പ്രൊഫ. കെ അരവിന്ദാക്ഷന്‍

November 12, 2021, 4:40 am

നിലനില്‍ക്കുന്ന വികസനവും കോര്‍പറേറ്റ് കുത്തകകളും

Janayugom Online

രേന്ദ്രമോഡി സര്‍ക്കാരിന്റെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ആധുനിക കാലഘട്ടത്തിനുമേല്‍ ആധിപത്യം പുലര്‍ത്തുന്നത് ഇംഗ്ലിഷ് അക്ഷരമാലയിലെ ആദ്യ അക്ഷരമായ ‘എ’ യില്‍ തുടങ്ങുന്ന രണ്ടു പേരുകാരാണ് എന്നായിരുന്നു. അതായത് അംബാനിയും അഡാനിയും. ഇവര്‍ ഇരുവരും ചേര്‍ന്ന് നേടിയെടുത്തിരിക്കുന്ന സമഗ്രാധിപത്യം ‘ആഗോള മുതലാളിത്തത്തിന്റെ ചരിത്രത്തിലെ ഒരു സവിശേഷത’യാണെന്നാണ് ഡോ. സുബ്രഹ്മണ്യന്‍ വിശേഷിപ്പിച്ചത്. തികച്ചും ആധികാരികമായി ഇത്തരമൊരു വിഷയം അവതരിപ്പിക്കാന്‍ മോഡിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവെന്ന നിലയില്‍ അദ്ദേഹത്തിനുള്ള യോഗ്യത ആരും ചോദ്യം ചെയ്യുമെന്നു കരുതുന്നില്ല. ഏതായാലും ഈ പരാമര്‍ശം ഒരു വിവാദത്തിലേക്കു നയിച്ചാലും ഇല്ലെങ്കിലും അംബാനി-അഡാനി ദ്വയത്തിന് കേന്ദ്രസര്‍ക്കാരിനുമേലുള്ള സ്വാധീനത്തെ ആരും തള്ളിക്കളയാനിടയില്ല; അതിന് കഴിയുകയുമില്ല.

അനിതരസാധാരണ ആസൂത്രണ പാടവം കെെമുതലായുള്ള അംബാനിയും അഡാനിയും ചേര്‍ന്ന് കെട്ടി ഉയര്‍ത്തിയിരിക്കുന്ന ബിസിനസ് സാമ്രാജ്യം ആഗോള മുതലാളിത്തത്തിന്റെ വളര്‍ച്ചയില്‍ മര്‍മ്മപ്രധാനമായൊരു ഇടമാണ് കണ്ടെത്തിയിരിക്കുന്നതെന്നതിനാല്‍, നവലിബറല്‍ നയങ്ങള്‍ ശിരസാവഹിച്ചിരിക്കുന്ന ഇന്ത്യന്‍ ഭരണകൂടവും അതിന്റെ തണലിലാണ് വളര്‍ന്നുവരുന്നത്. മാത്രമല്ല, തങ്ങള്‍ക്കെതിരായി പ്രതിപക്ഷത്തുനിന്നും എത്ര ശക്തമായ വെല്ലുവിളി ഉയര്‍ന്നാലും അതിനെതിരെ ചെറുത്തുനില്പു സംഘടിപ്പിക്കാന്‍ ഈ കുത്തക കോര്‍പറേറ്റുകള്‍ക്കു നിഷ്പ്രയാസം കഴിയുകയും ചെയ്യും. കുത്തകകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങളൊന്നും അവരെയോ, അവരെ പിന്തുണയ്ക്കുന്ന ഭരണകൂടങ്ങളെയോ, തെല്ലും അലോസരപ്പെടുത്താറുമില്ല. സമ്പദ്‌വ്യവസ്ഥയിലെ വളര്‍ച്ചാസാധ്യതകളും ലാഭക്കൊയ്ത്തും വേണ്ടുവോളമുള്ള വികസനമേഖലകള്‍ അവര്‍ പങ്കിട്ടെടുക്കുകയാണ്, പരസ്പരധാരണയോടെ തന്നെ. അതുകൊണ്ടുതന്നെ അംബാനി-അഡാനി കൂട്ടുകെട്ടിനെ ധിക്കരിച്ച് സമ്പദ്‌വ്യവസ്ഥയില്‍ ഒരിടത്തുപോലും പിടിച്ചുനില്‍ക്കാന്‍ എതിരാളികളായി എത്തുന്നവര്‍ക്ക് കഴിയുന്നുമില്ല. അത്രയേറെ സ്വാധീനമാണ് ഭരണകേന്ദ്രങ്ങളില്‍ ഈ കോര്‍പറേറ്റുകള്‍ക്കുള്ളത്.

