Site iconSite icon Janayugom Online

നവകേരള സദസ്: അപേക്ഷകളില്‍ ഈ മാസം തന്നെ നടപടിയെന്ന് തദ്ദേശ വകുപ്പ്

തദ്ദേശ സ്വയം ഭരണ വകുപ്പുമായി ബന്ധപ്പെട്ട് നവകേരള സദസില്‍ ലഭിച്ച എല്ലാ അപേക്ഷകളിലും ഈ മാസം 31 നകം പരിഹാര നടപടി സ്വീകരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്. കൗണ്ടറുകളിൽ ലഭിച്ച 1,59,168 അപേക്ഷകളാണ് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ജില്ലാതല സംവിധാനങ്ങളിലേക്ക് ഇതുവരെ കൈമാറിയിട്ടുള്ളത്. ഈ അപേക്ഷകള്‍ തീർപ്പാക്കാനുള്ള നടപടികള്‍ മികച്ച നിലയിലാണ് പുരോഗമിക്കുന്നത്.

മുഴുവൻ അപേക്ഷകളും തീർപ്പാക്കിയെന്ന് ഉറപ്പാക്കാനായി 22, 23, 24 തീയതികളിൽ ജില്ലാതലത്തിൽ സ്പെഷ്യൽ ഡ്രൈവ് നടത്തും. ഇതിനായി സ്ഥിരം അദാലത്തിന്റെ താലൂക്ക് തല പ്രത്യേക സിറ്റിങ് നടത്തും. ജില്ലാ ഓഫിസർമാർക്ക് താലൂക്കുകള്‍ തിരിച്ച് ചുമതല നൽകി എല്ലാ അപേക്ഷകളിലും നടപടി സ്വീകരിച്ചു എന്ന് ഈ ഡ്രൈവുകളിൽ ഉറപ്പാക്കും. 63 ഇന്റേണൽ വിജിലൻസ് ഓഫിസർമാർക്കും, ജില്ലാ ഓഫിസുകളിൽ പ്രവൃത്തിച്ചുവരുന്ന 15 അസിസ്റ്റന്റ് ഡയറക്ടർമാർക്കുമാകും താലൂക്ക് തിരിച്ചുള്ള ചുമതല.

ജോയിന്റ് ഡയറക്ടർ ഓഫിസിലെ ജീവനക്കാരെ കൂടി ഉള്‍പ്പെടുത്തിയാകും ഈ പരിശോധന. ജോയിന്റ് ഡയറക്ടർമാർക്ക് വേണ്ടി അവരുമായി ചർച്ച ചെയ്ത് തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അധികാരം ഈ ഓഫിസർമാർക്ക് നൽകും. 24 നകം ഈ നടപടികള്‍ പൂർത്തിയാക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ വരുന്ന ലൈഫ്, കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ വിഷയ മേഖലകളിലെ നിവേദനങ്ങളിന്മേലും അതാത് ജില്ലാതല ഉദ്യോഗസ്ഥർ ഇതേ തീയതികളിൽ ഡ്രൈവിന്റെ ഭാഗമായി പ്രത്യേകം പ്രത്യേകം നടപടി സ്വീകരിക്കും.

ജില്ലാ തലത്തിൽ തീർപ്പാക്കാനാകാത്തതും സംസ്ഥാന തലത്തിലേക്ക് കൈമാറേണ്ടതുമായ അപേക്ഷകള്‍ ഓരോന്നും ജോയിന്റ് ഡയറക്ടർമാരുടെ തലത്തിൽക്കൂടി വിശദമായി പരിശോധിച്ച് 24 നകം പ്രിൻസിപ്പൽ ഡയറക്ടർക്ക് കൈമാറും. കൈമാറി വരുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ പ്രത്യേക സെൽ രൂപീകരിക്കും. 27, 28, 29 തീയതികളിൽ പ്രത്യേക ഡ്രൈവ് പ്രിൻസിപ്പൽ ഡയറക്ടർ തലത്തിൽ നടത്തും.

ലൈഫ്, കുടുംബശ്രീ, തൊഴിലുറപ്പ് തുടങ്ങിയ വിഷയ മേഖലകളിലും സമാനമായ ക്രമീകരണം സംസ്ഥാനതലത്തിൽ ഏർപ്പെടുത്തും. ഈ പരിഗണനയ്ക്ക് ശേഷവും നിയമപരമായ സങ്കീർണതകളുള്ള വിഷയങ്ങള്‍ സർക്കാർ തലത്തിൽ പരിഗണിക്കാനായി കൈമാറും.
എല്ലാ പരാതിയിന്മേലും സ്വീകരിക്കുന്ന നടപടികള്‍ അതാത് സമയം അപേക്ഷകരെ അറിയിക്കാൻ മന്ത്രി നിർദേശിച്ചു.

ജില്ലാതലത്തിൽ പരിഹാരമായാലും സംസ്ഥാനതലത്തിലേക്ക് കൈമാറിയാലും വിശദമായ വിവരം അപേക്ഷ സമർപ്പിച്ചയാളെ രേഖാമൂലം അറിയിക്കും. ദീർഘകാല നടപടികള്‍ ആവശ്യമായ അപേക്ഷകളിന്മേൽ പ്രാഥമിക നടപടികള്‍ സ്വീകരിക്കുന്നതും, തുടർ നടപടികളുടെ പുരോഗതി അറിയുന്നതിനായി ചുമതലപ്പെട്ട ഓഫിസറുടെ തസ്തികയും ഒഫിഷ്യൽ മൊബൈൽ നമ്പറും മറുപടിയിൽ ഉള്‍പ്പെടുത്തി അപേക്ഷകരെ അറിയിക്കും. ഏതെങ്കിലും അപേക്ഷയിൽ പരാതിക്കാരനെ കേള്‍ക്കേണ്ട ആവശ്യം വന്നാൽ, അറിയിപ്പ് മുൻകൂട്ടി തന്നെ നൽകി ടെലിഫോൺ മുഖേനയോ ഓൺലൈൻ മുഖേനയോ കേള്‍ക്കും.

ഓൺലൈൻ ഹിയറിങിൽ പങ്കെടുക്കുന്നതിന് അപേക്ഷകര്‍ ആവശ്യപ്പെടുന്ന പക്ഷം അവരാവശ്യപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ സൗകര്യം ചെയ്തുനൽകും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് തീർപ്പ് ലഭിക്കാത്തതിനാൽ നൽകിയ അപേക്ഷകള്‍ ചിലയിടങ്ങളിൽ അതേ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് കൈമാറി നൽകിയ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ അപേക്ഷകള്‍ ഉടൻ തന്നെ ഉയർന്ന തലങ്ങളിൽ പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

Eng­lish Sum­ma­ry: Navak­er­ala Sadas: Min­is­ter MB Rajesh said that the appli­ca­tions will be processed this month
You may also like this video

Exit mobile version