എല്‍പിജി ഉല്പാദനത്തിനുള്ള പ്രകൃതിവാതക വിഹിതം വെട്ടിക്കുറച്ച് ഇത് കുറഞ്ഞ വിലയ്ക്ക് അഡാനി അടക്കമുള്ള കമ്പനികള്‍ക്ക് ചെറുകിട വിതരണത്തിന് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവ് ഇറങ്ങി. എല്‍പിജി ഉല്പാദനത്തിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍), ഓയില്‍ ആന്റ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) എന്നീ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന വാതകമാണ് വെട്ടിക്കുറയ്ക്കുന്നത്. ഇത് അഡാനി ടോട്ടല്‍ ലിമിറ്റഡ്, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് തുടങ്ങിയവര്‍ക്ക് നല്‍കാനാണ് തീരുമാനം. ഇത് സാധാരണ ഉപഭോക്താക്കള്‍ക്കുള്ള പാചകവാതക വിലയില്‍ വര്‍ധന വരുത്തുമെന്നാണ് ആശങ്ക.
ബംഗാള്‍ ഉള്‍ക്കടലിലെ മുംബൈ ഹൈ, ബാസെയിന്‍ ഫീല്‍ഡുകള്‍ പോലുള്ള പഴയ ഉല്പാദന കേന്ദ്രങ്ങളില്‍ നിന്ന് നഗരങ്ങളിലെ ചില്ലറ വ്യാപാരികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന പ്രകൃതിവാതക വിതരണം ഒക്ടോബറിലും നവംബറിലും സര്‍ക്കാര്‍ 40 ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. ഇതോടെ നഗരങ്ങളിലെ സിഎന്‍ജി വില കിലോയ്ക്ക് രണ്ടോ മൂന്നോ രൂപ വര്‍ധിക്കുന്നതിനിടയാക്കി. വെട്ടിക്കുറച്ച ഇന്ധനത്തിന്റെ അളവ് നികത്തുന്നതിന് ഉയര്‍ന്ന വിലയുള്ള ഇന്ധനം വാങ്ങി നല്‍കുന്നതിന് ചില്ലറ വ്യാപാരികളും നിര്‍ബന്ധിതമായി. പുതിയ തീരുമാനത്തോടെ ഇനിയും വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ നല്‍കുന്ന മുന്നറിയിപ്പ്.
പുതിയ റിഫൈനറികളില്‍ നിന്ന് പ്രോ-റേറ്റാ ഗ്യാസ് അനുവദിക്കാനും പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഉത്തരവിട്ടു.
നഗരങ്ങളിലെ വാതക വിതരണത്തിനായി ഒഎന്‍ജിസിയുടെ രാംനാട് എണ്ണപ്പാടം മാറ്റിവയ്ക്കുകയും ചെയ‍്തു. ഇതിലൂടെ നഗരങ്ങളിലെ ചില്ലറ ഗ്യാസ് വില്പനക്കാര്‍ക്ക് ഏകദേശം 1.7 മുതല്‍ രണ്ട് ദശലക്ഷം മെട്രിക് സ്റ്റാന്‍ഡേര്‍ഡ് ക്യുബിക് മീറ്റര്‍ ഗ്യാസ് (എംഎംഎസ‍്സിഎംഡി) ദിവസവും ലഭ്യമാകും. ഇതിന് ഏതാനും ആഴ്ചകള്‍ എടുത്തേക്കാമെന്ന് പെട്രോളിയം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
രണ്ട് തവണ വിഹിതം വെട്ടിക്കുറച്ചതുവഴി നഗരത്തിലെ ഗ്യാസ് റിട്ടെയിലര്‍മാര്‍ക്ക് ആഭ്യന്തരമായി ഉല്പാദിപ്പിക്കുന്ന ഗ്യാസ് വിതരണം അഞ്ച് മുതല്‍ 5.25 എംഎംഎസ‍്സിഎംഡി വരെ നഷ്ടപ്പെട്ടിരുന്നു.