 


ഇതുകൂടി വായിക്കൂ: മഹാമാരിക്കു മുമ്പിലും മനസിലിരിപ്പ് കോര്‍പ്പറേറ്റ് പ്രീണനം


 

അംബാനി-അഡാനിമാരുടെ അവിഹിത രാഷ്ട്രീയ സ്വാധീനത്തിലൂടെയുള്ള സാമ്പത്തിക നേട്ടങ്ങളുടെ മൂല്യാധിഷ്ഠിത വിലയിരുത്തലുകള്‍ക്ക് വലിയ പ്രാധാന്യമൊന്നും കല്പിച്ചു നല്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നുമില്ല. കാരണം, ഇക്കൂട്ടരുടെ ഏകലക്ഷ്യം പരമാവധി ജനങ്ങളെ ചൂഷണംചെയ്ത് സ്വത്ത് സമാഹരിക്കുക എന്നതു മാത്രമാണ്. എക്കാലവും അങ്ങനെ തന്നെയായിരുന്നു. കോവിഡ് എന്ന മഹാമാരി ഇന്ത്യന്‍ ജനതയില്‍ ബഹുഭൂരിപക്ഷം പേരെയും ദുരന്തത്തിലകപ്പെടുത്തിയ കാലയളവില്‍ പോലും ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ പെരുപ്പമുണ്ടായ അനുഭവമാണല്ലോ നമുക്കുള്ളത്. ഇക്കൂട്ടത്തില്‍ യാതൊരുവിധ തത്വദീക്ഷയുമില്ലാതെ അധികവരുമാനം നേടിയവരില്‍ മുന്‍പന്തിയിലുള്ളത് ഔഷധവ്യാപാരികളും ഔഷധ നിര്‍മ്മാണ കുത്തകകളുമാണ്. പലപ്പോഴും കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാരുകളും ഈ പ്രക്രിയയ്ക്ക് അരുനില്‍ക്കുകയുമായിരുന്നു.

 

ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ ഇന്ത്യയിലെ അംബാനിമാരെയും അഡാനിമാരെയും താരതമ്യം ചെയ്തിട്ടുള്ളത് ദക്ഷിണകൊറിയയിലെ ഛായ്ബോള്‍സ് ജപ്പാനിലെ കുടുംബ‑നിയന്ത്രിതമായ സായ്ബാട്‌സു തുടങ്ങിയ കുത്തകകളുമായിട്ടാണെന്നത് ശ്രദ്ധേയമാണ്. ഇക്കൂട്ടത്തില്‍ ഇന്ത്യയിലെ ‘എ’ വിഭാഗക്കാര്‍ക്കു പുറമെ, മറ്റു നിരവധി ചെറുതും സാമാന്യം വലുതുമായ കുത്തകകളും ഉള്‍പ്പെടുന്നുണ്ട്. ഈ വിഭാഗം കുത്തകകളുടെ വ്യാവസായിക ആസ്തികള്‍, അഡാനി-അംബാനിമാരുടേതിനേക്കാള്‍ അധികമാണെന്നു മാത്രമല്ല, അവരുടെ വ്യവസായ കുത്തക സാമ്രാജ്യത്തിന്റെ ആഴവും പരപ്പും സങ്കല്പിക്കാന്‍ കഴിയുന്നതിലുമേറെ ആണത്രെ. ദക്ഷിണ കൊറിയയിലേയും ജപ്പാനിലെയും കുത്തകകള്‍ക്ക് സ്വന്തം രാജ്യങ്ങളിലെ ഭരണവര്‍ഗങ്ങളില്‍ നിന്നും അവര്‍ക്ക് ചുക്കാന്‍പിടിക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ നിന്നും നേരിട്ടുള്ള സ്പോണ്‍സര്‍ഷിപ്പുകള്‍ വരെ കിട്ടിവരുന്നതായി ഡോ. സുബ്രഹ്മണ്യന്‍ അഭിപ്രായപ്പെടുന്നു. രാഷ്ടീയ ഫണ്ടിങ്ങിന്റെ കാര്യത്തിലും ഇന്ത്യയിലുള്ള പി എം കെയേഴ്സ് ഫണ്ടിനെ കടത്തിവെട്ടുന്ന ഫണ്ടിങ് വഴിയുള്ള ധനസഹായങ്ങളാണ് കുത്തകകളില്‍ നിന്നും ലഭ്യമാകുന്നത്.


ഇതുകൂടി വായിക്കൂ: മോഡി തുറന്നു പറയുന്നു, കുത്തകകൾ കൃഷിയിറക്കണം


ഇന്ത്യയിലാണെങ്കില്‍ കുടുംബസ്വഭാവം കെെവരിച്ചിരിക്കുന്ന അംബാനി, അഡാനിമാരോടൊപ്പം ടാറ്റയെയും ഉള്‍പ്പെടുത്തുന്നതില്‍ അപാകതയൊന്നുമില്ല. ഇന്നത്തെ രണ്ട് ‘എ’ക്കാര്‍ ശക്തരാകുന്നതിന് വളരെ മുമ്പുതന്നെ, അതിശക്തവും നിര്‍ണായകവുമായ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്ന വ്യവസായ‑കുടുംബ സാമ്രാജ്യമായിരുന്നല്ലേ ടാറ്റാ-ബിര്‍ള കുത്തക കൂട്ടായ്മ. ഇതില്‍ സമീപകാലത്ത് ബിര്‍ളമാരെക്കാള്‍ ഒരുപടി മുന്നിലെത്തിനില്‍ക്കുന്നത് ടാറ്റമാരാണ്. ഈ നിഗമനത്തിനുള്ള ഏറ്റവുമൊടുവിലത്തെ ദൃഷ്ടാന്തമാണല്ലൊ, എയര്‍ ഇന്ത്യ എന്ന വമ്പന്‍ കമ്പനി 18,000 കോടി രൂപയ്ക്ക് ലേല നടപടികളിലൂടെ ജെആര്‍ഡി ടാറ്റ നയിക്കുന്ന ടാറ്റാ ഗ്രൂപ്പ് കെെവശപ്പെടുത്തിയ കാര്യം തന്നെ. ജപ്പാനിലെ സെെബാട്സു-കെയ്‌റേറ്റ്സു വ്യവസായ സാമ്രാജ്യത്തിന്റേതിനു സമാനമായൊരു കുടുംബ ബന്ധമാണ് ബിസിനസ്-വ്യവസായ ശൃംഖലയിലൂടെ ടാറ്റാ സാമ്രാജ്യത്തിനുമുള്ളത്. അതേസമയം ബിര്‍ളാ സാമ്രാജ്യത്തിന് മുമ്പത്തെപ്പോലുള്ള ആധിപത്യം ഈ രംഗത്ത് ഇല്ലാതിരിക്കുകയുമാണ്.

