്കില്‍ക്കൂടി കാതലായ ദേശീയ പ്രശ്നങ്ങള്‍ ലോകസഭയില്‍ പരിഗണനയ്ക്കു വരുന്ന സമയത്ത് കമ്മ്യൂണിസ്റ്റ്-ഇടതു പാര്‍ട്ടികളുടെ പിന്തുണകൂടി നേടേണ്ടതായി വന്നിരുന്നു. ഈ നയസമീപനം മൊറാര്‍ജി ദേശായിക്കും അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കും ഒട്ടും തന്നെ തൃപ്തികരമായിരുന്നില്ലെങ്കിലും അവരും നിസഹായരായിരുന്നു. ഇതിനിടെ സ്വതന്ത്ര പാര്‍ട്ടി എന്ന പേരില്‍ ആ പിന്തിരിപ്പന്‍ ആശയങ്ങളോടുകൂടിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം രൂപംകൊണ്ടിരുന്നെങ്കിലും അതിന് നേരിയതോതിലുള്ള ശല്യം സൃഷ്ടിക്കാന്‍ മാത്രമേ തുടക്കത്തില്‍ കഴിയുമായിരുന്നുള്ളു. അതേ അവസരത്തില്‍ ഈ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ അതിന്റെ സ്ഥാപകനായ സി രാജഗോപാലാചാരിക്കു പുറമെ തലയെടുപ്പുള്ള എന്‍ ജി രങ്ക, മിനുമസാനി, കെ എം മുന്‍ഷി, മഹാറാണി ഗായത്രി ദേവി തുടങ്ങിയ പ്രഗത്ഭമതികളും പാര്‍ലമെന്റേറിയന്മാരും ഉണ്ടായിരുന്നു എന്നത് വലിയൊരു വെല്ലുവിളി ഉയര്‍ത്താനുമായിരുന്നില്ല. 1967ലെ പൊതു തെരഞ്ഞെടുപ്പിനു ശേഷമുള്ള ലോക്‌സഭയില്‍ 44 സീറ്റുകളോടെ ഈ പാര്‍ട്ടി വിപണിവല്‍കൃത സമ്പദ്‌വ്യവസ്ഥയ്ക്കായി ശക്തമായ നിലപാടുകളെടുത്തിരുന്ന സാഹചര്യവും ഭരണകക്ഷിയായ കോണ്‍ഗ്രസിന് തീര്‍ത്തും അവഗണിക്കാനും കഴിയുമായിരുന്നില്ല. സ്വാഭാവികമായും ഇന്ദിരാഗാന്ധി വിഭാവനം ചെയ്തിരുന്ന നെഹ്രുവിയന്‍ സാമ്പത്തിക കാഴ്ചപ്പാടുമായി മുന്നോട്ടുപോകണമെങ്കില്‍ നാടകീയമായ എന്തെങ്കിലും നടപടി ഉടനടി സ്വീകരിച്ചേ മതിയാകൂ എന്ന സ്ഥിതിവിശേഷമാണ് ദേശീയതലത്തില്‍ നിലവില്‍ വന്നത്. ഭരണം നിലനിര്‍ത്താന്‍ മറ്റു കുറുക്കുവഴികളൊന്നും ഉണ്ടായിരുന്നതുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ണായകമായൊരു വിഭാഗത്തിന്റെയും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും പോക്ക് ഏതു ദിശയിലേക്കായിരിക്കുമെന്ന് വ്യക്തമായതോടെ ഇതിനോട് എതിര്‍പ്പുണ്ടായിരുന്ന ഡെപ്യൂട്ടി പ്രധാനമന്ത്രി മൊറാര്‍ജി ദേശായ്, ബാങ്ക് ദേശസാല്ക്കരണമെന്ന ബ്രഹ്മാസ്ത്ര പ്രയോഗം വരുന്നതിന് മുമ്പുതന്നെ സ്ഥാനമൊഴിയുകയാണ് ചെയ്തത്. അങ്ങനെ, 1969 ജൂലൈ 19ന് പ്രധാനമന്ത്രി ബാങ്ക് ദേശസാല്‍ക്കരണ പ്രഖ്യാപനവും നടത്തുകയും ചരിത്രത്തില്‍ തന്റേതായൊരു ഇടം കണ്ടെത്താന്‍ ശ്രമിക്കുകയും ചെയ്തു. നീതിയുക്തമായൊരു സാമൂഹ്യ – സാമ്പത്തിക വ്യവസ്ഥ യാഥാര്‍ത്ഥ്യമാക്കുകയും അതില്‍ നിന്നുള്ള നേട്ടങ്ങള്‍ സമൂഹത്തിന്റെ അടിത്തട്ടില്‍ കഴിയാന്‍ വിധിക്കപ്പെട്ടവര്‍ക്ക് ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു ഈ പരിഷ്കാരത്തിന്റെ ആത്യന്തിക ലക്ഷ്യം. സ്വതന്ത്ര ഇന്ത്യ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പോലും ഈ ലക്ഷ്യത്തിന്റെ അടുത്തുപോലും എത്തിയിട്ടില്ലെന്നതാണ് അനുഭവം.


