Site iconSite icon Janayugom Online

പി കൃഷ്ണപിള്ളയ്ക്ക് നാടിന്റെ സ്മരണാഞ്ജലി ; ബിജെപി അരമനയിൽ വന്ന് ഐക്യപ്പെടുമ്പോൾ ആരും സന്തോഷിക്കേണ്ട: ബിനോയ് വിശ്വം

ബിജെപി അരമനയിൽ വന്ന് ഐക്യപ്പെടുമ്പോൾ ആരും സന്തോഷിക്കേണ്ടന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വലിയചുടുകാട്ടിൽ പി കൃഷ്ണപിള്ള അനുസ്മരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചിലർ സ്വർണമോ വെള്ളി പൂശിയ കിരീടമോ സമ്മാനിക്കുമ്പോൾ പ്രത്യേക താല്പര്യമൊന്നും കാണിക്കേണ്ട കാര്യമില്ല. ആർ എസ്എസുകാർ അവരുടെ രണ്ടാമത്തെ ശത്രുക്കളായി കാണുന്നത് ക്രിസ്ത്യാനികളെയാണ്. ചരിത്രത്തെ സ്വർണപാത്രത്തിൽ മൂടിവയ്ക്കാൻ ബിജെപി ശ്രമിക്കുകയാണ്. ആർഎസ്എസ് എന്നും വർഗീയതയുടെ പ്രത്യയശാസ്ത്രം മാത്രമാണ് പറയുന്നത്. ബിജെപിക്കോ ആർഎസ്എസിനോ ദേശസ്നേഹത്തെപ്പറ്റി ഉച്ചരിക്കുവാൻ സാധിക്കുകയില്ല. ബിജെപിയ്ക്ക് ഇടതുപക്ഷ പ്രസ്ഥാനത്തെ ഭയവും വെറുപ്പുമാണ്. ഇടതുപക്ഷത്തിന്റെ മുന്നേറ്റം തടയാൻ ഇന്ത്യയ്ക്കകത്തും സാമ്പത്തിക ഉപരോധം സൃഷ്ടിക്കുകയാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി എന്നും അദ്ദേഹം പറഞ്ഞു. 

സമ്മേളനം സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീം ഉദ്ഘാടനം ചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമൻ അധ്യക്ഷത വഹിച്ചു. സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസർ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, സിപിഐ സംസ്ഥാന ക‍ൗൺസിൽ അംഗം ടി ജെ ആഞ്ചലോസ്, എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം തുടങ്ങിയവർ സംസാരിച്ചു.
പി കൃഷ്ണപിള്ള പാമ്പുകടിയേറ്റ് മരിച്ച കണ്ണാർകാട് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും സിപിഐ (എം) കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എളമരം കരീം, സി എസ് സുജാത, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ, മന്ത്രി പി പ്രസാദ്, എസ് സോളമൻ, ദിനാചരണ കമ്മിറ്റി പ്രസിഡന്റ് കെ ബി ബിമൽറോയ്, സെക്രട്ടറി ബി സലിം, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ, ദീപ്തി അജയകുമാർ, പി വി സത്യനേശൻ തുടങ്ങിയവർ പങ്കെടുത്തു. വൈക്കത്ത് സഖാവ് പി കൃഷ്ണപിള്ളയുടെ ജന്മഗൃഹമായ പറൂപ്പറമ്പിൽ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാർ അധ്യക്ഷനായിരുന്നു.

Exit mobile version