അംബാനിമാരും അഡാനിമാരും സ്വന്തം സാമ്രാജ്യത്വം പടുത്തുയര്‍ത്തുന്നത് സമ്പദ്‌വ്യവസ്ഥയുടെ വിവിധ മേഖലകളുടെ വികസനം വീതംവച്ച് എടുക്കുകവഴിയാണ്. അംബാനിക്ക് താല്പര്യം ഏറെയുള്ളത് പെട്രോ കെമിക്കല്‍സ്, പെട്രോളിയം, ടെലികോം, ഓണ്‍ലെെന്‍ പ്ലാറ്റ്ഫോമുകള്‍, സംഘടിത ചില്ലറ വില്പന മേഖല എന്നിവയ്ക്കു പുറമെ, എന്റര്‍ടെയ്‌ന്‍മെന്റ് സംരംഭങ്ങള്‍ ആരംഭിക്കുകയും അവയുടെ കുത്തക സ്ഥാപിച്ചെടുക്കുകയുമാണ്. അഡാനിയുടെ നോട്ടം കല്‍ക്കരി മേഖലയിലെ ആധിപത്യം സ്ഥാപിക്കുന്നതിനാണ്. കാരണം, തുടക്കത്തില്‍ത്തന്നെ ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരി ഇറക്കുമതി വ്യാപാരിയായിരുന്നു ഗൗതം അഡാനി എന്നതും ശ്രദ്ധേയമാണ്. ഇതിന്റെ തുടര്‍ച്ചയെന്ന നിലയില്‍ സോളാര്‍ ഊര്‍ജ്ജം അടക്കമുള്ള ഊര്‍ജ്ജോല്പാദനം, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിങ്ങനെ രാജ്യത്തിനകത്തേക്കുള്ള കവാടങ്ങള്‍ തുടങ്ങിയവയിലാണ് അദാനിമാര്‍ തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിലിരിക്കുന്ന വിഴിഞ്ഞം തുറമുഖം അടക്കമുള്ള പ്രമുഖ തുറമുഖങ്ങളും ബംഗളൂരു ഒഴികെയുള്ള വിമാനത്താവളങ്ങളും ഏറ്റവുമൊടുവിലത്തേത് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടാണ്- അഡാനി ഗ്രൂപ്പിന്റെ കെെപ്പിടിയിലാണുള്ളത്. അംബാനി-അഡാനി ദ്വയത്തിന്റെ ഈ ജെെത്രയാത്ര തുടരുകതന്നെ ചെയ്യാനാണ് സാധ്യത കാണുന്നതും.

 

 

ടാറ്റാ ഗ്രൂപ്പിനെ സംബന്ധിച്ചിടത്തോളം നമുക്കു കാണാന്‍ കഴിയുന്ന സവിശേഷത, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ മേഖലയില്‍ അവര്‍ക്കുള്ള വമ്പിച്ച മുന്‍കയ്യും നേട്ടങ്ങളുമാണ്. ഒരുപക്ഷെ, സ്റ്റാര്‍ട്ട് ആപ്പുകളുടെ വാല്യുവേഷന്‍ നടത്തിയാല്‍ കാണാന്‍ കഴിയുക ഇതിനു മുന്‍പന്തിയിലെത്തി നില്‍ക്കുന്നത് ടാറ്റാ സാമ്രാജ്യം തന്നെയാണെന്നാണ്. അതായത് അംബാനി സാമ്രാജ്യത്തിനേക്കാള്‍ മുന്നില്‍ത്തന്നെ. മാത്രമല്ല, ടാറ്റാ സാമ്രാജ്യം ഒരിക്കലും നിലവില്‍ പ്രവര്‍ത്തനരംഗത്തുള്ള സമാധാന സ്വഭാവമുള്ള സംരംഭകരെ, സ്വന്തം ബലം പ്രയോഗിച്ചോ, രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചോ, തള്ളിമാറ്റുന്ന മാര്‍ഗം സ്വീകരിക്കാറുമില്ല.