ഇതുകൂടി വായിക്കൂ: ഭക്ഷ്യോല്പന്നങ്ങള്‍ക്ക് തീവില


പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു പക്വമതിയായ രാഷ്ട്രീയ നേതാവെന്ന നിലയില്‍ ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യം കൂടി ഇതോടൊപ്പം മുഴക്കി. അതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരു ബൂര്‍ഷ്വാ പാര്‍ട്ടിയായി തുടര്‍ന്നും നിലനിര്‍ത്താമെന്ന വ്യാമോഹം വച്ചുപുലര്‍ത്തിയിരുന്ന, പാര്‍ട്ടിയിലെ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള സിന്‍ഡിക്കേറ്റ് വിഭാഗത്തോടൊപ്പം സ്വതന്ത്ര പാര്‍ട്ടിയും തകര്‍ച്ചയിലേക്ക് നീങ്ങുകയായിരുന്നു. ഒടുവില്‍ 1969 നവംബറോടെ കോണ്‍ഗ്രസ് രണ്ടായി വിഭജിക്കപ്പെടുന്നതിലേക്കാണ് കാര്യങ്ങള്‍ ചെന്നെത്തിയത്. രാജാക്കന്മാര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വാരിക്കോരി നല്കപ്പെട്ടിരുന്ന പ്രിഫിപഴ്സും മറ്റ് ആനുകൂല്യങ്ങളും നീക്കം ചെയ്യപ്പെട്ടതോടൊപ്പം സമ്പന്ന വര്‍ഗത്തിനുമേല്‍ ചുമത്തപ്പെട്ടിരുന്ന വരുമാന നികുതി നിരക്കുകള്‍ കുത്തനെ ഉയര്‍ത്താനുള്ള തീരുമാനവും ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ സോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയിലേക്ക് ഇന്ത്യയെ നയിക്കാനുള്ള ഉറച്ച നീക്കത്തിന്റെ ആക്കം വര്‍ധിപ്പിക്കുകയും ചെയ്തു.

കാര്യങ്ങള്‍ ഇത്രയുമായതോടെ ബാങ്ക് ദേശസാല്ക്കരണത്തിന്റെ സാമ്പത്തിക ലക്ഷ്യമെന്തായിരുന്നു എന്ന് കൃത്യമായി വെളിപ്പെട്ടു എന്നതാണ് വസ്തുത. ഇതിനു പുറമെ, മറ്റൊരു സാഹചര്യം കൂടി ഇതോടൊപ്പം ചേര്‍ത്തുകാണേണ്ടിയിരിക്കുന്നു. രണ്ടാം ലോക യുദ്ധത്തിനു മുമ്പ് ഇന്ത്യയിലുണ്ടായിരുന്ന സ്വകാര്യ ബാങ്കുകളുടെ എണ്ണം 350 ആയിരുന്നത് യുദ്ധാനന്തര കാലഘട്ടമായതോടെ 94 ആയി ചുരുങ്ങി. വലിയതോതില്‍ നടന്ന ലയന-ഏറ്റെടുക്കല്‍ പ്രക്രിയകളെ തുടര്‍ന്നുണ്ടായിരുന്ന മാറ്റമായിരുന്നു ഇത്. ഇതിനു പുറമെ ഒരു പൊതുമേഖലാ ബാങ്കെന്ന പദവിയില്‍ എട്ട് ബാങ്കുകളുടെ ഉടമാവകാശവും മാനേജ്മെന്റും താല്കാലികമായെങ്കിലും ഏറ്റെടുത്തതിനെ തുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) നിലവില്‍ വന്നു. മാത്രമല്ല, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിഭാഗത്തിന് ഇന്ത്യയിലെ സാധാരണ ജനങ്ങളുടെയും പാര്‍ശ്വവല്ക്കരിക്കപ്പെട്ട ഗ്രാമീണ ജനതയുടെയും വിശ്വാസ്യത നിലനിര്‍ത്തേണ്ടതും ഒരു അനിവാര്യതയായി അനുഭവപ്പെടുകയും ചെയ്തു. ഇത്തരമൊരു പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്ക് ദേശസാല്ക്കരണ തീരുമാനത്തെ സ്വതന്ത്ര ഇന്ത്യയില്‍ നടന്ന ഏറ്റവും ചരിത്രപ്രധാനമായൊരു സാമൂഹ്യ–സാമ്പത്തിക നടപടിയായി വിശേഷിപ്പിച്ചത്.


