Site iconSite icon Janayugom Online

അചഞ്ചലമായ പിന്തുണ…ഒഴുകിയെത്തി ജനസഞ്ചയം

ജില്ലയില്‍ നവകേരളസദസിന്റെ രണ്ടാംദിനത്തിലും സര്‍ക്കാരിനുള്ള അചഞ്ചലമായ പിന്തുണയുമായി ജനക്കൂട്ടം ഒഴുകിയെത്തി. എതിര്‍പ്പുകളെയും അപവാദപ്രചരണങ്ങളെയും അവഗണിച്ചുകൊണ്ടാണ് ഓരോ മണ്ഡലങ്ങളിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ജനങ്ങള്‍ ആവേശത്തോടെ വരവേറ്റത്. കടന്നുവരുന്ന വീഥികളിലാകെ ജനങ്ങൾ കാത്തുനിന്ന് ജനനായകര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുകയായിരുന്നു.
ഇന്നലെ അഴീക്കോട്, കണ്ണൂര്‍, ധര്‍മ്മടം, തലശ്ശേരി എന്നിവിടങ്ങളിലാണ് നവകേരളസദസ് നടന്നത്. അഴീക്കോട് മന്ന ചിറക്കല്‍ പഞ്ചായത്ത് സ്റ്റേഡിയത്തിലും കണ്ണൂര്‍ മണ്ഡലത്തില്‍ കളക്ടറേറ്റ് മൈതാനത്തും.

ധര്‍മ്മടത്ത് പിണറായി കണ്‍വെന്‍ഷന്‍ സെന്ററിലും തലശേരിയില്‍ തലശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിലുമായാണ് സദസ് സംഘടിപ്പിച്ചത്. ഇന്ന് രാവിലെ 11 ന് കൂത്തുപറമ്പ് മണ്ഡലത്തില്‍ പാനൂരിലെ നുച്ചിക്കാട് മൈതാനത്തും, ഉച്ചക്ക് മൂന്നിന് മട്ടന്നൂര്‍ മണ്ഡലത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം ഗേറ്റിലും വൈകിട്ട് നാലരയ്ക്ക് പേരാവൂര്‍ മണ്ഡലത്തില്‍ ഇരിട്ടി പയഞ്ചേരിമുക്കിന് സമീപത്തെ മൈതാനത്തും നവകേരളസദസ് നടക്കും.

നവകേരള സദസ് ആരംഭിക്കുന്നതിന് മൂന്നു മണിക്കൂര്‍ മുമ്പുതന്നെ നിവേദനങ്ങള്‍ സ്വീകരിച്ചു തുടങ്ങും. ഇവ മുഴുവനും സ്വീകരിക്കുന്നതു വരെ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. മുതിര്‍ന്ന പൗരന്‍മാര്‍, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്. ലഭിക്കുന്ന നിവേദനങ്ങളും പരാതികളും വേഗത്തില്‍ തീര്‍പ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്.
നിവേദനങ്ങളുടെയും പരാതികളുടെയും സ്ഥിതി www.navakeralasadas.kerala.gov.in എന്ന വെബ്സൈറ്റില്‍ നിന്ന് അറിയാനാകും. രണ്ടു ദിവസത്തെ അനുഭവം മുന്‍ നിര്‍ത്തി ഇനി മുതല്‍ ഓരോ കേന്ദ്രത്തിലും നവകേരള സദസിന്റെ വേദികളോടനുബന്ധിച്ച് നിവേദനങ്ങളും പരാതികളും സ്വീകരിക്കുന്ന 20 കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.

You may also like this video

Exit mobile version