ഇത്തരമൊരു പശ്ചാത്തലത്തില്‍ ന്യായമായും ഉദിക്കുന്ന രണ്ട് ചോദ്യങ്ങളുണ്ട്. ഒന്ന്, ദക്ഷിണ കൊറിയന്‍, ജപ്പാനീസ് കുത്തകകള്‍ മുന്‍കയ്യെടുത്തതിന്റെ ഫലമായി വികസനമേഖലയില്‍ ‘അത്ഭുതങ്ങള്‍’ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് ചരിത്രവസ്തുതകള്‍ വെളിവാക്കുന്നത്. ഈ വിധത്തിലുള്ള അത്ഭുതങ്ങളൊന്നും ഇന്ത്യയിലെ അംബാനിമാരും അഡാനിമാരും സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ചിട്ടുള്ളതായി എടുത്തുപറയത്തക്ക അനുഭവങ്ങളൊന്നുമില്ല. നേരെമറിച്ച്, വന്‍കിട കോര്‍പറേറ്റുകള്‍, അവരുടെ ആധിപത്യം സ്ഥാപിക്കുക വഴി ദേശീയ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചിട്ടുണ്ടോ എന്നതിന്, ജപ്പാനിലെ കിയേറെറ്റ്സു എന്ന കുത്തക, തങ്ങളുടെ സംഘടിത ശക്തി ദുരുപയോഗം ചെയ്ത്, ബലഹീനരായ എതിരാളികളെ തുരത്തിയോടിച്ചതിന്റെ പേരില്‍ നിരവധി അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. ഇന്ത്യയിലെയും സ്ഥിതി ഏറെക്കുറെ സമാനമായ നിലയില്‍ തന്നെയാണ്. കുത്തകവിരുദ്ധ നിയമം പോലുള്ള നിയമനിര്‍മ്മാണങ്ങള്‍ക്ക് വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയിലും കേന്ദ്രസര്‍ക്കാരുകള്‍ നിര്‍ബന്ധിതമായിട്ടുള്ളത് ഇത്തരം പശ്ചാത്തലത്തിലാണല്ലോ. ഒരേ കുത്തകക്കു കീഴിലുള്ള വിവിധ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികളുടെ മൂലധനവും മാനേജ്മെന്റും സംയോജിപ്പിക്കുക (ഇന്റര്‍ലോക്കിങ്) വഴി ചെറുകിടക്കാരെ തുരത്തി ഓടിക്കുന്ന ഏര്‍പ്പാട് നമ്മുടെ സമ്പദ്‌വ്യവസ്ഥയിലും നടന്നിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: മോഡി ഭരണകൂടത്തിന് സമനില തെറ്റുന്നു


 