ഇതുകൂടി വായിക്കൂ: എൽഐസിയും സ്വകാര്യവല്‍ക്കരിക്കുമ്പോള്‍


അതേസമയം മൊറാര്‍ജി ദേശായിയും കൂട്ടരും ഇക്കാലത്തൊന്നും അലോസരായി തുടരുകയായിരുന്നില്ല. അവര്‍, ബാങ്ക് ദേശസാല്ക്കരണ തീരുമാനം ഭരണഘടനാ വിരുദ്ധവും ജനാധിപത്യത്തിനെതിരായൊരു വെല്ലുവിളിയുമാണെന്ന് ചൂണ്ടിക്കാട്ടി‍ സുപ്രീം കോടതിയില്‍ നിന്നും അനുകൂലമായ താല്കാലിക വിധി സമ്പാദിച്ചു. അവര്‍ ഉയര്‍ത്തിയ വാദം, ദേശസാല്ക്കരണത്തിനു പകരം, നിലവിലുള്ള ബാങ്കിങ് നിയമവ്യവസ്ഥയില്‍ യുക്തമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് കരണീയം എന്നായിരുന്നു. ഈ വിധത്തില്‍ അവഗണിക്കപ്പെട്ടിരിക്കുന്ന ഗ്രാമീണ–പിന്നാക്ക പ്രദേശങ്ങള്‍ക്കാവശ്യമായുള്ള ബാങ്കിങ് സൗകര്യങ്ങള്‍ വേണ്ടത്ര ലഭ്യമാക്കാനും കഴിയുമായിരുന്നു. മാത്രമല്ല, ദേശസാല്ക്കരണം ബാങ്കിങ് മാനേജ്മെന്റിന്റെ കാര്യക്ഷമത തകര്‍ക്കാനിടയാക്കുകയും സമ്പദ്‌വ്യവസ്ഥയുടെ താല്പര്യങ്ങള്‍ക്ക് കൂടുതല്‍ ആപത്ത് ക്ഷണിച്ചുവരുത്തുകയുമായിരിക്കും ചെയ്യുക എന്നും വാദിക്കുകയുണ്ടായി. ഇതിനെല്ലാം പുറമെ മൊറാര്‍ജി ദേശായ് കാര്യകരണസഹിതം വാദിച്ചത് ഇന്ദിരാഗാന്ധി ആദ്യഘട്ടത്തില്‍ ദേശസാല്ക്കരിച്ച 14 ബാങ്കുകളില്‍ ഒന്നിനുപോലും കാര്യക്ഷമതാ രാഹിത്യത്തിന്റെ പേരില്‍ കേന്ദ്ര ബാങ്കായ ആര്‍ബിഐയില്‍ നിന്നും യാതൊരുവിധ നോട്ടീസും ലഭിച്ചിരുന്നതുമില്ല എന്നുകൂടി ആയിരുന്നു.

