Site iconSite icon Janayugom Online

പ്രകൃതിക്ഷോഭം; ഹിമാചലിൽ കഴിഞ്ഞ നാല് വർഷത്തിനിടെ 46,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്ന് റിപ്പോർട്ട്

പ്രകൃതി ദുരന്തങ്ങളുടെയും കാലാവസ്ഥാ മാറ്റത്തിൻ്റെയും ഫലമായി കഴിഞ്ഞ നാല് വർഷത്തിനിടെ ഹിമാചൽ പ്രദേശിന് 46,000 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാമുമായി സഹകരിച്ച് സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാനവ വികസന റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് മൺസൂൺ സീസണുകളിലായി ഏകദേശം 1,700 പേർക്ക് ജീവൻ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു. 70 പരമ്പരാഗത ജലസ്രോതസ്സുകളും വറ്റിവരളുന്ന അവസ്ഥയിലാണ്. കൂടാതെ വനമേഖലയിലെ തീപിടുത്തം 2024–2025ൽ 2,580 കേസുകളായി വർദ്ധിച്ചു. 1901 മുതൽ സംസ്ഥാനത്തെ ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസ് ഉയർന്നു, ഇത് 2050ഓടെ 2–3 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് മുന്നറിയിപ്പ്. ഹിമാനികൾ പ്രതിവർഷം 50 മീറ്ററിലധികം വേഗത്തിൽ പിന്നോട്ട് പോകുന്നതും പുതിയ ഹിമാന തടാകങ്ങൾ രൂപപ്പെടുന്നതും സാധ്യത വർദ്ധിപ്പിക്കുന്നു. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പുറത്തിറക്കിയ റിപ്പോർട്ട്, കാലാവസ്ഥാ പ്രതിസന്ധിയെ അതിജീവിക്കാൻ സംസ്ഥാനത്തിന് 10,000 കോടി രൂപ ആവശ്യമാണെന്നും വ്യക്തമാക്കുന്നു. നിലവിൽ സംസ്ഥാനത്തിൻ്റെ മാനവ വികസന സൂചിക ദേശീയ ശരാശരിയേക്കാൾ (0.63) ഉയർന്നതാണ് (0.78). എങ്കിലും, കാലാവസ്ഥാ മാറ്റം ഭാവിയിൽ സാമ്പത്തിക വികസനത്തിന് കനത്ത ആഘാതമേൽപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. 

Exit mobile version