രണ്ടാമതൊരു പ്രശ്നം, എത്ര കാലത്തേക്ക് കുത്തകകള്‍ക്ക് സ്വന്തം ആധിപത്യം നിലനിര്‍ത്താനാകും എന്നതാണ്. പതിറ്റാണ്ടുകള്‍ ഇതിന് സാധ്യമായേക്കാം എന്നേ പറയാന്‍ സാധ്യമാകൂ. അതേ അവസരത്തില്‍ ഡോ. സുബ്രഹ്മണ്യന്‍ കൃത്യമായി സൂചിപ്പിച്ചിരിക്കുന്നതുപോലെ, എത്രതന്നെ സര്‍വാധിപത്യം പുലര്‍ത്തിവരുന്നൊരു കുത്തകയായാലും കാലക്രമേണ അതിനുള്ളില്‍ ആന്തരികമായ വെെരുധ്യങ്ങള്‍ കടന്നുവരാതിരിക്കില്ല. ചിലപ്പോള്‍ തകര്‍ച്ചക്കു വഴിവയ്ക്കുന്നതിന് ഇടയാക്കുക കുത്തക സംവിധാനത്തിനകത്തുതന്നെയുള്ള ബലഹീനമായ സംരംഭങ്ങള്‍ക്ക് വഴിവിട്ട മൂലധന സഹായം ലഭ്യമാക്കുന്നതായിരിക്കാനും സാധ്യതയുണ്ട്. പൊടുന്നനെ ഒരു ബാങ്കിങ് മേഖല പ്രതിസന്ധിയുണ്ടായി എന്നു കരുതുക. 1990കളിലേതിനു സമാനമായ നിലയില്‍. സ്വാഭാവികമായും തന്മൂലം ഏതൊരു സമ്പദ്‌വ്യവസ്ഥയുടെയും ഘടന താറുമാറാവാതിരിക്കില്ല. ദക്ഷിണ കൊറിയയില്‍ 1977ല്‍ ഏഷ്യന്‍ ധനകാര്യ മേഖലാ പ്രതിസന്ധി ഉടലെടുത്തതിനെത്തുടര്‍ന്ന് അവിടത്തെ കുത്തകകളുടെ പ്രവര്‍ത്തനങ്ങള്‍ വഴിവിട്ട നിലയിലാവുകയും സമ്പദ്‌വ്യവസ്ഥയുടെ അടിമുടിയുള്ള പരിഷ്കാരത്തിനായുള്ള മുറവിളി ഉയരുകയും ചെയ്തിരുന്നതാണ്. ഇതെല്ലാം ഇപ്പോള്‍ ഏഷ്യന്‍ വ്യവസായ‑ബിസിനസ് ചരിത്രത്തിന്റെ ഒരു ഭാഗമായി തീര്‍ത്തിരിക്കുകയുമാണ്.

ഇന്ത്യയില്‍ ഇപ്പോള്‍ ശക്തിപ്രാപിച്ചു കഴിഞ്ഞിരിക്കുന്ന കോര്‍പറേറ്റ് ആധിപത്യത്തിനും ക്രമേണ മങ്ങലും തകര്‍ച്ചയും നേരിടേണ്ടിവരുമെന്നു തന്നെയാണ് ഡോ. അരവിന്ദ് സുബ്രഹ്മണ്യന്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ വിജയിച്ചു നില്‍ക്കുന്നവരെല്ലാം സ്വന്തം വേദികളില്‍ ഏറെനാള്‍ തുടരണമെന്നില്ല. റിലയന്‍സിന്റെ കാര്യമെടുത്താല്‍ ഈ സ്ഥാപനം നടത്തിയിരിക്കുന്ന മുഴുവന്‍ മൂലധന നിക്ഷേപത്തിനും പ്രതീക്ഷിച്ച ലാഭം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് കരുതുന്നതും മൗഢ്യമായിരിക്കും. അഡാനിഗ്രൂപ്പിന്റെ വ്യത്യസ്ത നിക്ഷേപ സംരംഭങ്ങളില്‍ നിന്നും ആനുപാതികമായ വരുമാന നേട്ടമുണ്ടായിട്ടുണ്ടെന്ന് അവകാശപ്പെടാനുമാവില്ല. ടാറ്റാ ഗ്രൂപ്പിന്റെ കാര്യമെടുത്താല്‍ സോഫ്റ്റ്‌വേര്‍ സേവനങ്ങളില്‍ നിന്നൊഴികെയുള്ള സംരംഭങ്ങള്‍ക്കും ആകര്‍ഷകമായ ലാഭം നേടാന്‍ സാധ്യമായി എന്ന് കരുതുക പ്രയാസമാണ്. സമ്പദ്‌വ്യവസ്ഥയില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയുന്നു എന്നതുകൊണ്ടുമാത്രം മൂലധന വിനിയോഗത്തില്‍ മതിയായ കാര്യക്ഷമത നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്നതും അര്‍ത്ഥശൂന്യമാണ്.