Site iconSite icon Janayugom Online

കര്‍ഷക‑തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം

കേന്ദ്രസർക്കാരിന്റെ കർഷക, തൊഴിലാളി, ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ കര്‍ഷക‑തൊഴിലാളി സംഘടനകള്‍. റിപ്പബ്ലിക് ദിനത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ ട്രാക്ടര്‍ മാര്‍ച്ചുകളും ഫെബ്രുവരി 16 ന് ഗ്രാമീണ്‍ ബന്ദും നടക്കും. സംയുക്ത കിസാൻ മോർച്ചയുടെയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും നേതൃത്വത്തില്‍ കഴിഞ്ഞദിവസം ജലന്ധറില്‍ ചേര്‍ന്ന കണ്‍വെന്‍ഷനിലാണ് സമരപരിപാടികള്‍ക്ക് രൂപം നല്‍കിയത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധതക്കെതിരെ വിവിധ തലങ്ങളില്‍ സമരം ശക്തമാക്കുമെന്നും കോർപറേറ്റ്-വർഗീയ അവിശുദ്ധ കൂട്ടുകെട്ടിനെതിരെ രാജ്യവ്യാപകമായി തൊഴിലാളികളും കര്‍ഷകരും അണിനിരക്കുമെന്നും എഐടിയുസി ജനറല്‍ സെക്രട്ടറി അമര്‍ജീത് കൗര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

രാജ്യത്തെ കര്‍ഷകരുടെ കൃഷിഭൂമി തട്ടിയെടുക്കുന്നതിനും വിള ഉല്പാദനത്തിന്റെയും ഭക്ഷ്യ വിതരണ ശൃംഖലയുടെയും നിയന്ത്രണം ഏറ്റെടുക്കാനും കുത്തകകൾക്ക് ലാഭമുണ്ടാക്കാനും വേണ്ടിയുള്ള നയങ്ങളും നിയമങ്ങളുമാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്തുകൊണ്ടിരിക്കുന്നതെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടി. ദേശീയ ആസ്തികളടക്കം സ്വകാര്യ കോർപറേറ്റുകൾക്ക് തട്ടിയെടുക്കാന്‍ അവസരമൊരുക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങള്‍ കൈപ്പിടിയിലൊതുക്കിയും ഭരണാധികാരികളെയും ഏജൻസികളെയും ദുരുപയോഗം ചെയ്തും വിയോജിപ്പിന്റെ എല്ലാ ശബ്ദങ്ങളെയും ഈ കൂട്ടുകെട്ട് അടിച്ചമർത്തുകയാണെന്ന് അമര്‍ജീത് കൗര്‍ പറഞ്ഞു. 

എല്ലാ വിളകള്‍ക്കും സ്വാമിനാഥന്‍ കമ്മിഷന്‍ പ്രകാരമുള്ള താങ്ങുവില, ചെറുകിട, ഇടത്തരം കർഷക കുടുംബങ്ങൾക്കുള്ള സമഗ്രമായ വായ്പ എഴുതിത്തള്ളൽ, പൊതുമേഖലയിലെ വിള ഇൻഷുറൻസ് തുടങ്ങിയ നിരവധി വിഷയങ്ങൾ പലതവണ കേന്ദ്ര സർക്കാരിന് മുന്നിൽ ഉയർത്തിയിരുന്നു. ഇതിലൊന്നും ഇതുവരെ സർക്കാർ പ്രതികരിച്ചിട്ടില്ല. ലഖിംപൂർ ഖേരി സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനിയെ പുറത്താക്കണമെന്നും കർഷകരെ കൊലപ്പെടുത്തിയതിന് കേസ് രജിസ്റ്റർ ചെയ്യണമെന്നുമുള്ള ആവശ്യത്തിന്മേല്‍ സമരം ശക്തമാക്കാനും കര്‍ഷക‑തൊഴിലാളി സംഘടനകള്‍ തീരുമാനമെടുത്തിട്ടുണ്ട്.
സമരപരിപാടികളുടെ പ്രചരണാര്‍ത്ഥം 20 വരെ എല്ലാ ഗ്രാമങ്ങളിലും വീടുകള്‍ സന്ദർശിച്ച് ലഘുലേഖകൾ വിതരണം ചെയ്തുകൊണ്ട് ജനജാഗരൺ ക്യാമ്പയിൻ സംഘടിപ്പിക്കും. ഗ്രാമീണ്‍ ബന്ദിന്റെ ഭാഗമായി മേഖലാതലത്തില്‍ പണിമുടക്കുകൾ ഉൾപ്പെടെ നടക്കും. ബിഎംഎസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സമരത്തിന് ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ടെന്ന് തൊഴിലാളി-കര്‍ഷക നേതാക്കള്‍ അറിയിച്ചു. 

Eng­lish Summary;Nationwide agi­ta­tion against anti-farmer and anti-work­er policies
You may also like this video

Exit mobile version