ഇതെല്ലാം തന്നെ ചരിത്രവസ്തുതകളായി ഇന്നും അവശേഷിക്കുമ്പോഴും പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്ക്കരണവുമായി ബന്ധപ്പെട്ട വ്യക്തമായൊരു ഉറച്ച നിലപാടെടുക്കാന്‍ കഴിയാത്തൊരു അവസ്ഥയിലാണ് 2014 മുതല്‍ തുടര്‍ച്ചയായി കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും അകപ്പെട്ടിരിക്കുന്നത്. ചെകുത്താനും കടലിനും നടുവില്‍ പെട്ടതുപോലെ. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും ബിജെപിക്കും മോഡിക്കും ദേശസാല്ക്കരണത്തെ എതിര്‍ക്കാതിരിക്കാന്‍ സാധ്യമല്ല. അല്ലെന്നുവന്നാല്‍ അത് വ്യാഖ്യാനിക്കപ്പെടുക, നെഹ്രുവിസത്തിനും ഇന്ദിരാ ഇസത്തിനും അനുകൂലമായൊരു നയപരിപാടിയെയും സോഷ്യലിസ്റ്റ് ചായ്‌വുള്ളൊരു വികസന പാതയെയും അനുകൂലിക്കുന്നതായിട്ടാകും. അതേ അവസരത്തില്‍ സ്വകാര്യവല്ക്കരണ പ്രക്രിയ സമീപകാലത്ത് തുടര്‍ച്ചയായ തിരിച്ചടിയാണ് നേരിട്ടുവരുന്നതെന്ന വസ്തുതയും അവഗണിക്കാന്‍ കഴിയാതെ വന്നിരിക്കുന്നു. മാത്രമല്ല, ഓഗസ്റ്റ് ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയത്, ചൈനയില്‍ 4,000 വരുന്ന ബാങ്കുകള്‍ പാപ്പരായതായി റിപ്പോര്‍ട്ടുകള്‍ വരുമ്പോള്‍ ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കടത്തില്‍ പിന്നിട്ട ആറു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും താണനിരക്കായ 5.9 ശതമാനത്തില്‍ എത്തിനില്ക്കുന്നു എന്നാണ്. 2008ല്‍ ആഗോള ധനകാര്യ പ്രതിസന്ധി, ലോക മുതലാളിത്ത രാജ്യങ്ങളെ മുഴുവന്‍ ബാങ്കിങ്-ധനകാര്യ അരക്ഷിതത്വത്തിലകപ്പെടുത്തിയപ്പോള്‍ ഇന്ത്യക്കുമാത്രം അതില്‍ പിടിച്ചുനില്ക്കാനായത്. ശക്തമായൊരു പൊതുമേഖലാ സംവിധാനം നമുക്കുണ്ടായിരുന്നതിനാലായിരുന്നു അത്. ഇന്നത്തെ ആഗോള സാമ്പത്തിക സ്ഥിതിയും 2008–2009ലേതിനു സമാനമായ ഗുരുതരാവസ്ഥയിലാണെന്ന് ലോകബാങ്കും നാണയനിധിയും മാത്രമല്ല, വിവിധ ആഗോള ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളും സ്വതന്ത്ര വിപണി നിരീക്ഷകരും ആവര്‍ത്തിച്ച് അഭിപ്രായപ്പെട്ടിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ: നാല് ബാങ്കുകൾ കൂടി സ്വകാര്യവല്ക്കരിക്കുന്നു


ഈ പശ്ചാത്തലത്തിലാണ് പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്ക്കരണം ത്വരിതപ്പെടുത്തുന്നതിനു പകരം പൊതുമേഖലാ ബാങ്കുകളുടെതായൊരു പരിഷ്ക്കാര അജണ്ടയുമായി മോഡി സര്‍ക്കാരും നിതി ആയോഗും രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഭീഷണിയില്‍ നിന്നും തീര്‍ത്തും മോചനം നേടുകയും സാമ്പത്തിക വികസനം മുന്‍കാല സ്ഥിതിയിലാക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ബാങ്ക് ദേശസാല്ക്കരണത്തില്‍ മെല്ലെപ്പോക്കിന് മോഡി സര്‍ക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. പൊതു-സ്വകാര്യമേഖലാ ബാങ്കുകള്‍ക്ക് നിരപ്പായ കളിസ്ഥലം ഒരുക്കുന്നതിലാണിപ്പോള്‍ ബിജെപി സംഘ്പരിവാര്‍ ബുദ്ധിജീവികളും സാമ്പത്തിക വിദഗ്ധന്മാരും അവരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ ത്വരിതഗതിയിലുള്ളതും സ്ഥിരതയോടെയുള്ളതുമായ വികസനത്തിന് അനിശ്ചിതത്വത്തില്‍ തുടരുന്ന ആഗോള കാലാവസ്ഥയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് ഇക്കൂട്ടരെ നിര്‍ബന്ധിതമാക്കിയിരിക്കുന്നതും. രാജ്യത്തിന്റെ ധനകാര്യ അതിര്‍ത്തികള്‍ അതിശക്തമായ നിലയില്‍ തുടരേണ്ടത് ദേശീയ താല്പര്യ സംരക്ഷണത്തിന് ഒഴിച്ചുകൂട്ടാന്‍ വയ്യാത്തതാണ്. വിശിഷ്യാ സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി വന്‍ ആഘോഷമാക്കി മാറ്റാന്‍ സകലവിധ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍.

Exit mobile version